പരിസ്ഥിതി സൗഹൃദ ജനപക്ഷ കേരളത്തിനായി ജനകീയ കൂട്ടായ്മ




കോർപ്പറേറ്റ് ആഭിമുഖ്യ പുനർനിർമ്മാണമല്ല വേണ്ടത്, ജനപക്ഷ പരിസ്ഥിതി സൗഹൃദ കേരളം കെട്ടിപ്പടുക്കുക എന്ന മുദ്രാവാക്യം ഉയർത്തി ജനകീയ കൂട്ടായ്മ. നിയമസഭയില്‍ നവകേരള നിര്‍മാണത്തെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്ന ആഗസ്റ്റ് 30 ന് രാവിലെ മുതല്‍ സെക്രട്ടേറിയറ്റിനു മുന്നിൽ ജനസഭ സംഘടിപ്പിക്കും.  സി പി ഐ(എം എല്‍) റെഡ്സ്റ്റാര്‍, പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി, തീരദേശ വനിതാ ഫെഡറേഷന്‍, പുതുവൈപ്പ് എല്‍ പി ജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതി തുടങ്ങിയ സംഘടനകളും പരിസ്ഥിതി സാമൂഹ്യ രംഗത്തെ പ്രവർത്തകരും ചേർന്നാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. 

 

കൂട്ടായ്മ മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍ 

 

1. ദുരിതാശ്വാസ ക്യാമ്പുകളായ സ്‌ക്കൂളുകള്‍ തുറക്കാനിരിക്കെ വീടുകളിലേക്ക് പോകാനാവാത്തവര്‍ക്ക് കേരളത്തില്‍ ഒഴിഞ്ഞുകിടക്കുന്ന ഫ്‌ളാറ്റുകളും വീടുകളും റിസോര്‍ട്ടുകളും റിലീഫ് ക്യാമ്പുകളായി സര്‍ക്കാര്‍ ഉടന്‍ തുറന്നുകൊടുക്കണം. ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍, രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരെക്കൂടി പങ്കാളികളാക്കി ജനകീയ മേല്‍നോട്ട കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുനരധിവാസം നടപ്പാക്കണം.


2. നിശ്ചിത തുക പണമായി വിതരണം ചെയ്യുന്നതിനേക്കാള്‍  ദുരിതബാധിതര്‍ക്ക് അവശ്യവസ്തുക്കളും ഉപജീവനവും ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കേണ്ടത്.  ഉപഭോഗവിപണിയെ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റ് കച്ചവട ശക്തികള്‍ക്ക് കൊള്ളക്കവസരമുണ്ടാകാത്ത തരത്തില്‍ പൊതു വിപണിയിലെ ഇടപെടല്‍ അടിയന്തരമായി ശക്തിപ്പെടുത്തണം.


3. പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജനകീയാവശ്യങ്ങള്‍ക്കുതകുന്നതും പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുന്നതുമായിരിക്കണം. 


4. ദുരിതബാധിതരായ മുഴുവന്‍ കര്‍ഷകരുടെയും കടം എഴുതിത്തള്ളുകയും കാര്‍ഷിക പുനരധിവാസപദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും വേണം.


5. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുക. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയ സോണ്‍ വണ്‍ ലെ ക്വാറി, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുക. ഇതിനായി പശ്ചിമഘട്ടമേഖലയിലേതുള്‍പ്പെടെ നിയമവിരുദ്ധരായ എല്ലാ കയ്യേറ്റ ഭൂമാഫിയകളെയും പുറത്താക്കുക. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം തകര്‍ന്ന പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലകളിലെ റിസോര്‍ട്ടുകളും കെട്ടിട സമുച്ചയങ്ങളും പുനര്‍നിര്‍മിക്കാതിരിക്കുകയും അവശേഷിക്കുന്നവ അടച്ചുപൂട്ടുകയും വേണം. 


6. അതിവൃഷ്ടിയുടെ ആഘാതത്തെ ചെറുക്കാനുള്ള മണ്ണിന്റെയും പുഴകളുടെയും സ്വാഭാവിക ശേഷിയെ തടസപ്പെടുത്തുന്ന എല്ലാ നിര്‍മാണങ്ങളും കയ്യേറ്റങ്ങളും അവസാനിപ്പിക്കുക. പുഴതീരങ്ങളില്‍ കൃഷിമാത്രം അനുവദിക്കുക. പ്രളയാനന്തരം അവസരം കാത്തുകഴിയുന്ന മണല്‍, മണ്ണ് മാഫിയകളെ നിലക്കു നിര്‍ത്തുക.


7. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി പിന്‍വലിക്കുക. കൃഷിക്കും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കുക.


8. നിര്‍ബന്ധിത കുടിയൊഴിപ്പിക്കലുകളില്‍ ഊന്നുന്നതും പിപിപി മാതൃകയിലുള്ളതുമായ എല്ലാ റോഡുവികസന പദ്ധതികളും ശാസ്ത്രീയ ഭൂവിനിയോഗവും ജനകീയ താല്‍പര്യങ്ങളും മുന്‍നിര്‍ത്തി അവസാനിപ്പിക്കുക. തീരദേശ-മലയോര ഹൈവേ പദ്ധതികള്‍ നിര്‍ത്തിവെക്കുക.


9. സംസ്ഥനത്തിനു വന്‍ സാമ്പത്തിക ബാദ്ധ്യതയും കൊടിയ പരിസ്ഥിതി വിനാശവും വരുത്തിവെക്കുന്നതും മത്സ്യത്തൊഴിലാളികളുടെ വാസസ്ഥലങ്ങളും ഉപജീവനവും ഇല്ലാതാക്കുന്നതുമായ വിഴിഞ്ഞം പദ്ധതി, ആലപ്പാട്- ആറാട്ടുപുഴ മേഖലയിലെ കരിമണല്‍ഖനനം, പുതുവൈപ്പിലെ ഐഒസി പ്ലാന്റ്, ഗയില്‍ പദ്ധതി തുടങ്ങിവ ഉപേക്ഷിക്കുക. മത്സ്യമേഖലയെ തകര്‍ക്കുംവിധം ഏലൂര്‍ ഫാക്ടറികളില്‍നിന്നും, നീറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്നും ചവറ കെഎംഎല്‍എല്‍ നിന്നും കടലിലേക്കും നദികളിലേക്കും വിഷമാലിന്യം തള്ളുന്നതിനറുതി വരുത്തുക. 


10. കേരളീയരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ടും തമിഴ്‌നാടിന് ജലം ലഭ്യമാകുന്നവിധത്തിലും ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് ടണല്‍ നിര്‍മാണം ഉള്‍പ്പെടെയുള്ള സാങ്കേതിക സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കുക. പശ്ചിമഘട്ടമേഖലയില്‍ പുതിയ ഡാമുകള്‍ക്ക് ഇനി പ്രസക്തിയേയില്ല. ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് സോളാര്‍ ഉള്‍പ്പെടെയുള്ള ബദല്‍ സ്രോതസുകള്‍ തേടുക.


11. നികുതി-സെസ്സുകള്‍ ഏര്‍പ്പെടുത്തി സ്വകാര്യവാഹന ഉപഭോഗത്തെ നിരുത്സാഹപ്പെടുത്തുക, സബ്‌സിഡികള്‍ നല്‍കിയും യാത്രാനിരക്കുകള്‍ കുറച്ചും പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുക.


12. കേരളമോഡല്‍ വികസനത്തിലൂടെ വന്‍നേട്ടമുണ്ടാക്കിയ അതിസമ്പന്ന-കോര്‍പ്പറേറ്റ്  വിഭാഗങ്ങളിലൂന്നി പുനരധിവാസത്തിനും സുസ്ഥിരവികസനത്തിനുമുള്ള ഫണ്ട് കണ്ടെത്തുക. 


13. ഫെഡറല്‍ ഘടനയെ തകര്‍ത്ത്, ജനങ്ങള്‍ക്കുമേല്‍ വമ്പിച്ച വിലക്കയറ്റം അടിച്ചേല്‍പ്പിച്ച ജി എസ് ടി യുടെ മേല്‍ വീണ്ടും പത്തു ശതമാനം സെസ് ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ജനദ്രോഹമാണ്. ഇതടക്കം കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന നവഉദാര നയങ്ങള്‍ തിരുത്തുക. 


14. പ്രകൃതിദുരന്തത്തിന്റെ കാര്യത്തില്‍ പോലും സംസ്ഥാനത്തിന്റെ ഫെഡറല്‍ അവകാശങ്ങളെ ഹനിക്കുന്നതും ആവശ്യമായ ഫണ്ട് നിഷേധിക്കുന്നതുമായ കേന്ദ്ര കാവിഭരണത്തിനെതിരെ സമാനമനസ്‌ക്കരായ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പൊതുവേദി കെട്ടിപ്പടുക്കുക. 


15. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെയും കേരളത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷതകളുടെയും പശ്ചാത്തലത്തില്‍ കാലാവസ്ഥാ നിരീക്ഷണവും ദുരന്തനിവാരണവും പരിഗണനയിലെടുക്കുന്ന കര്‍മപദ്ധതികള്‍ ആവിഷ്‌ക്കരിക്കുക. കാലാവസ്ഥ ശാസ്ത്രജ്ഞരുടെയും പരിസ്ഥിതി വിദഗ്ധരുടെയും മുന്‍കയ്യില്‍ സമഗ്രമായ ഡാം മാനേജ്‌മെന്റ്, ഫ്‌ളഡ് ഏരിയാ മാപ്പിങ്ങ്, ദുരന്തനിവാരണ മോണിട്ടറിങ്ങ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും സുതാര്യമാക്കുകയും ചെയ്യുക.


16. പരിസ്ഥിതി സന്തുലനവും ജനങ്ങളുടെ ഉപജീവനവും, ആദിവാസികള്‍, ദളിതര്‍, മത്സ്യതൊഴിലാളികള്‍, സ്ത്രീകള്‍ തുടങ്ങിയ പാര്‍ശ്വവല്‍കൃത-മര്‍ദ്ദിത വിഭാഗങ്ങളുടെ സവിശേഷ അവകാശങ്ങളും ഉറപ്പുവരുത്തക്കവിധം കേരള വികസന കാഴ്ചപ്പാടുകളെ സമൂലമായ പുനഃപരിശോധനക്ക് വിധേയമാക്കുക.


17. പ്രളയദുരന്ത തീവ്രത വര്‍ദ്ധിപ്പിക്കുന്നതില്‍ ഭരണരംഗത്തെ കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും വഹിച്ച പങ്കിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുക.
നവകേരള നിര്‍മാണം എന്ന പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍  വികസനത്തിന്റെ മറവില്‍ ഇതോടകം വരുത്തിവെച്ച തെറ്റുകള്‍ ആവര്‍ത്തിക്കുന്നതിന് ഇടയായിക്കൂടാ. പരിസ്ഥിതി സൗഹൃദവും ജനപക്ഷ വികസനത്തിലൂന്നുന്നതുമായ ഒരു കേരളം കെട്ടിപ്പടുക്കുന്നതിന് മുകളില്‍നിന്നും കെട്ടിയിറക്കിയ പദ്ധതികള്‍ക്കാവില്ല. നയതീരുമാനം മുതല്‍ നടത്തിപ്പുവരെ എല്ലാതലങ്ങളിലും ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment