നിളയിലെ മണലൊഴുക്കുകൾ




കടൽ തീരത്തോ പുഴയരികിലോയിരുന്നു മണൽ കൈകുമ്പിളിലെടുത്തു കളിക്കാത്തവരാരുണ്ട്, കൗതുകത്തോടെ നാം ആ മണൽ തരികളെ നോക്കുമ്പോളോർമ്മ വരാറ് പണ്ടെങ്ങോ വായിച്ചു പോയ മണലിൻറ കഥ പറയുന്ന ജവഹർലാൽ നെഹ്റുവിന്റെ ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന പുസ്തകത്തിലെ ഒന്നാം അദ്ധ്യായമാണ്. ഇന്നു നാം കാണുന്നതോ കലികാലത്തെ വാഹനമായ പ്രൊക്ളൈനറിന്റെ വലിയ  ബക്കറ്റിൽ  പതിനായിരകണക്കിനു വർഷങ്ങളുടെ  കഥപറയാനുള്ള പഞ്ചാര മണൽ കോരിയെടുത്ത് ലോറിയിലേക്കിട്ട് നദിയെ കൊല്ലുന്ന കാഴ്ച. ശക്തിയില്ലാതെ ശിവനില്ലെന്നതു പോലെയാണ് നിളയെ സംബന്ധിച്ചിടത്തോളം, മണലും ജലവും തമ്മിലുള്ള ബന്ധം. 


സിലിക്കൺ ഡയോക്സൈഡ് എന്ന മണൽ, പുഴയിലെ അനാവശ്യമായ വസ്തുവല്ല, മറിച്ച് പുഴയെന്ന ജൈവ ആവാസ വ്യവസ്ഥിതിയുടെ ഭാഗമാണ്. പ്രകൃതി ദത്തമായ ജല സംഭരണി കൂടിയാണ് മണൽ. ജലത്തിന്റെ  ഒഴുക്കിനെ നിയന്ത്രിക്കൂകയും ജലമൊഴുകാനുള്ള പാതപോലെ വർത്തിക്കുകയും ചെയ്യുന്നു. നിളയൊഴുകി വരുന്നത് സമുദ്രനിരപ്പിൽ നിന്നും 1964 അടി ഉയരത്തെ പശ്ചിമ ഘട്ടത്തിലെ ആനമലയിൽ നിന്നും, സമുദ്രത്തെ ലക്ഷ്യമാക്കി ഗുരുത്വാകർഷണത്താൽ  പടിഞ്ഞാറോട്ട് അതി വേഗത്തിൽ താഴോട്ടൊഴുകും. ഏതൊരു പുഴയുടെയും ഉത്ഭവ സ്ഥാനത്തുനിന്നും ഒഴുകിവരുമ്പോൾ ഒഴുക്കിന്റെ പ്രവേഗം കൂടുകയും തന്മൂലം അതിലെ ജലം എല്ലാറ്റിനെയും വഹിച്ച്  അതിവേഗം താഴോട്ടൊഴുകി കൊണ്ടിരിക്കുകയും ചെയ്യും. എന്നാൽ കൂടുതൽ കൈവഴികൾ ചേരുന്നതോടുകൂടി പുഴയുടെ വീതി വർദ്ധിക്കുകയും ഒഴുക്കിന്റെ വേഗം കുറയുകയും ചെയ്യുന്നു. അങ്ങിനെ ചിറ്റൂർ പുഴയും, കൽപ്പാത്തി പുഴയും, കഴിഞ്ഞ് ഗായത്രീ പുഴകൂടി ചേരുന്നതോടുകൂടി ഒഴുക്കിന്റെ വേഗത കുറയുകയും അതിനാൽ അവിടെ എത്തുന്നതോടെ പുഴയിലെ മണലിന്റെ നിക്ഷേപം വർദ്ധിക്കുകയും ചെയ്യുന്നു. 


പുഴയിലെ വെള്ളമെന്നത് വൃഷ്ടി പ്രദേശത്തെ ആശ്രയിച്ചാണല്ലോ ഇരിക്കുന്നത്. അതിനാൽ വ്യത്യസ്തമായ വൃഷ്ടി പ്രദേശത്തു നിന്നും വരുന്ന വെള്ളത്തെ മണൽ ശുദ്ധീകരിക്കുന്നു.  മാത്രമല്ല അഴിമുഖത്തോടു ചേർന്നു കിടക്കുന്നിടത്തും ഇതേ പ്രവൃത്തി മണൽ നടത്തി ശുദ്ധജലത്തിന്റെ ഗുണം നിലനിർത്തുന്നു. അനേക ഇനത്തിൽ പെട്ട ശുദ്ധ ജല മത്സ്യങ്ങളും മറ്റു ജീവികളും പ്രജനനത്തിനായി മണലിനെയാണ് അവ ആശ്രയിച്ചു വരുന്നത്. പുഴയിലെ അപരിമിതമായ മണലെടുപ്പ് അവയുടെ നിലനിൽപ്പിനെ പരോക്ഷമായി ബാധിക്കുകയും ആവാസ വ്യവസ്ഥയെ തകർക്കുകയും ചെയ്യുന്നു. ജീവിക്കുവാൻ നമുക്ക് മാത്രമല്ല അവകാശം എന്ന യാഥാർത്ഥ്യം നിർഭാഗ്യവശാൽ  ഇപ്പോഴും നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.


വർഷക്കാലങ്ങളിൽ കലങ്ങി മറിഞ്ഞ് കുത്തിയൊഴുകി രക്തവർണ്ണമായ പുഴയെ  ശാന്തമാക്കി, ജലത്തെ ശുദ്ധീകരിച്ച് അധികം താമസിയാതെ  നീലവർണ്ണമാക്കുന്നത് മണലാണ്. കലങ്ങി മറിഞ്ഞ് മണലും ചരലുകളും കൂടിയ ഈ പുഴ വെള്ളം കര കവിഞ്ഞ് പുറത്തേയ്ക്ക് പ്രളയ മായൊഴുകുമ്പോൾ സമീപത്തെ പ്രകൃതി ദത്തമായ ഫ്ളഡ് ബാങ്കുകളായ പാടശേഖരങ്ങിൽ പുഴ മണൽ അടിഞ്ഞ് മണ്ണിൻറ അമ്ളത്വം നിയന്ത്രിച്ച് ഫലഭൂയിഷ്ടമാക്കുന്നു. പുല്ലിനത്തിൽ പെട്ട നെല്ല് നന്നായി വിളയുന്നതും ഇത്തരം ഭൂപ്രദേശങ്ങളിലാണ്. മറ്റൊരു പുല്ലിനമായ മുള മണ്ണൊലിപ്പ് തടഞ്ഞ് തീരങ്ങളെ സംരക്ഷിക്കുന്നു. ഈജിപ്ഷ്യൻ മുതൽ മോഹൻജദാരോ ഹാരപ്പൻ സംസ്കാരങ്ങൾ വരെ നദീതീരത്ത് വളർന്നുവരുവാനുള്ള കാരണവും ഇതല്ലാതെ മറ്റൊന്നുമല്ല.,


നമ്മുടെ നാട്ടിൽ അന്യം നിന്നു കൊണ്ടിരിക്കുന്ന ബ്രഹ്മി (Bocopa Monnieri ), വയൽ ചുള്ളി (Hygrophilla ), മാങ്ങാനാറി (Lindernia ), കഞ്ഞുണ്ണി (Eclipta Albai) എന്നിവ മണൽ കലർന്ന ഇത്തരം പ്രദേശങ്ങളിൽ (പാട വരമ്പത്ത് ) ഒരുകാലത്ത് ധാരാളമായി വളർന്നിരുന്നു. ഇവയുടെ ഔഷധമൂല്യത്തെ കുറിച്ച് പ്രത്യേകം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ? പുഴയിലെ മണൽ നഷ്ടപ്പെടുന്നതോടുകൂടി സമീപ പ്രദേശത്തെ മണ്ണിൻറ ഘടനയ്ക്കു വലിയ മാറ്റം സംഭവിക്കുകയും, തന്മൂലം പാടം പെട്ടെന്ന് ഉണങ്ങി വരണ്ട് വിള്ളുകയും ചെയ്യുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. മണ്ണിലുള്ളതും അല്ലാത്തതുമായ സൂക്ഷ്മ ജീവികളുടെ നാശത്തിന് ഇത് കാരണമാകുന്നു. ഗുണമേന്മ നഷ്ടപ്പെടുന്ന മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയുകയും ഇത് കാർഷികോത്പാദനത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.


പുഴയോടു ചേർന്ന് ജലം കെട്ടി നിൽക്കുന്ന  തീരത്തെ മണലിൽ വളരുന്ന  കല്ലുവഞ്ചി (Rotula Aquatica ) ഔഷധപ്രാധാന്യമുള്ള  ചെടിയാണ്. എന്നാലിന്ന് ഇത് ഭൂരിഭാഗവും നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കാലവർഷം കഴിഞ്ഞാലും മണൽ തരികൾക്കിടയിൽ സംഭരിച്ചിട്ടുള്ള ജലം സമീപ പ്രദേശത്ത് സുമാർ 500 മീറ്റർ  മുതൽ ഒരു കിലോമീറ്റർ വരെയുള്ള കിണർ, കുളങ്ങൾ, മുതലായ ജലാശയങ്ങളുടെ നീരുറവയ്ക്ക് കാരണമാകും. പുഴയിലെ മണൽ (river bed ) നിൽക്കുന്നതോ കളിമണ്ണിനു മേലെയാണ്. ജലം താഴോട്ട്  ഇറങ്ങിപോകുന്നതിന് ഒരു തടസ്സമായി ഇതു നിൽക്കുന്നതിനാൽ മണലിലെ ജല സംഭരണം വർദ്ധിയ്ക്കും. ഇന്ന് പുഴയിൽ നിന്നും മണലെടുത്ത് പുഴയുടെ അടിയിലുള്ള കളിമൺ തിട്ടയിലൂടെയാണ് പുഴയൊഴുകുന്നത് അതിനാൽ വെളളം അല്പം പോലും സംഭരിക്കാതെ ഒഴുകിപ്പോകുകയും ഇതു വരൾച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നു. അതിനാൽ പുഴയിലെ മണലിനെ സംരക്ഷിക്കുക എന്നത് നമ്മുടെ അതിജീവനത്തിന് അത്യന്താപേക്ഷിതമാണ്. 


എന്നാലിന്ന് വികസനത്തിൻറ പേരിൽ നടക്കുന്ന ചൂഷണം വൻതോതിലുള്ള മണലെടുപ്പിന് കാരണമാകുന്നു. പ്രകൃതി വിഭവങ്ങൾ പരിമിതവും പ്രകൃതിയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതവുമാണെന്ന യാഥാർത്ഥ്യം നമുക്കിന്ന് തീരെയില്ല. പരിമിതമായ വിഭവങ്ങളുടെ പരമാവധി ചൂഷണമെന്ന ആധുനിക മാനേജ്മെൻറ് സിദ്ധാന്തത്തിലൂന്നി  പ്രകൃതിയെ കൈകാര്യം ചെയ്യുന്നത് വൻ വിപത്തിനു കാരണമാകും. മാനവരാശിയെ മുച്ചോടെ നശിപ്പിക്കുവാനേ ഇത്തരം ആശയത്തിനു കഴിയൂ. കേരളം അനുഭവിച്ച രണ്ടു പ്രളയ ദുരന്തങ്ങളും ഇതിനെ സാധൂകരിക്കുന്നു. 


ഭൂ പ്രകൃതിയുടെ പ്രത്യേകതകളാൽ ഭാരതപ്പുഴയിലെ മണൽ തരികൾ സവിശേഷമായതിനാൽ, ഈ മണലിന് കമ്പോളത്തിൽ നല്ല ആവശ്യകതയുണ്ടായിരുന്നു. അതിനാൽ തന്നെ പാലക്കാടിനോട് ചേർന്ന് കിടക്കുന്ന തമിഴ്നാട്ടിലേക്കും ഭാരതപുഴയിലെ മണലിന് ആവശ്യക്കാർ ഏറെയായിരുന്നു.


എൺപതുകൾക്കു ശേഷം കേരളത്തിൽ ഗൾഫ് പണം കെട്ടിട നിർമ്മാണത്തിലേക്ക് പ്രവഹിക്കുകയും തന്മൂലം നിർമ്മാണ പ്രവർത്തനങ്ങൾക്കായി  അനിയന്ത്രിതമായി മണൽ ഉപയോഗിച്ചത്,  തൊണ്ണൂറുകളാകുമ്പോഴേക്കും പുഴയിലെ മണൽ വൻതോതിൽ എടുത്തു പോകുന്ന അവസ്ഥയിലേക്ക് എത്തപ്പെടുകയും ചെയ്തു. മണൽ വേഗത്തിലെടുക്കുന്നതിനായി പുഴയുടെ തീരത്തെ ആശ്രയിച്ചത് പലയിടങ്ങളിലും വലിയ ഗർത്തങ്ങൾ രൂപപ്പെടുന്നതിന് കാരണമായി. മാത്രമല്ല പലയിടത്തും അടിത്തട്ടിലെ ചേറും കളിമണ്ണും കണ്ടു തുടങ്ങുകയും  ഇതു  വലിയ തോതിൽ പുഴയുടെ അതിരുകൾ ഇടിക്കുകയും പുഴയുടെ ഒഴുക്കിനെപ്പോലും ബാധിക്കുന്ന അവസ്ഥയ്ക്ക് പ്രധാന കാരണമാവുകയും ചെയ്തു. നീരൊഴുക്ക് പുഴയുടെ അരികിലേക്കു ഒതുക്കപ്പെടുകയും മറ്റിടങ്ങളിൽ തിട്ടകൾ രൂപപ്പെടുകയുമുണ്ടായി. വർഷക്കാലത്തെ കുത്തൊഴുക്കിൽ വലിയ മണ്ണൊലിപ്പു കൂടി സംഭവിച്ചതോടുകൂടി ചരലും മറ്റും അടങ്ങിയ മണ്ണ് ഇത്തരം തിട്ടകൾക്കു മേലെ നിക്ഷേപിക്കപ്പെട്ടു. ഒഴുക്കിൽ അടിഞ്ഞുകൂടിയ നാളികേരങ്ങളും കരിമ്പന വിത്തുകളും ഇത്തരം തിട്ടകളിൽ വളർന്നതോടുകൂടി പുതിയൊരാവാസവ്യവസ്ഥ അവിടെ രൂപപ്പെട്ടു. ആറ്റു വഞ്ചി എന്ന പുല്ല് വ്യാപകമായി ഇവിടെ വളർന്നത് അവിടുത്തെ മണ്ണൊലിപ്പ് തടഞ്ഞു, തൻമൂലം ഇത്തരം തിട്ടകൾ ശക്തമായി. ഇതു പുഴയുടെ ഗതികളെ മാറ്റി, കാലവർഷത്തിൽ പലയിടങ്ങളും അതിരുകൾ ഇടിഞ്ഞെന്നു മാത്രമല്ല ജലത്തിന്റെ സംഭരണ ശക്തി,കുറയുകയും അത് സമീപ പ്രദേശങ്ങളിൽ ജലക്ഷാമത്തിനും കാരണമാവുകയും ചെയ്തു.


പുഴയുടെ തീരങ്ങളോട് ചേർന്നുള്ള കൃഷിയിടങ്ങൾ നികത്തി കെട്ടിടങ്ങൾ നിർമ്മിച്ചത് വർഷക്കാലത്ത് പുഴ കരകവിയുമ്പോൾ വരുന്ന പ്രളയ ജലം സംഭരിക്കുവാൻ ഇടമില്ലാതാകാൻ കാരണമാവുകയും തന്മൂലം പുഴ ഗതി മാറിയൊഴുകുകയും വലിയ നാശനഷ്ടങ്ങൾക്കു കാരണമാവുകയും ചെയ്തു. 


മണലെടുപ്പു മൂലം കഴിഞ്ഞ 20 വർഷം കൊണ്ട് ഭാരതപ്പുഴയുടെ മണൽ തിട്ട (റിവർ ബെഡ്) ഏകദേശം 2മുതൽ3 മീറ്റർ ആഴത്തിലേക്കു താഴ്ന്നു. അനിയന്ത്രിതമായ മണൽ വാരൽ തടയുവാനായി കേരളാ നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണ നിയമവും 2001 വന്നെങ്കിലും, കഠിനമായ ശിക്ഷയില്ലാത്തതും, മണൽ പാസ് നൽകുന്നതിലെ അഴിമതിയും ഈ നിയമത്തെ അപ്രസക്തമാക്കി. എന്നാൽ പുഴയിൽ നിന്നും അനുമതിയില്ലാതെ മണലെടുക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിൻറ ജാമ്യമില്ലാ കുറ്റമായ കളവിന്റെ പരിധിയിൽ വരുമെന്ന് ബഹു.കേരളാ ഹൈക്കോടതിയുടെ വ്യാഖ്യാനം വന്നതോടുകൂടി മണൽ കൊള്ളകാർക്ക് ജാമ്യം പെട്ടന്ന് ലഭ്യമല്ലാതാവുകയും ഒരു പരിധിവരെ അനധികൃത മണലെടുപ്പ് കുറയ്ക്കാൻ സാധിക്കുകയും ചെയ്തു. തുടർന്ന് ബഹു സുപ്രീം കോടതി 2019ലെ  കൻവർ പാൽ സിങ്ങ്  വിധിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കളവിന്റെയും, പൊതു മുതൽ നശിപ്പിക്കുന്നത് നിരോധിക്കുന്ന നിയമത്തിന്റെയും  (PDPP Act ) പരിധികളിൽ  അനധികൃത മണലെടുപ്പ് വരുമെന്ന സമീപനം അനധികൃത മണലെടുപ്പ് ഒരു പരിധിവരെ വീണ്ടും കുറച്ചു. 


2018 ലെയും 19ലെയും പ്രളയത്തിൽ  ചിലയിടങ്ങളിൽ വമ്പിച്ച മണൽ ശേഖരം രൂപപ്പെടുവാൻ കാരണമായി. ഈ തിട്ടുകൾ പുതുതായി പുഴയിൽ മണൽ രൂപപ്പെട്ട്  ഒരു ഭാഗത്ത് നിക്ഷേപം നടത്തിയതല്ല, മറിച്ച് ശക്തമായ പുഴയുടെ ഒഴുക്കിൽ, പ്രത്യേകിച്ചും വളവുകളിലെ സമ്മർദ്ദം മൂലം പുഴയിലെ ഒരു ഭാഗത്തെ മണൽ മറ്റൊരു ഭാഗത്തേയ്ക്കു അടിഞ്ഞതായാണ് മനസിലാവുന്നത്.  എന്തെന്നാൽ മണലെന്നത് ഒരു ദിനം കൊണ്ടോ വർഷം കൊണ്ടോ ഉണ്ടാകുന്നതല്ലല്ലോ ? അങ്ങിനെ പുതിയ മണൽ കൂനകൾ പ്രത്യക്ഷപ്പെട്ടു. എന്നാൽ അതിനു സമീപത്തുതന്നെ വലിയ ചാലുകളും രൂപപ്പെട്ടു. മനുഷ്യൻ പോലും ഉൽപ്പന്നമായ (commodity ) ആധുനിക കാലത്ത് വളരെ വിലമതിക്കുന്ന പ്രകൃതി വിഭവമായ മണൽ പലരെയും ആകർഷിച്ചു. കച്ചവടാവശ്യങ്ങൾക്കായി മണലെടുക്കുന്നതിന് പാരിസ്ഥിതിക ആഘാത റിപ്പോർട്ട് ആവശ്യമാണ്, എന്നതിനാൽ ദുരന്ത നിവാരണ നിയമ  പഴുതിലൂടെ മണൽ , നീക്കം (എടുക്കുകയല്ല ) ചെയ്യാം എന്ന ആശയം തന്ത്രപൂർവ്വം രൂപപ്പെട്ടു. ഇത്തരം മണൽ തിട്ടകളാണ് പ്രളയ കാരണമെന്ന അശാസ്ത്രീയ കണ്ടെത്തലുകൾ  വന്നു.  


പട്ടാമ്പി മുതൽ കൂട്ടകടവ് വരെയുള്ള പ്രളയത്തിനു കാരണം വെള്ളിയാങ്കല്ലിലെ ഷട്ടറുകൾ കെടുകാര്യസ്ഥതയാൽ സമയത്തിന്  തുറക്കാൻ കഴിയാതെ വന്നിട്ടുള്ളതാണ്. NIT കോഴിക്കോട് നടത്തിയ പഠനവും റെഗുലേറ്ററിൻറ ആപ്രണും മറ്റുമുണ്ടായ കേടു പാടുകൾക്ക്, മുൻപ് നടന്നിട്ടുള്ള അശാസ്ത്രീയ മണലെടുപ്പ് കാരണമായി ചൂണ്ടികാണിക്കുന്നുണ്ട്. ഇന്നും അതെവിടെയുമെത്താതെ ഷട്ടറുകൾ  തുറന്നിരിക്കുന്നു, മറ്റൊരു ദുരന്തത്തെ-വരൾച്ചയെ- കാത്ത്. തൂതപ്പുഴയും ഭാരതപുഴയും ചേരുന്ന കൂട്ടകടവിൽ നിന്നും സുമാർ 400 മീ താഴെയാണ് പുഴയിൽ വീതി കുറഞ്ഞ സ്ഥലത്തെ കൂട്ടകടവ് റെഗുലേറ്റർ  നിർമ്മാണം. പുഴയുടെ വീതിയുടെ ഇരുപതു ശതമാനത്തോളം ഈ  നിർമ്മാണം മൂലം കുറവു വരും. നിർമ്മാണ സമയത്തെ പ്ളാനിങ്ങിലെ ദീർഘ വീക്ഷണമില്ലായ്മ മൂലമാണ് പുഴയുടെ ഒഴുക്കിന് വിഘാതമായ ഈ നിർമ്മാണം, പ്രത്യേകിച്ചും പുഴയുടെ ഗതി വിക്ഞ്ജാനീയവും(River Dynamics ), സ്വാഭാവിക ചെരിവും (Natural slope ) പരിഗണിക്കാതെയുള്ളത്. കൂടാതെ പുഴയോരത്തെ സ്വാഭാവിക ഫ്ളഡ് ബാങ്കുകളിൽ ( പാടശേഖരങ്ങൾ ) നിർമ്മാണങ്ങൾ വന്നതും ദുരന്തത്തിൻറ ആക്കം വർദ്ധിപ്പിക്കുവാനുള്ള ഏതാനും കാരണങ്ങളാണ്. 


 പരിസ്ഥിതി ആഘാത റിപ്പോർട്ടിന്റെ അഭാവത്തിൽ ഖനനം ചെയ്യുവാനുള്ള ഉത്തരാഖണ്ട് ഹൈക്കോടതിയുടെ 2015ലെ ജയപ്രകാശ് ബധോണി വിധിയെ മറ പിടിച്ചു കൊണ്ടാണ് കേരളത്തിൽ മണൽ വാരലിന് കഴിഞ്ഞ പ്രളയങ്ങളിൽ അധികമായി അടിഞ്ഞു കൂടിയ മണൽ, ചെളി മറ്റു അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്യാൻ കേരള സർക്കാർ 2019 ഡിസംബറിൽ ഉത്തരവിറക്കിയത്. മേൽ വിധിയിൽ ഗംഗാ നദിയുടെ ഒഴുക്കിന് തടസ്സമായ ഡെൽറ്റ (അഴിമുഖം പോലുള്ളിടത്ത് മണ്ണടിയുന്നത് ) രൂപപ്പെട്ട് ഒഴുക്കിനു തടസ്സമായി ഗ്രാമങ്ങൾ മുങ്ങിയതിൽ ആയത് നീക്കുവാൻ ജില്ലാ ദുരന്ത നിവാരണ സമിതി പരിസ്ഥിതി ആഘാത റിപ്പോർട്ട് പരിഗണിക്കാതെ എടുത്തതാണ് കേസിനാസ്പദം. അവിടെ ഡെൽറ്റ രൂപപ്പെട്ടതാണ് ഗ്രാമങ്ങൾ വെള്ളത്തി നടിയിലാകുവാൻ മുഖ്യ കാരണം, എന്നാൽ കേരളത്തിലെ പ്രളയ കാരണം, പ്രത്യേകിച്ചും ഭാരതപ്പുഴയിലേത് അതല്ല. മാത്രമല്ല നേരത്തെ പറഞ്ഞ കേരള നദീതിര സംരക്ഷണ നിയമ പ്രകാരം വിദഗ്ദ  സമിതിയുടെ ശുപാർശ ചെയ്യണം അതിന് CWRDM, CESS, മുതലായ ഏജൻസികളുടെ അഭിപ്രായവും ആരായണം. ഇങ്ങനെയിരിക്കേ ആണ്, ദുരന്ത നിവാരണ നിയമം 33 , 34 വകുപ്പുകളും, മേൽ പറഞ്ഞ വിധിയും മാത്രം ഉപയോഗിച്ച് ആയാസരഹിതമായി മണൽ എടുക്കുന്നത്.  2013 ൽ ബഹു സുപ്രീം കോടതി ധീപക് കുമാർ കേസിൽ പരിസ്ഥിതി ആഘാത ക്ളിയറൻസ് മണൽ ഖനനത്തിന് ആവശ്യമെന്നു പറഞ്ഞു, തുടർന്ന് ദേശീയ ഹരിത ട്രൈബൂണൽ എൻ. ജി.ടി ബാർ അസോസിയേഷൻ വിധിയിൽ മേൽ വിധി എടുത്തു പറയുകയും വനം പരിസ്ഥിതി മന്ത്രാലയത്തിൻറയോ സംസ്ഥാന പരിസ്ഥിതി ആഘാത അസസ്മെൻറ് അതോറിറ്റിയുടെയോ ക്ളിയറൻസ് ആവശ്യമെന്ന് വിധിക്കുകയും ചെയ്തു. ഈ വിധികൾ നിലനിൽക്കെയുള്ള ജല സംഭരണികളിൽ നിന്നും മറ്റും ചളിയും മണലും  എടുക്കുവാൻ ഉള്ള കേരള സർക്കാറിൻറ ഉത്തരവ് മേൽ പറഞ്ഞ വിധികളുടെ ലംഘനമാണ്. 
 

ഇവിടെ നടക്കുന്നത്  യാഥാർത്ഥ നീതിയുടെ നിഷേധമാണ്. വിധികളുടെ ശരിയായ വ്യാഖ്യാനത്തിൻറ അഭാവത്തിലാണിത് നടക്കുന്നത്. മണലെടുപ്പിന്റെ പ്രശ്നങ്ങൾ ചൂണ്ടി കാണിക്കുന്നതിനൊപ്പം, പരിഹാരത്തിനായുള്ള പ്രായോഗിക സമീപനങ്ങളും വേണം. നിയമപരമായ ഇടപെടലുകൾ ശക്തമാക്കുക എന്നതു തന്നെയാണ് ആദ്യം ചെയ്യേണ്ടത്. ഏതൊരു പദ്ധതിയോ, അനുബന്ധമായ മറ്റു നടപടികളോ തുടങ്ങുമ്പോൾ പരിസ്ഥിതി കേന്ത്രീകൃത സമീപനമാണ് തീർത്തും സ്വീകരിക്കേണ്ടത്. കേരളാ നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണ നിയമത്തിൽ ഭേദഗതികളിലൂടെ നിലവിലെ  ശിക്ഷ വർദ്ധിപ്പിക്കുക. അനധികൃതമായി മണലെടുക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കുകയും പോലീസിന് നേരിട്ടെടുക്കാവുന്ന തരത്തിലാക്കുകയും ചെയ്യുക. കണ്ടു കെട്ടുന്ന മണൽ ലേലം ചെയ്യാതെ പുഴയിൽ തിരികെ നിക്ഷേപിക്കത്തക്ക വിധത്തിൽ ഭേദഗതി വരുത്തുക. റിക്ളമേഷൻനായിരിക്കണം ലക്ഷ്യം.
പോലീസ് നിയമത്തിൽ മാറ്റം വരുത്തി ഗ്രീൻ പോലീസ് സംവിധാനം(വിഭാഗം  ) നടപ്പിലാക്കുക. അടുത്ത പത്തു വർഷത്തിന് ഡാമിൽ നിന്നല്ലാതെ യുള്ള മണൽ വാരലിന് നിരോധനമേർപ്പെടുത്തുക.നിർമ്മാണ മേഖലയിലെ അസംസ്കൃത വസ്തുക്കളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. പുഴയിൽ രൂപപ്പെട്ടിട്ടുള്ള തിട്ടുകളിലെ മരങ്ങളും പുൽ കാടുകളും നീക്കം ചെയ്യുക. മണൽ കൂനകൾ തട്ടി നിരത്തുകയോ പുഴയിലെ മണലൊലിച്ചു പോയ ചാലുകളിൽ നിക്ഷേപിക്കുകയോ ചെയ്യുക.  ഡിഫ്ളേക്ടറുകൾ ഉപയോഗിച്ച് മണലിന്റെ ഒലിച്ചു പോക്ക് നിയന്ത്രിക്കുക., ഇവ cwrdm, ced പോലുള്ള ഏജൻസികളുടെ നിർദ്ദേശങ്ങൾക്കും മേൽനോട്ടങ്ങൾക്കും അനുസരിച്ചായിരിക്കണം നടത്തേണ്ടത്. അതിരിടിയുന്നതിനായി ജൈവ വേലി (മുള, കണ്ടൽ, മുതലായവ, ) പുഴയരുകിൽ പിടിപ്പിക്കുകയോ ,ജിയോ ട്യൂബ്സ് പോലുള്ള ആധുനിക പരിസ്ഥിതി സൗഹൃദ മാർഗ്ഗങ്ങൾ ഉപയോഗിക്കുകയോ ചെയ്യാം.


 സർക്കാർ ഏജൻസികൾ തന്നെ ധാരാളം പഠനങ്ങൾ പുഴയെക്കുറിച്ച് നടത്തിയിട്ടുണ്ട്, എന്നാൽ പുഴകൾ കൈകാര്യം ചെയ്യുന്ന ജലവിഭവ വകുപ്പ് ഇക്കാര്യങ്ങൾ പരിഗണിക്കുന്നില്ല അല്ലെങ്കിൽ അവരിലേക്കതു സമയാസമയം എത്തുന്നില്ല. ഇവയുടെ ഏകോപനം അത്യന്താപേക്ഷിതമാണ്.
ചർച്ചകളും സെമിനാറുകളും സജീവമായ ഇക്കാലത്ത് പ്രായോഗികമായ ഇടപെടലിലൂടെ മാത്രമേ നിളയെ സംരക്ഷിക്കുവാൻ കഴിയൂ. 
        
 
"എഴുനേൽക്കുക,  ഉണരുക, ലക്ഷ്യ സ്ഥാനത്തെത്തുംവരെ പ്രവർത്തിക്കുക " എന്ന സ്വാമി വിവേകാനന്ദന്റെ  വാക്കുകൾ ഓർത്തുകൊണ്ട്, നിളയ്ക്കായ് പ്രവർത്തിക്കാം.


അഡ്വ. രാജേഷ് വെങ്ങാലിൽ
9048517183

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment