കീഴാറ്റൂർ: കേരളത്തിലെ പ്രകൃതി നശീകരണ വിപ്ലവത്തിന്റെ തുടക്കം 




കീഴാറ്റൂർ സമരം നെൽകൃഷി നടത്തികൊണ്ടിരുന്ന വയലുകൾ നികത്തി ജലജന്യ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നതിനെതിരായ ഒരു മുന്നേറ്റമായാണ് കാണേണ്ടത്. ഇത് ജനങ്ങളിൽ വർധിച്ച് വരുന്ന പ്രകൃതി സംരക്ഷണത്തിന്റെ സൂചകമാണ്. ഇങ്ങനെ പൊതുബോധത്തിൽ പരിസ്ഥിതി അനുകൂല മാറ്റം രൂപപ്പെടുമ്പോൾ കേരളത്തിലെ പ്രകൃതി - പരിസ്ഥിതിയെ ആകമാനം അട്ടിമറിക്കുന്ന ഒന്നായാണ് 2008 ലെ കേരളാ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.


ഈ ഭേദഗതി നിയമത്തിൽ ഉടനീളം കാണുന്ന കാര്യം നെൽവയൽ തണ്ണീർത്തടങ്ങൾ ജലസംരക്ഷണത്തിന് വേണ്ടി മാത്രമാണ് എന്ന അടിസ്ഥാന സങ്കല്പ്പം മുന്നോട്ട് വെക്കുന്നു എന്നാണ്. എന്നാൽ ജലജന്യ ആവാസവ്യവസ്ഥയെ പറ്റി അഭിസംബോധന ചെയ്യാതെ പോകുന്ന ഈ നിയമം കേരളത്തിലെ പരിസ്ഥിതിയെ ആകമാനം താളം തെറ്റിക്കാൻ ഉതകുന്ന ഒന്നാണ്. 1970 കളിൽ 8 ലക്ഷം ഹെക്റ്ററായിരുന്ന കേരളത്തിലെ നെൽവയലുകൾ 2000 ആയപ്പോഴേക്കും 2 ലക്ഷം ഹെക്ടറായി  ചുരുങ്ങിപോയിരുന്നു. നെൽവയൽ വിസ്തൃതിയുടെ ചുരുക്കം കേരളത്തിന്റെ പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും സാരമായി ബാധിക്കുന്നു എന്ന തിരിച്ചറിവിലാണ് 2008 ൽ  കേരളാ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം കൊണ്ടുവരുന്നത്. നെൽവയൽ തണ്ണീർത്തട സംരക്ഷണം പരിസ്ഥിതി ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിന് വേണ്ടിയല്ല ജലസംരക്ഷണത്തിന്  വേണ്ടിയാണ് എന്ന അടിസ്ഥാനപരമായ വിത്യസമാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്. ഈ ഭദഗതിയിൽ ഒരിടത്തുപോലും പരിസ്ഥിതിയെ അല്ലെങ്കിൽ ആവാസ വ്യവസ്ഥയെ ബാധിക്കുന്ന പരിവർത്തനപ്പെടുത്താൽ ഒരു പ്രശനമുള്ളതായി പരാമർശിക്കുന്നേയില്ല. ജലത്തിന്റെ സംരക്ഷണം, ജലത്തിന്റെ ഒഴുക്ക് എന്നിവയിൽ മാത്രമാണ് ശ്രദ്ധയൂന്നിയിട്ടുള്ളത്. (ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ജലത്തിന്റെ ഒഴുക്കിനെ ഗതി മാറ്റിവിടുന്നത് പോലും ഒരു പ്രശ്നമായി കാണുന്നില്ല എന്നതാണ്).


ഏറ്റവും ഭയാനകമായ നിർദേശം ഈ ഭേദഗതി മുന്നോട്ട് വെക്കുന്നത് ഏതെങ്കിലും രീതിയിലുള്ള കെട്ടിടങ്ങളോ കെട്ടിട സമുച്ചയങ്ങളോ ചട്ടവിരുദ്ധമായി പണിതാൽ അതുപൊളിച്ച് മാറ്റി പൂർവസ്ഥിതിയിലാക്കാനുള്ള ഒരു ഒരു വ്യവസ്ഥ പറയുന്നില്ല. മറിച്ച്, ഭൂമിയുടെ ന്യായവിലയുടെ 30 ശതമാനം വരുന്ന ഫീസ് നൽകിയാൽ മതി എന്നാണ് ഭേദഗതി പറയുന്നത്. അത് പോലെ അനുമതിയുടെ പരിവർത്തനം നടത്തുമ്പോൾ ഏകദേശം 50 സെന്റിന് മുകളിലാണെങ്കിൽ  സ്ഥലത്തിന്റെ 10 ശതമാനം ജലസംരക്ഷണത്തിനായി മാറ്റിവെക്കണമെന്നാണ്. അതായത് 50 സെന്റ് വയൽ നികത്തിയാൽ അവിടെ 5 സെന്ററിൽ ഒരു കുളം നിർമിച്ചാൽ മതിയെന്ന് ചുരുക്കം. പരിസ്ഥിതി ആഘാതം, ആവാസവ്യവസ്ഥ വ്യതിയാനം എന്നിവ ഒരു പ്രശ്നമായി കണക്കാക്കാത്തത് കൊണ്ട് ഒരു പരാതിയും ഈ ഭേദഗതി പ്രകാരം നിലനിക്കില്ല എന്ന് വരുന്നു.


എല്ലാത്തിനും ഉപരിയായി സങ്കടക്കാരന് മാത്രമേ പരാതിക്കാരനായി വരാൻ പറ്റുകയുള്ളു എന്നും പറയുന്നു. ഇവിടെ സങ്കടക്കാരൻ എന്നുദ്ദേശിക്കുന്നത് നെൽവയൽ തണ്ണീർത്തടം പരിവർത്തനപ്പെടുത്തുന്നത് മൂലം ജലഒഴുക്കിനെ ബാധിച്ച് നെൽകൃഷി തകരാറിലാകുന്ന കൃഷിക്കാരൻ എന്ന് ചുരുക്കം. ഈ ഭേദഗതി പ്രകാരം പരിസ്ഥി ആഘാതം, ആവാസവ്യവസ്ഥയിലുള്ള ആഘാതം എന്നിവ ഒരു പ്രശ്‌നമായി പരിഗണിക്കാത്തത് കൊണ്ട് പരിസ്ഥിതി ആഘാതത്തിൽ ആത്മാർത്ഥമായി സങ്കടപ്പെടുന്ന പരാതിപ്പെടാൻ സാധിക്കില്ല എന്ന് ചുരുക്കം. പരിവർത്തന അനുമതി നൽകിയ ഭൂമി ചുരുക്കത്തിൽ പൂർവസ്ഥിതിയാലാക്കുക അസാധ്യമായി വരുന്നു ഈ ഭേദഗതി പ്രകാരം.


അതിനാൽ 2008 ൽ നെൽവയൽ തണ്ണീർത്തട സംരക്ഷണ മർമ്മമായ പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും സംരക്ഷണം നിരാകരിച്ച് കൊണ്ട് ജലസംരക്ഷണം മാത്രം മുന്നോട്ടിവെക്കുന്ന ഭേദഗതി കേരളത്തിലെ പരിസ്ഥിതിയുടെ മരണമണി ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.


അഡ്വ. ഷൈജൻ ജോസഫ്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment