വയനാട്ടിൽ മണ്ണിടിച്ചിലുണ്ടായ ക്വാറി വീണ്ടും തുറക്കുന്നു




വയനാട്ടിൽ മണ്ണിടിച്ചിൽ ഉണ്ടായ ക്വാറി തുറക്കാൻ വീണ്ടും ശ്രമം. കോറോം സെന്റ് മേരീസ് ക്വാറിയാണ് വീണ്ടും തുറക്കാൻ ഒരുങ്ങുന്നത്. പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകാത്തതിനെ തുടർന്ന് ക്വാറിയുടമ ഹൈക്കോടതിയെ സമീപിക്കുകയും ഡീംഡ് ലൈസൻസ്, പഞ്ചായത്ത് ലൈസൻസ് എന്നിവ  പുതുക്കി നൽകണമെന്ന വിധി നേടുകയും ചെയ്തു. ഇതോടെ ഗ്രാമപഞ്ചായത്ത് ക്വാറിയുടെ ലൈസൻസ് പുതുക്കി നൽകി.  മണ്ണിടിച്ചിൽ ഉണ്ടായ ഇവിടെ വീണ്ടും ഖനനം നടത്തിയാൽ ഉണ്ടാകാവുന്ന ആഘാതങ്ങളോ  പരിസ്ഥിതി പ്രശ്നങ്ങളോ ഉരുൾപൊട്ടലോ കോടതി പരിഗണിച്ചില്ല.  

 

പരിസ്ഥിതി ലോല മേഖലയിൽ പെട്ട തൊണ്ടർനാട് വില്ലേജിലാണ് ക്വാറിയും ക്രഷറും  പ്രവർത്തിക്കുന്നത്. ലൈസൻസ് പുതുക്കിനൽകിയതിന് ശേഷം പഞ്ചായത്തിന് ഈ കാര്യങ്ങൾ പരിശോധിച്ച് നടപടി എടുക്കാമെന്ന് വിധിയിൽ പറയുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. മണ്ണിടിച്ചൽ ഉണ്ടായതിന് ശേഷം ജില്ലാ ദുരന്തനിവാരണ സമിതിയും ഇവിടെ പരിശോധന നടത്തിയിരുന്നു.  ലൈസൻസ് ലഭിച്ചതോടെ മണ്ണ് നീക്കം ചെയ്യാനും മണ്ണിടിച്ചിലിൽ കുടുങ്ങിയ ടിപ്പറുകൾ പുറത്തെടുക്കാനുമുള്ള പ്രവർത്തനം  തുടങ്ങിയിട്ടുണ്ട്.

 

മണ്ണിടിച്ചിൽ ഉണ്ടായ കുന്നിന് മുകൾ ഭാഗത്തും ക്രഷറിന് ചുവട്ടിലും പിന്നീടും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്.  ഇത് ക്രഷർ കെട്ടിടത്തിന് തന്നെ വലിയ ഭീഷണിയാണ്. ഇനിയും  ഇവിടെ ഖനനത്തിന് അനുമതി കൊടുക്കുകയാണെങ്കിൽ തലപ്പുഴയിൽ നടന്നതു പോലെ കുന്നുകൾ ഇടിഞ്ഞ് മനുഷ്യജീവന് തന്നെ ഭീഷണിയാവുമെന്നും താഴ്ഭാഗത്തുള്ള വീടുകളും കൃഷിയിടങ്ങളും മണ്ണിനടിയിലാവുമെന്നും പ്രദേശവാസികൾ പറയുന്നു. ജനയുഗമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment