ആലപ്പാട് കരിമണൽ ഖനനം ഉടൻ നിർത്തിവയ്ക്കണം: പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി




ആലപ്പാട് പരിസ്ഥിതിക്ക് ആഘാതമായ രീതിയിൽ തുടരുന്ന കരിമണൽ ഖനനം നിർത്തിവെക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിൽ ആലപ്പാട്ടെ മത്സ്യത്തൊഴിലാളികൾ ഒരു കൈത്താങ്ങാകുകയും അസംഘ്യം മനുഷ്യജീവനുകൾ രക്ഷപെടുത്തുകയും ചെയ്തതാണ്. പക്ഷേ ഇന്ന് അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നമ്മുടെ സർക്കാർ വിമുഖത കാണിക്കുന്നു എന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ആരോപിച്ചു. 


ആലപ്പാട് ജനതയുടെ അതിജീവന സമരത്തെ തകർക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. പൊതുമേഖലയുടെയും സ്വകാര്യ മുതലാളിമാരുടെയും ലാഭ താൽപര്യങ്ങൾക്കായി, ഖനനത്തിലൂടെ ഈ തീരദേശത്തെ ജനങ്ങളുടെ കിടപ്പാടം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാ വ്യവസ്ഥാപിത പാർട്ടികളും ഖനന ലോബിയോടൊപ്പമാണ് .തൊഴിലാളികൾക്ക് ജോലികിട്ടുമെന്നതിനാൽ തൊഴിലാളി സംഘടനകളും ഇവരോടോപ്പമാണ് അതുകൊണ്ടുതന്നെ സാധാരണക്കാരായ നാട്ടുകാർക്ക് ഇവർക്കെതിരെ സമരം എന്നതുതന്നെ വലിയ കടമ്പയാണ്. 


സ്വകാര്യ കുത്തകകളുടെയും ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ലാഭ താല്പര്യങ്ങൾ ഇതിന്റെ പുറകിലുണ്ട് .അതിനാൽത്തന്നെ തൊഴിലാളിയൂണിയനുകളും  എല്ലാ മുഖ്യധാരാ പാർട്ടികളും സർക്കാരും ഈ സമരത്തെ തകർക്കാനുള്ള കൂട്ടുകെട്ടിലാണ്.  കിടപ്പാടംപോലും അനതിവിദൂരഭാവിയിൽ കടലെടുക്കും എന്ന അവസ്ഥയിലാണ് തീരദേശവാസികൾ അതിജീവന സമരത്തിന് തുടക്കമിട്ടത്.


അനിശ്ചിതകാല റിലേ നിരാഹാര സമരത്തിലാണ് ആലപ്പാട് ഗ്രാമം ഇന്ന്. ഈ അവസരത്തിൽ കേരളത്തിലെ എല്ലാ പരിസ്ഥിതി സംഘടനകളും  പ്രാദേശിക പരിസ്ഥിതി സമര സമിതികളും വ്യക്തികളും ജനാധിപത്യ മനുഷ്യാവകാശ പ്രസ്ഥാനങ്ങളും  ജനുവരി 16  ന് തിരുവനന്തപുരത്തു സെക്രെട്ടറിയേറ്റിനു മുന്നിലും ജനുവരി 19 ന് ആലപ്പാട്ടും  നടക്കുന്ന സമരത്തിൽ അണിചേർന്നുകൊണ്ടു ഈ ഖനനം സർക്കാരിനെക്കൊണ്ട് അടിയന്തിരമായി നിർത്തിവെക്കാൻ നിർബന്ധിക്കുന്ന തരത്തിൽ സമരത്തെ വികസിപ്പിക്കുവാൻ മുൻകൈ എടുക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ആവശ്യപ്പട്ടു. 


കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിത്താലൂക്കിൽ ആലപ്പാട് പഞ്ചായത്ത്‌ കടലിനും ടി എസ് കനാലിനുമിടയിൽ വാലുപോലെ നീണ്ടുകിടക്കുന്ന ഏതാണ്ട് 16 കിലോമീറ്റര് നീളം വരുന്ന ഈ ഭൂ പ്രദേശത്തിന് പലസ്ഥലത്തും കടലും കായലും തമ്മിൽ 50 മീറ്റർ വീതിവരെ മാത്രം വരുന്ന സ്ഥലങ്ങളും ഉണ്ട്. 7500  ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത് .1955 ലെ ലിത്തോമാപ്പ്‌ പ്രകാരം  89.5  ചതുരശ്ര കിലോമീറ്റർ വിസ്തൃതി ഉണ്ടായിരുന്ന ഈ പ്രദേശം കടലെടുത്തതിനു  ബാക്കിയായി ഇനി വെറും 7 .6  ചതുരശ്ര കിലോമീറ്റർ ആയി ചുരുങ്ങിക്കഴിഞ്ഞു. ഖനനം മൂലം ഏതാണ്ട് 20000 ഏക്കർ ഭൂമി ഇതിനകം കടലെടുത്തിട്ടുണ്ട് സുനാമിയിൽ ഏറെ തകർച്ച നേരിട്ട പ്രദേശമാണിവിടം . നിരവധി സമരങ്ങൾ നടത്തിയെങ്കിലും പൊതുമേഖലാസ്ഥാപനവും സര്ക്കാരും  ഈ വിഷയത്തിൽ ജനങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ   തയ്യാറായിട്ടില്ല. പാരിസ്ഥിതിക നിയമങ്ങളൊക്കെ ലംഘിച്ചുകൊണ്ടാണ് ഇന്ത്യൻ റെയർ ഏർത് ലിമിറ്റഡ് എന്ന കേന്ദ്ര ഗവണ്മെന്റ് സ്ഥാപനം ഇവിടെ  ഖനനം തുടരുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment