അടുത്ത പൊളിക്കൽ അമൃതപുരിയിലെ അനധികൃത നിർമ്മാണങ്ങൾ ആകണം




തീരദേശ പരിപാലന നിയമം ലംഘിച്ച് കൊണ്ട് മരടിനു പുറത്തും വ്യാപകമായി പടുത്തുയർത്തിയ കെട്ടിടങ്ങൾ ഓരോന്നായി പൊളിച്ചുമാറ്റുവാൻ ഉത്തരവാദിത്തപ്പെട്ടവർ നിർബന്ധിതമായിരിക്കുന്നു.

 


കൊല്ലം, ആലപ്പുഴ ജില്ലകളിലായി അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ടുള്ള നിരവധി അനധികൃത കെട്ടിടങ്ങൾ ആലപ്പാട്, കുലശേഖരം, ക്ലാപ്പന പഞ്ചായത്തുകളിൽ സ്ഥിതി ചെയ്യുന്നുണ്ട്. അതിൽ ആലപ്പാട് പഞ്ചായത്തിലെ 12 ഫ്ളാറ്റുകൾ തീരദേശ നിയമത്തെ പൂർണമായും ലംഘിച്ചുകൊണ്ടാണ് പണിതുയർത്തിയതെന്ന് പഞ്ചായത്ത് വൈകി എങ്കിലും സമ്മതിച്ചിരിക്കുന്നു. പൊളിച്ചു മാറ്റുവാനുള്ള നോട്ടീസ് കൈമാറിയ തീരുമാനം വരും ദിവസങ്ങളിൽ നടപ്പിലാക്കപ്പെടും എന്നു പ്രതീക്ഷിക്കാം. ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്ന് ഫ്ലാറ്റുകളുടെ ഉടമകളുടെ ആവശ്യപ്പെട്ടപ്പോൾ വെള്ളപ്പൊക്കത്താൽ രേഖ നഷ്ടപ്പെട്ടു എന്നുള്ള വാദമാണ് ആശ്രമ ഉടമകൾ ആവർത്തിച്ച് ഉയർത്തിയിരുന്നത്. ഒരു കിടക്ക മുറിയുള്ള ഫ്ലാറ്റുകൾക്ക്  25 ലക്ഷം രൂപ വാങ്ങിയാണ് അന്തേവാസികൾക്ക് കച്ചവടം ചെയ്തിരുന്നത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ വിശിഷ്യ തീരങ്ങളിൽ, ആശ്രമ വ്യവസായികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളും ടൂറിസം, ഹോട്ടൽ വ്യവസായ പ്രമുഖരുടെയും ബന്ധപ്പെട്ടവരുടെയും നിർമ്മാണങ്ങളും നിയമലംഘന കൊണ്ട് കുപ്രസിദ്ധമാണ്.

 


അമൃതാനന്ദമയി മഠത്തിന്റെ ഉടമസ്ഥതയിലുള്ള  കോയമ്പത്തൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പശ്ചിമഘട്ട മലനിരകളുടെ സുരക്ഷയെ വെല്ലുവിളിച്ചാണ് നിർമ്മിച്ചത്. ജഗ്ഗി വാസുദേവും ദിനകരനും രവിശങ്കറും ഇതേ മാർഗ്ഗത്തിലൂടെ കുപ്രസിദ്ധി നേടിയവർ തന്നെ.പശ്ചിമഘട്ടത്തിൽ കുരിശു നാട്ടിയും പ്രതിഷ്ഠ നടത്തിയും വനപ്രദേശങ്ങൾ കൈയ്യടക്കി ,ആത്മീയ വ്യവസായം നടത്തുന്നവർ നിയമങ്ങളോടു കാട്ടി വന്ന വെല്ലുവിളികളെ ആലപ്പാട് തുടങ്ങി വെക്കുന്ന ആശ്രമ ഫ്ലാറ്റുകളുടെ പൊളിക്കലിലൂടെ തിരുത്തിക്കുറിക്കുവാൻ കഴിയും എന്നു കരുതാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment