കേരള സർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് 2019 - 20; ഭാഗം - 3




പ്രകടന പത്രികയിലെ 72 ആമത്തെ ഇനം, നെൽവയൽ നീർത്തട സംരക്ഷണത്തെ പറ്റി.നെൽവയൽ സംരക്ഷണത്തിനായി ഇന്ത്യയിൽ ആദ്യമായി സമരം ചെയ്ത സംഘടനയാണ് കേരള കർഷക തൊഴിലാളി യൂണിയൻ. സമരത്തിന് നേതൃത്വം കൊടുത്തതാകട്ടെ കേരള മുൻ മുഖ്യമന്ത്രി ശ്രീ. വി. എസ്. അച്യുതാനന്ദനും പാർട്ടിയുമായിരുന്നു. സമരത്തെ വെട്ടിനിരത്തൽ സമരമായി ആക്ഷേപിക്കുവാൻ മുത്തശ്ശി പത്രങ്ങൾ തയ്യാറായി.


79/80 കാലത്ത് 8.8 ലക്ഷം ഹെക്ടർ ഉണ്ടായിരുന്ന നെൽപ്പാടത്തിന്റെ വിസ്തൃതി 201O കഴിഞ്ഞപ്പോൾ  2 ലക്ഷത്തിനും താഴെയായി. നെൽ ഉൽപ്പാദനം 5.2 ലക്ഷം ടണ്ണും. ഈ സാഹചര്യത്തിൽ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ നെൽവയൽ തണ്ണീർതട നിയമം രാജ്യത്തിന് മാതൃകയായിരുന്നു. നിയമം നടപ്പിലാക്കിയ ശേഷവും കാൽ ലക്ഷം ഹെക്ടർ നെൽപ്പാടങ്ങൾ നികത്തി. ഇതിനു കാരണമായത് പിൽക്കാല ത്ത് അധികാരത്തിൽ വന്ന ഐക്യ ജനാധിപത്യ മുന്നണി സർക്കാരായിരുന്നു.


അധികാരമേറ്റ്  6 മാസത്തിനകം ഡേറ്റാ ബാങ്കുകൾ ഉണ്ടാക്കി പ്രസിദ്ധീകരിക്കും പരാതികൾ പരിഹരിക്കുവാൻ ഒരു വർഷം സമയം നൽകി നീർത്തടങ്ങൾ സംരക്ഷിക്കുമെന്നും ഇടതുപാർട്ടികൾ വാഗ്ദാനം നൽകി.അതിനായി വേണ്ട ഉദ്യോഗസ്ഥരെ അധികമായി നിയമിക്കുമെന്നായിരുന്നു പ്രഖ്യാപനം. പ്രഖ്യാപനങ്ങളിൽ പറഞ്ഞ ഡേറ്റാ ബാങ്കുകൾ നാളിതുവരെ തയ്യാറാക്കിയിട്ടില്ല. പ്രസ്തുത വിഷയത്തിൽ സർക്കാർ കൈകൊണ്ട സമീപനങ്ങൾ എല്ലാ വാഗ്ദാനങ്ങൾക്കും ഘടകവിരുധമാണ്. 


നെൽവയൽ നീർത്തട സംരക്ഷണ നിയമം, ഭൂവിനിയോഗ നിയമം(നമ്പർ 73)  എന്നിവയിൽ ഐക്യ ജനാധിപത്യ മുന്നണി നടത്തിയ അട്ടിമറികൾ പരിഹരിക്കും എന്നു പറഞ്ഞ  സർക്കാർ, നെൽവയൽ സംരക്ഷണത്തെ ഐക്യമുന്നണിയെ നാണിപ്പിക്കും വിധം അട്ടിമറിച്ചു. ഭൂവിനിയോഗത്തിൽ വേണ്ടതിലധികം അട്ടിമറികൾ നടത്തി കൊണ്ട് ഭൂമി കച്ചവടക്കാരെ സഹായിക്കുവാൻ മടിച്ചില്ല.


74 ആമത് പശ്ചിമഘട്ടത്തെ പറ്റി. പശ്ചിമഘട്ട സംരക്ഷണത്തിനായി ജനകീയ പദ്ധതികൾ നടപ്പിലാക്കും എന്നു പറഞ്ഞു. എന്നാൽ സമീപനങ്ങൾ കുപ്രസിദ്ധമാണ്. തോട്ടം / ടൂറിസം മാഫിയകൾക്കായി നിയമങ്ങളെ വ്യാഖ്യാനിക്കുന്ന സർക്കാരും ജന പ്രതിനിധികളും ഉദ്യോഗസ്ഥന്മാരും പശ്ചിമഘട്ട സംരക്ഷണത്തെ അട്ടിമറിച്ചു. വെള്ളപ്പൊക്കം തകർത്തെറിഞ്ഞ ഇടുക്കിയും വയനാടും അവസാനം പെട്ടി മുടിയും ഗ്യാപ് റോഡുനിർമ്മാണവും പശ്ചിമ ഘട്ടത്തിന്റെ തകർന്നു വീണ മുഖങ്ങളായിട്ടും മല നിരകളുടെ സംരക്ഷണം ഗൗരവതരമായെടുത്തിട്ടില്ല. വനത്തിൽ നിന്നും ഖനന ദൂരം 10 കിലോ മീറ്റർ വരെയാകാമെന്നിരിക്കെ ദൂരപരിധി 1കിലോ മീറ്റർ ആക്കി ചുരുക്കാനാണ് സംസ്ഥാനം ശ്രമിച്ചത്.


75 ഇനത്തിൽ വ്യവസായ മലിനീകരണ നിയന്ത്രണത്തെ പറ്റി പ്രതിപാദിക്കുന്നു. പെരിയാർ, ചാലക്കുടി പുഴകളെ വിഷലിപ്തമാക്കുന്ന വ്യവസായ യൂണിറ്റുകൾ പ്രവർത്തനം മാറ്റമില്ലാതെ നടക്കുമ്പോൾ വാഗ്ദാനം പാഴായി പോകുകയാണ്. 76 ആം വാഗ്ദാനം മണൽ, പാറ ഖനനങ്ങളെ പറ്റി ശാസ്ത്രീയ പഠനം നടത്തുമെന്നായിരുന്നു. നദീതട മണൽവാരലിന്റെ വിവിധ പ്രശ്നങ്ങൾ പഠിച്ച ശേഷം മാത്രം തുടർപ്രവർത്തനം. ഇതൊന്നും സംഭവിച്ചിട്ടില്ല.

 


പാറ ഖനന വിഷയത്തിൽ സർക്കാർ എടുത്ത നിലപാട് അപകടങ്ങൾ വരുത്തിവെച്ചു. അനധികൃത ഖനനം തുടരുന്നു. ഖനന നിയന്ത്രണത്തിലുള്ള പഞ്ചായത്ത് അധികാരം എടുത്തു കളഞ്ഞു. ദൂരപരിധി 50 മീറ്ററാക്കി. സർക്കാർ പാട്ട ഭൂമിയിൽ നിന്നും ഖനനം സാധ്യമാക്കി. പ്രളയാനന്തരം മണൽ വാരൽ നടത്തുവാൻ കൂടുതൽ അവസരങ്ങളൊരുക്കുന്ന സർക്കാർ തീരുമാനം വാഗ്ദാനങ്ങളെ തള്ളിപ്പറയുന്നു.


77 ആം വിഷയം ഗൗരവതരമായിരുന്നു.ഖനനങ്ങൾ പൊതു ഉടമസ്ഥതയിലേക്ക്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 10000 ലധികം ക്വാറികൾ, അവരുടെ മാഫിയ ബന്ധങ്ങൾ, അവരുമായുള്ള ഉദ്യോഗസ്ഥ, രാഷ്ട്രീയ കൂട്ടു കെട്ടുകളെ പറ്റി നാട്ടുകാർക്ക് ധാരണയുണ്ട്. പ്രകടന പത്രിക ഇത്തരം കാര്യങ്ങളെ പറ്റി പറയുമ്പോഴും  ഖനനം സ്വകാര്യ വ്യക്തികൾ നടത്തുന്നു. സർക്കാർ നോക്കു കുത്തിയായി നില കൊള്ളുകയാണ്.


78 ആമത് സൂചിപ്പിക്കുന്ന ജല മലിനീകരണ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന ഉറപ്പ് നൽകുവാൻ പല കാരണങ്ങളുണ്ട്. 65 ലക്ഷം കിണറുകളിൽ 70% വും ഉപയോഗശൂന്യമാണ്. E. Coli ബാക്ടീരിയത്തിന്റെ സാന്നിധ്യം ഉയർന്നു നിൽക്കുന്നു. പമ്പയുടെ അവസ്ഥ ഒറ്റപ്പെട്ടതല്ല. സർക്കാർ എന്തു നടപടികൾ എടുത്തു ?


തൊട്ടടുത്ത ഖണ്ഡികയിൽ മുകളിൽ പറഞ്ഞ വിഷയവുമായി ബന്ധപ്പെട്ട മഴവെള്ള കൊയ്ത്ത് തുടങ്ങിയവ പരാമർശിച്ചു. ഗ്രാമങ്ങളിലെ നീർത്തടങ്ങളുടെ അവസ്ഥ, അവയുടെ വാഹകശേഷി, പരിസരം എന്നിവയുടെ രേഖ തയ്യാറക്കലിനെ പറ്റി 80 ആം ഭാഗത്ത് വിവരിച്ചു. സർക്കാർ കാവുകളും കുളങ്ങളും തോടുകളും വൃത്തിയാക്കുന്ന പല പദ്ധതികളും പ്രഖ്യാപിച്ചു. പലതും നടപ്പിലാക്കി വരുന്നു. 24 തോടുകളുടെ (10OOലധികം കി.മീറ്റർ നീളത്തിൽ) ഒഴുക്കു കൂട്ടുവാനുള്ള ജനകീയ പദ്ധതികൾ തുടങ്ങിയിട്ടുണ്ട്. 


നമ്മുടെ നീർത്തടങ്ങൾ നിലനിൽക്കണമെങ്കിൽ വിവിധ തരത്തിലുള്ള നീരുറവകളെ സംരക്ഷിക്കണം. അവയുടെ പഥങ്ങൾ ( കുന്നുകൾ ) സുരക്ഷിതമാകണം.മലകളെ കുത്തി മലർത്തി വാഹനത്തിൽ കടത്തുന്ന സമീപനം തുടരുന്ന നാട്ടിൽ, നീർത്തട ങ്ങൾ സുരക്ഷിതമല്ല. വർദ്ധിച്ചു വരുന്ന ജല ക്ഷാമവും അതുണ്ടാക്കുന്ന പ്രതിസന്ധികളും പരിഹരിക്കുവാനുള്ള പദ്ധതികളോടു സർക്കാർ മുഖം തിരിച്ചു. ഭൂഗർഭ ജല വിതാനം കുറഞ്ഞു വരുന്ന നാട്ടിലെ വരൾച്ച, ജല ജന്യരോഗങ്ങൾ മുതലായ വിഷയങ്ങളോടുള്ള  സർക്കാർ സമീപനങ്ങൾ നിരാശാജനകമാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment