അരിമ്പ്ര മലയിലെ ക്വാറി പ്രവർത്തനത്തിനെതിരെ സംരക്ഷണ സമിതി പ്രക്ഷോഭത്തിലേക്ക്




മലപ്പുറം മൊറയൂർ വില്ലേജിലെ അരിമ്പ്ര മലയെ തുരന്ന് കൊണ്ട് പോകുന്ന ക്വാറി, ക്രഷർ പ്രവർത്തനങ്ങൾക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. നിലവിലുള്ള ക്വാറിക്കും ക്രഷറിനും പുറമെ പുതിയ ക്വാറിയും ക്രഷറും ഇവയോടൊപ്പം വെടിമരുന്ന് സംഭരണ ശാലയും അരിമ്പ്ര മലയിൽ തുടങ്ങാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. 


കഴിഞ്ഞ പ്രളയത്തിൽ അരിമ്പ്ര മലയുടെ രണ്ടിടങ്ങളിൽ ഉരുൾ പൊട്ടൽ ഉണ്ടായിരുന്നു. പരിസ്ഥിതി ലോല പ്രദേശമായ ഇവിടം നടക്കുന്ന ഖനനവും ക്രഷറും തന്നെയാണ് ഉരുൾപൊട്ടൽ ഉണ്ടാകുന്നതിന് കാരണമായി കണക്കാക്കുന്നത്. ഉരുൾ പൊട്ടലിനെ തുടർന്ന് പ്രദേശത്തെ കൃഷിയും നശിച്ചിരുന്നു. വലിയ തോതിലുള്ള കൃഷി നാശവും മലയുടെ രണ്ട് ഭാഗത്ത് കൃഷി നാശം ഉണ്ടായിട്ടും ഇവിടെ പ്രവർത്തിക്കുന്ന ക്വാറിയും ക്രഷറും അടച്ച് പൂട്ടാൻ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. അതേസമയം, ജനങ്ങൾ പ്രതിഷേധം തുടരുകയാണ്. 


300 ലധികം കുടുംബങ്ങളാണ് അരിമ്പ്ര മലയുടെ താഴ് ഭാഗത്തായി താമസിച്ച് വരുന്നത്. 2500 കുട്ടികൾ പഠിക്കുന്ന ഹയർ സെക്കണ്ടറി സ്‌കൂൾ, ഗവ. യു പി സ്‌കൂൾ, അറബിക് കോളേജ്, ആരോഗ്യ കേന്ദ്രം, ആരാധനാലയങ്ങൾ, തുടങ്ങിയവയും മലയുടെ താഴ് ഭാഗത്തായി പ്രവർത്തിക്കുന്നുണ്ട്. മലയിൽ നടക്കുന്ന ഏതൊരു ചൂഷണവും പ്രകൃതിക്കൊപ്പം ഇവിടുത്തെ ജനങ്ങൾക്കും ഭീഷണിയാണ്.


ഭൂകമ്പ സാധ്യതയുള്ള സ്ഥലം കൂടിയാണ് അരിമ്പ്ര പ്രദേശമെന്ന് ഭൗമ ശാസ്‌ത്ര വകുപ്പ് നേരത്തെ സ്ഥിരീകരിച്ചതാണ്. ഇതുപോലും കണക്കിലെടുക്കാതെയാണ് പുതിയ ക്വാറി പ്രവർത്തിക്കാൻ അനുവാദം നൽകുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഇതിനെതിരെ മലിനീകരണ നിയന്ത്രണ ബോർഡ്, റവന്യൂ വകുപ്പ്, മൈനിങ് ജിയോളജി വകുപ്പ്, പരിസ്ഥിതി വകുപ്പ്, ജില്ലാ കളക്ടർ എന്നിവർക്ക് ഇതിനോടകം പരാതികൾ നൽകിയിട്ടുണ്ട്.


മലയെ സംരക്ഷിക്കുന്നതിനായി കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്താനാണ് സംരക്ഷണ സമിതിയുടെ തീരുമാനം. പ്രക്ഷോഭ പരിപാടികൾ ഉടൻ തുടങ്ങുമെന്ന് സമിതി ചെയർമാൻ ഒ മുഹമ്മദ്, കൺവീനർ കെ അഹമ്മദ് ബഷീർ, സി ജയരാജൻ, എം ടി സൈഫുദ്ധീൻ, കെ ഖാലിദ് ഷമീം, ഫാസിൽ അരിമ്പ്ര എന്നിവർ അറിയിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment