പിവി അൻവറിനെതിരെ പ്രസംഗിച്ചതിന് പരിസ്ഥിതി സംരക്ഷണയാത്രക്കു നേരെ ആക്രമണം




മലപ്പുറം: പൊന്നാനിയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി പി.വി അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്കെതിരെ പ്രസംഗിച്ചതിന് പരിസ്ഥിതി സംരക്ഷണയാത്രക്കു നേരെ താനൂരില്‍ ആക്രമണം. വാഹനത്തിലെ നോട്ടീസുകള്‍ കത്തിക്കുകയും റോഡില്‍ വലിച്ചിട്ട് നശിപ്പിക്കുകയും ചെയ്തു. ബാനറുകളും കീറി നശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവമുണ്ടായത്.


പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയ വിവരാവകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കെ.വി ഷാജി, അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്കിനും തടയണക്കുമെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ നദീസംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി രാജന്‍, പശ്ചിമഘട്ട സംരക്ഷണസമിതി പ്രവര്‍ത്തകന്‍ അബ്ദുല്‍ മജീദ് മല്ലഞ്ചേരി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സമാപനയോഗത്തില്‍ കെ.വി ഷാജി പ്രസംഗിക്കുന്നതിനിടെയാണ് നൂറോളം പേരുടെ നേതൃത്വത്തില്‍ ആക്രമണമുണ്ടായത്. ഷാജിയുടെ ഫോണ്‍ തകര്‍ക്കുകയും ചെയ്തു.


പൊലീസെത്തിയതോടെയാണ് അക്രമികള്‍ പിരിഞ്ഞുപോയത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. ജനാധിപത്യപരമായ അഭിപ്രായപ്രകടനംപോലും നിഷേധിക്കുന്ന രാഷ്ട്രീയ ഫാസിസമാണ് താനൂരില്‍ അരങ്ങേറിയതെന്നും കുറ്റപ്പെടുത്തി. ആക്രമണംകൊണ്ട് പിന്മാറില്ലെന്നും പരിസ്ഥിതിസംരക്ഷണയാത്രയുടെ രണ്ടാംദിന പര്യടനം ഇന്ന് രാവിലെ തിരൂരില്‍ നിന്നും ആരംഭിക്കുമെന്നും നദീസരംക്ഷണസമിതി ജനറല്‍ സെക്രട്ടറി ടി.വി രാജന്‍ പറഞ്ഞു.

 

ഭരണ ഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്രത്തിനുമേലുള്ള കടന്ന് കയറ്റമാണ് ഉണ്ടായത്. ഇത് അങ്ങേയറ്റം അപലപനീയമാണെന്നും അഡ്വ. പി എ പൗരൻ പ്രതികരിച്ചു. സംഘടിതമായി ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളുകൾ പരിസ്ഥിതി പ്രവർത്തകർക്ക് നേരെ നടത്തിയ  ഈ ആക്രമണം ഏറ്റവും നികൃഷ്ടമായ സംഭവമാണെന്നും അദ്ദേഹം ഗ്രീൻ റിപ്പോർട്ടറിനോട് പ്രതികരിച്ചു.


അന്‍വറിനെ പരാജയപ്പെടുത്തേണ്ടത് പരിസ്ഥിതി പ്രവര്‍ത്തകരുടെ കടമയാണെന്നാണ് പരിസ്ഥിതി പ്രവർത്തകനും ആം ആത്മി നേതാവുമായ സിആര്‍ നിലകണ്ഠന്‍ പ്രതികരിച്ചു. ഹൈക്കോടതി പറഞ്ഞിട്ടും ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ചു പണിത തടയണപൊളിക്കാന്‍ തയ്യാറാകാത്ത പരിസ്ഥിതി വിരുദ്ധനാണ് അന്‍വറെന്നും പരിസ്ഥിതിയും പ്രകൃതിസംരക്ഷണവും രാഷ്ട്രീയകക്ഷികള്‍ തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമായി പരിഗണിക്കാത്തത് ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.


വെള്ളിയാഴ്‌ച്ച രാവിലെ മലപ്പുറത്ത് നിന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ സി.ആര്‍ നീലകണ്ഠനാണ് പ്രകൃതിയെ തകര്‍ക്കുന്ന രാഷ്ട്രീയത്തിനെതിരെയുള്ള രണ്ടു ദിവസത്തെ പരിസ്ഥിതി സംരക്ഷണയാത്ര ഉദ്ഘാടനം ചെയ്തത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment