അനധികൃത നിർമ്മാണക്കാരുടെ ഗുണ്ടകളെ ഒറ്റപ്പെടുത്തുക




കേരള ഹൈക്കോടതിയുടെ ആവർത്തിച്ചുള്ള തീരുമാനം നടപ്പിലാക്കുവാൻ മടിച്ചു നിൽക്കുന്ന കക്കാടംപൊയിൽ പി വി അൻവർ എംഎൽഎയുടെ നിയന്ത്രണത്തിലുള്ള  തടയണ സംസ്ഥാനത്തിന്റെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. അതിനെതിരായ പ്രതികരണം മറ്റെല്ലാ നിയമ ലംഘനങ്ങളോടുള്ള പ്രതീകാത്മക പ്രതിഷേധം കൂടിയാണ്. ഈ സാഹചര്യം മനസ്സിലാക്കിയാണ്‌  സാഹിത്യനായകന്മാരും മറ്റും പ്രസ്തുത സ്ഥലം സന്ദർശിക്കുവാൻ തീരുമാനിച്ചത്..നിയമ സഭാ അംഗവും നിയമസഭാ പരിസ്ഥിതി സമിതിയുടെ ഉത്തരവാദിത്തവുമുള്ള പി വി അൻവറിന്റെ ചരിഞ്ഞ പ്രദേശത്തെ നിർമ്മാണം താഴ്വരയിലെ  ആദിവാസികളുടെ സുരക്ഷയ്ക്കുള്ള മറ്റൊരു ഭീഷണിയാണ്. 


മേപ്പാടിയിലും പോത്തുകല്ലിലും ഉണ്ടായ വലിയ ദുരന്തങ്ങളെ ഓർമ്മിപ്പിക്കും വിധം , കൂട്ട മരണങ്ങൾക്ക് അവസരങ്ങൾ ഒരുക്കുവാൻ സാധ്യതയുള്ള അനധികൃത നിർമ്മാണം പൊളിച്ച് കളയുവാൻ ഹൈക്കോടതി ആവർത്തിച്ചു പറഞ്ഞിട്ടും അത് നടപ്പാക്കാൻ കഴിയാതിരിക്കുന്നത് സംസ്ഥാനത്തെ നിയമവാഴ്ച്ച യോടുള്ള അനാദരവായി കരുതണം .


തീരദേശത്തെ 1800 കെട്ടിടങ്ങൾ എന്ന പോലെ പശ്ചിമഘട്ടത്തിലെ മുഴുവൻ അനധികൃത നിർമ്മാണങ്ങളും കൈയ്യേറ്റവും ഒഴുപ്പിക്കുവാൻ സർക്കാരിന് ബാധ്യതയുണ്ട്. പശ്ചിമ ഘട്ടത്തിലെ ആവർത്തിച്ചുള്ള ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ എന്നിവയ്ക്കു കാരണമായ നിർമ്മാണങ്ങളും ഘനന പ്രവർത്തനവും മറ്റൊരു സുപ്രീം കോടതിയുടെ ഇടപെടലിലൂടെ മാത്രമേ പരിഹരിക്കൂ എങ്കിൽ, സർക്കാരിനോടും  വ്യത്യസ്ഥ സമീപനമില്ലാത്ത പ്രതിപക്ഷത്തിനോടും കേരള ജനതക്കു ജീവൽ മരണ സമരം നടത്താതെ നമ്മുടെ നാടിനെ പ്രകൃതി  ദുരന്തങ്ങളിൽ നിന്ന് സംരക്ഷിക്കു വാൻ  കഴിയില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേരുകയാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment