പാറമടകൾക്കെതിരെ ജനകീയ പ്രക്ഷോഭം ആവശ്യം: ബാബു ജോർജ് 




പാറഖനനത്തിലെ അശാസ്ത്രീയതകളും അഴിമതികളും മൂലം പൊറുതി മുട്ടിയ ജനങ്ങൾക്കു മുൻപാകെ ഇടതു പക്ഷ മുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു സംസ്ഥാനത്തെ ഖനനങ്ങൾ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടു വരുമെന്നത്. എന്നാൽ അവർ അത് നടപ്പിലാക്കിയില്ല എന്നുമാത്രമല്ല അദാനി പോലെയുള്ള കോർപ്പറേറ്റ് ഭീമന്മാർക്ക് വേണ്ടി നിയമങ്ങൾ വളച്ചൊടിച്ച് പുതിയ പാറക്വാറികൾക്ക് അനുമതി നൽകുകയും ചെയ്തു. 


തിരുവല്ല താലൂക്കിലെ ചുങ്കപ്പാറ, റാന്നി താലൂക്കിലെ മല്ലപ്പള്ളി, ചിറ്റാർ സീതത്തോട് ഏനാദിമംഗലം പഞ്ചായത്തിലെ ചായലോട്, കോന്നി അരുവാപ്പുലം പയ്യനാമൺ കലഞ്ഞൂർ കൂടൽ പുതുവൽ അടൂർ കടമ്പനാട് തുടങ്ങി ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ജില്ല നിറയെ പാറ ക്വാറികൾ. ഇതാണ് പത്തനംതിട്ട ജില്ലയിലെ ഭരണകക്ഷിക്ക് 5 എംഎൽഎമാരെ സൃഷ്ടിച്ചു നൽകിയപ്പോൾ  ജില്ലയിലെ പൊതുജനത്തിന് സംസ്ഥാന സർക്കാർ നൽകിയ സമ്മാനം.


350ഓളം ക്വാറികൾ ആണ് നിലവിൽ പത്തനംതിട്ട ജില്ലയിൽ മാത്രമായി പ്രവർത്തിക്കുന്നത്. ഇതിൽ അനധികൃതമായി പ്രവർത്തിക്കുന്ന പാറക്വാറി കളും ഉൾപ്പെടുന്നു. 150ലധികം ക്വാറികൾ കോന്നി താലൂക്കിൽ മാത്രം പ്രവർത്തിക്കുന്നു. കോന്നി താലൂക്കിലെ കൂടൽ കലഞ്ഞൂർ  വില്ലേജുകളിൽ  മാത്രം ഒൻപതോളം ക്വാറികളാണ് പ്രവർത്തിക്കുന്നത്.
 കുടിവെള്ള ലഭ്യതക്കുറവും, പാരിസ്ഥിതിക പ്രശ്നങ്ങളും, ആസ്ത്മ അടക്കമുള്ള രോഗങ്ങളാലും, ആചാര വിശ്വാസങ്ങളെ തകിടം മറിച്ചും,  ജൈവ വൈവിധ്യങ്ങൾ അന്യം നിന്നുമൊക്കെ ഇത്തരം അനധികൃത പാറ ക്വാറികൾ പൊതുജനങ്ങളുടെ സ്വസ്ഥത കെടുത്തുന്നു. അദാനിക്കായുള്ള ഖനനത്തിനെ പറ്റി കോടതിയിൽ വാദിക്കുമ്പോൾ കൂടലിലെ ജനങ്ങൾക്ക് വേണ്ടി ഒരു വരി പോലും പരാമർശിക്കുവാൻ സർക്കാർ തയ്യാറായിട്ടില്ല.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികളെ നോക്കുകുത്തികളാക്കി കൊണ്ട് പഞ്ചായത്ത് ഭരണസമിതികൾക്ക് ലൈസൻസ് കൊടുക്കുന്നതിൽ തീരുമാനമെടുക്കുവാനുള്ള  അവകാശം വരെ സർക്കാർ എടുത്തു മാറ്റിയിരിക്കുന്നു. ജനവാസ മേഖലയിൽ നിന്ന് ഏകദേശം 200 മീറ്ററോളം ദൂരം മാത്രമേ ക്രഷറുകൾ,  ക്വാറികൾ എന്നിവ അനുവദിക്കാവൂ എന്ന ചട്ടം  പോലും പാറക്വാറി മുതലാളിമാർക്ക് വേണ്ടി 50 മീറ്റർ എന്ന ദൂരപരിധിയിലേക്ക് സർക്കാർ കുറച്ചുകൊണ്ടുവന്നു. വിഴിഞ്ഞം പ്രൊജക്റ്റിനായി ഇപ്പോൾ അദാനി ഗ്രൂപ്പ്‌ ശ്രമിച്ചുകൊണ്ടിരിക്കുന്ന രാക്ഷസൻ പാറ ജനവാസ മേഖലയിൽ നിന്ന് വെറും 55മീറ്റർ മാത്രം ദൂരെയാണ്. 


കലഞ്ഞൂർ പഞ്ചായത്തിൽ കൂടൽ വില്ലേജിലെ 20 ഏക്കറോളം വരുന്ന  സർക്കാർ ഭൂമിയിലാണ് വിഴിഞ്ഞം പദ്ധതിയുടെ പേരിൽ പുതിയ മല തുരക്കൽ. ജില്ലയിൽ അനധികൃതമായി  പ്രവർത്തിക്കുന്ന പാറമടകൾ  കൈക്കൊള്ളുന്ന നിയമ ലംഘനങ്ങളുടെ വ്യാപ്തി അറിയാവുന്ന പൊതുജനങ്ങളും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, സംഘടനകളും 
എല്ലാ നിയമങ്ങളെയും കോടതികളെയും വെല്ലു വിളിച്ചു കൊണ്ടാണ് സർക്കാർ ചോദിക്കുന്നവർക്ക് ഒക്കെ പാറക്വാറികൾക്ക് അനുമതി കൊടുകുന്നത് എന്നുറക്കെ വിളിച്ചു പറയുവാൻ ആർജവം കാട്ടണം. 


നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പാറയും മറ്റ് അവശ്യവസ്തുക്കളും നിലവിലുള്ള പാറമടകളിൽ നിന്ന് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധം എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പ്രകൃതിയെ ചൂഷണം ചെയ്യാത്ത വിധത്തിൽ ഖനനം ചെയ്യേണ്ടതാണ്. എന്നാൽ പുതിയ ഒരു പാറമടയ്ക്ക് ജില്ലയിൽ ഒരിടത്തും അനുമതി നൽകാൻ സർക്കാരിനെ അനുവദിക്കില്ല. ഇത്തരത്തിലുള്ള അനധികൃത ഖനനത്തിനെതിരെ പൊതു ജനങ്ങളുടെ ശക്തമായ പ്രക്ഷോഭം ഉണ്ടാകേണ്ടതാണ്. എല്ലാവിധ പിന്തുണയും ജില്ലാ കോൺഗ്രസ് കമ്മിറ്റി വാഗ്ദാനം ചെയ്യുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment