വനം നശിപ്പിച്ചതിന് കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍സിന് എതിരെ വനം വകുപ്പ് കേസ് കേസെടുത്തു




കല്ലാർ: അനധികൃതമായി വനം നശിപ്പിച്ചതിന് കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍സിന് എതിരെ വനം വകുപ്പ് കേസ് എടുത്തു. കല്ലാര്‍പുതുക്കാട് ഡിവിഷനിലെ കണ്ണന്‍ ദേവന്‍ എസ്റ്റേറ്റില്‍ മൂന്നിടങ്ങളിലായി 15 ഏക്കറോളം ഭൂമിയിലെ മരങ്ങളാണ് വെട്ടിക്കടത്തിയത്. മരങ്ങള്‍ മുറിച്ച ശേഷം അടിക്കാടുകള്‍ തീയിട്ടും നശിപ്പിച്ചു. 


കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍സിന്റെ നല്ലതണ്ണി എസ്റ്റേറ്റിലെ കല്ലാര്‍പുതുക്കാട് ഡിവിഷനിലെ രണ്ടിടത്തായി 14 ഏക്കറും ജെഇ ഡിവിഷനിലെ ഒരേക്കർ ചോലവനമാണ് വെട്ടി നശിപ്പിച്ചത്. കല്ലാറിൽ നിന്ന് ഇടനാ, മലവേമ്പ്, ചെങ്കൂറ തുടങ്ങിയ കാട്ടു മരങ്ങൾ വെട്ടി മാറ്റി കടത്തിയതിന് ശേഷം അടികാടിന് തീയിടുകയായിരുന്നു. ഇതേതുടർന്ന് കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍സിനെതിരെ മൂന്ന് കേസുകളാണ് എടുത്തിട്ടുള്ളത്. വൃക്ഷം വളർത്തൽ പ്രോത്സാഹന നിയമപ്രാകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്‍തിരിക്കുന്നത്. ഇതോടൊപ്പം ഈ നടപടികളെ കളക്ടർക്കും സർക്കാരിനും വനംവകുപ്പ് റിപ്പോർട്ട് ചെയ്യുകയും കമ്പനിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുകയും ചെയ്യും. 


വൃക്ഷം വളർത്തൽ പ്രോത്സാഹന നിയമപ്രാകാരം വില്ലേജിൽ 28 ഇന മരങ്ങൾ മുറിക്കാൻ മാത്രമാണ് വനംവകുപ്പിന്റെ അനുമതിയുള്ളത്. കമ്പനി ഫാക്റ്ററികളിലേക്കും തൊഴിലാളികളുടെ വീടുകളിലേക്കും വിറകാവശ്യത്തിനായി വളർത്തിയ ഗ്രാന്റീസ് മരങ്ങൾ മുറിക്കുന്നു എന്ന വ്യാജേനയാണ് 15 ഏക്കറോളം പ്രദേശത്തെ മരങ്ങൾ മുറിച്ച് കടത്തിയത്. 


കമ്പനിയിലെ മരം മുറി കരാറുകാരന്റെ നേതൃത്വത്തിലാണ് മരങ്ങൾ വെട്ടിക്കടത്തിയതെന്നാണ് കമ്പനിയുടെ ന്യായീകരണം. ജെ ഇ ഡിവിഷനിൽ നേരത്തെ മരങ്ങൾ മുറിച്ച് മാറ്റി കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍സ് 4000 കാപ്പി തൈകൾ നട്ടിരുന്നു. എന്നാൽ വനം വകുപ്പ് കേസെടുത്തതിനെ തുടർന്ന് ഇവ പിഴുതു മാറ്റി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment