ഉരുൾപൊട്ടൽ സാധ്യത; ചെക്കുന്ന് മല നിവാസികളുടെ സുരക്ഷ ഉറപ്പ് വരുത്തണം




മലപ്പുറം: അരീക്കോട് ചെക്കുന്ന് മലയില്‍ മഴ കനത്താല്‍ അതീവ അപകടവസ്ഥയിലുള്ള ചെക്കുന്ന് മലയിലും താഴെ ഭാഗങ്ങളിലും താമസിക്കുന്ന മുഴുവന്‍ പരിസരവാസികളെയും മഴ ആരംഭിക്കുന്ന ഘട്ടത്തില്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സേവ് ചെക്കുന്ന് പരിസ്ഥിതി സംരക്ഷണസമിതി ഭാരവാഹികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മണ്ണിടിച്ചില്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന ജിയോളജിയുടെ പഠനത്തില്‍ പറയുന്നത് മുന്നറിയിപ്പായി കണ്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.


ഭൗമ ശാസ്ത്ര പഠനകേന്ദ്രമായ സെസ് (cess) തയ്യാറാക്കിയ ഉരുള്‍പ്പൊട്ടല്‍ സാധ്യതാ ഭൂപടത്തില്‍ ഉയര്‍ന്ന സാധ്യത (High Hazard zone) പ്രദേശമായി ചെക്കുന്ന് മലയെ കരുതുന്നതിനാല്‍ ഇനി ഒരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടിയായി മഴക്കാല ആരംഭത്തില്‍ തന്നെ ആദിവാസികളും മലക്ക് താഴെ താമസിക്കുന്ന സാധാരണക്കാരുള്‍പ്പെടെയുള്ളവരുടെയും ജീവസുരക്ഷ മുന്‍നിര്‍ത്തി മാറ്റി പാര്‍പ്പിക്കാതിരുന്നാല്‍ വലിയ ദുരന്തമായിരിക്കും സംഭവിക്കുകയെന്ന് സേവ് ചെക്കുന്ന് പരിസ്ഥിതിസംരക്ഷണ ഭാരവാഹികള്‍ വ്യകതമാക്കി.


2017 മുതല്‍ ഈ മലയുടെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍ സംഭവിച്ചിരുന്നു. ഓടക്കയത്ത് നടന്ന ഉരുള്‍പ്പൊട്ടലില്‍ ഏഴ് ആദിവാസികള്‍ മരണപ്പെടുകയുണ്ടായി. ഓടക്കയം ഈന്തും പാലി, വെറ്റിലപ്പാറ, കിണറപ്പെന്‍, മുള്ളും കാട് മല ,വേഴക്കോട് കാറ്റിയാടിപ്പൊയില്‍ തെച്ചാം പറമ്പ് ,ചാത്തല്ലൂര്‍ ഭാഗങ്ങളിലെ ജനങ്ങളെ ഏറെ ബാധിക്കുന്നതിനാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഗൗരവമായി പരിഗണിക്കണ്ടതാണെന്നാണ് സേവ് ചെക്കുന്ന് സമിതി ചൂണ്ടിക്കാട്ടുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment