ചെല്ലാനത്തെ തീരശോഷണത്തിന് പിന്നിൽ 




ജോസഫ് വിജയൻ എഴുതുന്നു


ശംഖുമുഖം ഉൾപ്പെടെ വിഴിഞ്ഞത്തിന് വടക്കുള്ള തീരങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രങ്ങളോടെ പല സുഹൃത്തുക്കളും പങ്കുവച്ചിരുന്നു. ഇത് സംബന്ധിച്ച ഇന്നത്തെ (ജൂലൈ 23) ഒരു പത്ര വാർത്തയും കാണുക. ഈ തീര ശോഷണത്തിന് പത്രം കാരണമൊന്നും പറയുന്നില്ലെങ്കിലും ഒരു പ്രധാന കാരണം വിഴിഞ്ഞം വാണിജ്യ തുറമുഖത്തിനായി അദാനി നടത്തിക്കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവൃത്തികളാണെന്ന് ഞാനുൾപ്പെടെ പലരും സൂചിപ്പിക്കാറുമുണ്ട്. 


ശംഖുമുഖം പോലെ എറണാകുളത്തെ ചെല്ലാനത്ത് നടക്കുന്ന തീരശോഷണവും സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ചെല്ലാനത്തെ ചൂണ്ടിക്കാണിച്ച് അതും വിഴിഞ്ഞം കാരണമാണോ എന്ന് “വികസന അന്ധ വിശ്വാസികൾ” എന്ന് വിശേഷിപ്പിക്കാവുന്ന പലരും ചോദ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. മുൻ വർഷങ്ങളിലും ഇക്കാര്യത്തിൽ ഞാൻ വ്യക്തത വരുത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, ഒരിക്കൽ കൂടി അവർക്ക് വേണ്ടിയാണ് ഈ കുറിപ്പ്. 


കൊച്ചി തുറമുഖത്തിന് വേണ്ടി കപ്പൽ ചാനലിൽ ആഴം കൂട്ടുന്നതിന് വേണ്ടി നടത്തുന്ന ഡ്രഡ്ജിംഗ് (മണൽ കുഴിച്ചെടുത്ത് മാറ്റൽ) തുടങ്ങിയ കാലം മുതൽ അക്കാരണത്താൽ ചെല്ലാനം ഉൾപ്പെടെ എറണാകുളത്തിന്റെ പല തീര പ്രദേശങ്ങളിലും തീര ശോഷണം ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടെയാണ് ചെല്ലാനത്ത് പ്രശ്നം കൂടുതൽ രൂക്ഷമായത്. ഇതിന് പ്രധാന കാരണം ചെല്ലാനം തെക്ക് നിർമ്മിച്ച കൃത്രിമ ഫിഷിംഗ് ഹാർബറാണ്. നബാർഡിൽ നിന്നും 29.9 കോടി രൂപാ 2010-ൽ വായ്പയെടുത്ത് നിർമ്മിച്ച ഈ കൃത്രിമ ഹാർബറിന്റെ തെക്കേ പുലിമുട്ടിന്റെ നീളം 570 മീറ്ററാണ്. വടക്കേ പുലി മുട്ടിനാകട്ടെ 150 മീറ്ററും. ഇവയുടെ നിർമ്മാണമാണ് ഇതിന് വടക്കുള്ള ചെല്ലാനം മേഖലയിൽ തീരശോഷണം രൂക്ഷമാക്കിയത്. ഈ പുലിമുട്ടിന് തെക്കുള്ള തീരത്ത് മണ്ണടിയുന്നുണ്ട്. ഇപ്പോൾ തീരശോഷണം കൂടുതലുള്ള മേഖലയിലെ മണലാണ് പുലിമുട്ട് നിർമ്മാണ ശേഷം അടിയുന്നതും അക്കാരണം കൊണ്ട് തിരികെ തീരം നഷ്ടമായിടത്തേക്ക് പോകാതിരിക്കുന്നത് എന്നും നാം മനസ്സിലാക്കണം. 


ചെല്ലാനം ഫിഷിംഗ് ഹാർബർ ഇവിടത്തെ മീൻപിടുത്തക്കാർക്ക് ഗുണം ചെയ്തെന്ന് വാദിക്കുന്നവരുണ്ടാകാം. അതിൽ തർക്കത്തിനുമില്ല. പക്ഷേ ആ വികസനത്തിന്റെ അനന്തരഫലം കൂടിയാണ് ചെല്ലാനത്തെ കടലേറ്റ ദുരിതത്തിന് കാരണമെന്നു കൂടി അംഗീകരിച്ചേ മതിയാകൂ. അങ്ങനെ കോടികൾ മുടക്കി വിലയ്ക്ക് വാങ്ങിയ ഒരു ദുരന്തമാണ് ഇപ്പോൾ ചെല്ലാനത്ത് നാം കണ്ടുകൊണ്ടിരിക്കുന്നത്.


ഇത് വായിച്ചിട്ട് മറ്റൊരു സ്ഥലത്തെ ഉദാഹരണവും എഴുന്നള്ളിച്ച് ആരും വരേണ്ടതില്ല. വിഴിഞ്ഞത്തിന്റെ ഉപജ്ഞാതാവെന്ന് സ്വയം വീമ്പിളക്കിക്കൊണ്ട് കല്ലുകൾ പെറുക്കാനുള്ള ആഹ്വാനവുമായി നടക്കുന്ന വിരുതൻ കഴിഞ്ഞ വർഷം പൊന്നാനിയെ ചൂണ്ടിക്കാണിച്ചാണ് അതും വിഴിഞ്ഞം കാരണമാണോ എന്ന ചോദ്യവുമായി വന്നത്. പൊന്നാനിയിലും ഒരു കൃത്രിമ തുറമുഖം ഉണ്ടെന്ന അറിവ് പോലും ഇല്ലാതെയാണ് ആ ചോദ്യം അന്ന് ഉയർത്തിയത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment