ചെറുവള്ളി എസ്​റ്റേറ്റ്​ പൂർണമായും സർക്കാർ ഭൂമി - സർക്കാർ ആർക്കുവേണ്ടി കൂട്ടുനിൽക്കുന്നു




2017 ഒക്‌ടോബർ 22 ന് ഭൂസമരസമിതി സംസ്ഥാന സെക്രട്ടറി എം പി കുഞ്ഞിക്കണാരൻ മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്ത് വീണ്ടും പ്രസിദ്ധീകരിക്കുന്നു. ശബരിമല വിമാനത്താവളത്തിന്​ എരുമേലിയിൽ സർക്കാർ ഏറ്റെടുക്കുന്ന ചെറുവള്ളി എസ്​റ്റേറ്റ്​ പൂർണമായും സർക്കാർ ഭൂമിയാണെന്ന് റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ഈ തുറന്ന കത്ത് പ്രസിദ്ധീകരിക്കുന്നത്.


ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു തുറന്ന കത്ത്


ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി അവർകൾക്ക്‌,

കോട്ടയം ജില്ലയിലെ ഏരുമേലിക്കടുത്ത്  ചെറുവള്ളിയിൽ ആരംഭിക്കാൻ പോകുന്ന നിർദ്ദിഷ്ഠ വിമാനത്താവള പദ്ധതിക്കായുള്ള പരിസ്ഥിതി ആഘാത പഠനത്തിനു് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൂയി ബർഗ്ഗർ കൺസൽടിങ് ലിമിറ്റഡ് എന്ന അമേരിക്കൻ കമ്പനിയെ 4.55 കോടി രൂപ ചെലവിൽ, നിയോഗിക്കുന്നതായ, മന്ത്രിസഭാ തീരുമാനം വാർത്ത മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു.


ഹാരിസൺ മലയാളം അനധികൃതമായി കൈവശം വെച്ചതും നിയമവിരുദ്ധമായി ഗോസ്പൽ ഫോർ ഏഷ്യ മേധാവി കെ പി യോഹന്നാന് വ്യാജ ആധാരങ്ങൾ ചമച്ചു കൊണ്ട് കൈമാറിയ ഭൂമിയുമാണല്ലോ നിർദ്ദിഷ്ഠ വിമാനത്താവളത്തിനായി ചൂണ്ടി കാണിക്കുന്ന സ്ഥലം.


ഹാരിസൺ മലയാളം എന്ന വിദേശ തോട്ടം കുത്തക കേരളത്തിൽ ഒരു ലക്ഷത്തിൽപരം ഏക്കർ തോട്ട ഭൂമി അനധികൃതമായി കൈവശം വെച്ച് കൊണ്ടിരിക്കുകയാണന്നും , ആയിരക്കണക്കിന് ഏക്കർ ഭൂമി നിയമ വിരുദ്ധമായി കമ്പനി ഇതിനകം കൈമാറ്റം ചെയ്തു കഴിഞ്ഞു എന്നും സർക്കാർ തന്നെ നിയോഗിച്ച നിരവധി കമ്മീഷനുകളുടെ അന്വേഷണത്തിൽ വ്യക്തമായിക്കഴിഞ്ഞതാണ്. ഇങ്ങനെ ഹാരിസൺ അനധികൃതമായി കൈമാറ്റം ചെയ്ത തോട്ട ഭൂമിയാണ് ചെറുവള്ളിയിലെ 2263 ഏക്കർ ഭൂമിയെന്നും താങ്കൾക്കും മറ്റ് മന്ത്രിസഭാംഗങ്ങൾക്കും അറിവുള്ളതുമാണ്.


കേരളത്തിൽ വിദേശ തോട്ടം കുത്തകകൾ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായി കൈവശം വെച്ചു കൊണ്ടിരിക്കുന്ന അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി തിരിച്ചുപിടിച്ച് തോട്ടം തൊഴിലാളികളുടെ ഉടമസ്ഥതയിൽ തോട്ടം പുന:സംഘടിപ്പിക്കാനും മണ്ണിൽ പണിയെടുക്കുന്ന ദലിത് - ആദിവാസികൾ ഉൾപ്പെടെയുള്ള ഭൂരഹിത കർഷകർക്കും കർഷക തൊഴിലാളികൾക്കും കൃഷിഭൂമി വിതരണം ചെയ്തു കൊണ്ട് കേരളത്തിൻ്റെ സ്വാശ്രിതമായ വികസനത്തിനും കാർഷിക പുരോഗതിക്കും അടിത്തറയിടാൻ കഴിയുമാറ്  കാർഷിക-ഭൂ പരിഷ്കരണ നടപടികൾ ഒര് പരിധി വരെയെങ്കിലുംമുന്നോട്ട് കൊണ്ടു പോകുന്നതിനു്  പകരം ഇപ്പോൾ വികസനത്തിൻ്റെ പേരിൽ കൈക്കൊള്ളുന്ന, അങ്ങേയറ്റം ജനവിരുദ്ധമായ തീരുമാനങ്ങളിലുള്ള ഉത്കണ്ഠ താങ്കളുമായി പങ്ക് വെക്കുക എന്നതാണു് ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നതു്.


ലക്ഷക്കണക്കിനു് ഏക്കർ ഭൂമി കേരളത്തിലെ
സർക്കാറിനും ജനങ്ങൾക്കും നഷ്ടപ്പെടുത്താനിടയാകും വിധം ദൂരവ്യാപക ഫലങ്ങൾ ഉളവാക്കുന്നതാണു് ചെറുവള്ളിയിൽ വിമാനത്താവളം നിർമ്മിക്കിനുള്ള പദ്ധതിയെന്ന് തുടക്കത്തിലെ സൂചിപ്പിക്കട്ടെ.


നിലനില്ക്കുന്ന നീതിന്യായ-നിയമ വ്യവസ്ഥ യോടും ഭരണഘടനയോടും അല്പം പോലും നീതി പുലർത്താതെ ഒര്   സ്വകാര്യ (?) വിമാനത്താവള നിർമ്മാണത്തിന് ഇത്തരമൊരു ഭൂമി ,താങ്കളുടെ നേതൃത്വത്തിലുള്ള സർക്കാറിന് കോടതീയിൽ വില കെട്ടി ഏറ്റെടുക്കേണ്ടി വരുന്നതിൻ്റെ പിന്നിലുള്ള ചേതോവികാരമെന്താണ്?


ലക്ഷക്കണക്കിനു് ഏക്കർ ഭൂമി നിയമവിരുദ്ധമായി കൈവശം വെച്ചു കൊണ്ടിരിക്കുന്ന ഭൂ കുത്തകകൾ ആവിഷ്കരിച്ചു നടപ്പാക്കുന്ന ക്രിമിനൽ സ്വഭാവത്തോട് കൂടിയ ഗൂഡാലോചനയായെ ,ഒരു വൻ ഭൂമി കുംഭകോണത്തിനുള്ള കരുനീക്കങ്ങളായെ ഈ പദ്ധതി യെ ആർക്കും  കാണാൻ കഴിയുകയുള്ളൂ എന്ന് താങ്കളെ വിനയപൂർവ്വം അറിയിക്കട്ടെ.


എക്സ്പ്രസ്സ് വേ, തീരദേശ പാത, ഹിൽ ഹൈവേ: അധിവേഗ റയിൽപ്പാത, വിഴിഞ്ഞം, IOC തുടങ്ങിയ പദ്ധതികൾ വികസനത്തിൻ്റെ മറവിൽ അടിച്ചേല്പിക്കാനും, പ്രകൃതി വിഭവങ്ങളും സമ്പത്തും ഒരേ പോലെ കൊള്ള ചെയ്യുന്നതിനു് വൻകിട കോർപ്പറേറ്റുകൾക് ചുവപ്പ് പരവതാനി ഒരുക്കുകയും ചെയ്യുന്ന അതേ ലാഘവത്തോടെ ഏരുമേലി വിമാനത്താവളത്തിനും പദ്ധതിയൊരു ക്കുമ്പോൾ കേരളത്തിൻ്റെ ഭാവി സാധ്യത ക ളെപ്പോലും കരിച്ചു കളയുന്ന ,ഞെട്ടിപ്പിക്കുന്ന ഒരു
വൻ ഭൂമി കുംഭകോണത്തിനുള്ള കോർപ്പറേറ്റ് ഭൂ കുത്തക ക ളു ടെ താത്പര്യങ്ങളാണു് സംരക്ഷിക്കപ്പെടുന്നതെന്നു് ഒരിക്കൽ കൂടി വിനയപൂർവ്വം അങ്ങയെ അറിയിക്കട്ടെ;


ചരിത്രത്തിലേക്കും ചിലനിയമ വശങ്ങളിലേക്കും താങ്കളുടെ ശ്രദ്ധ  ക്ഷണിക്കട്ടെ.


ബ്രട്ടീഷ് കൊളോണിയൽ ആധിപത്യ കാലത്ത് രാജ്യത്ത് വിദേശകമ്പനികൾ കൈവശം വെച്ച് കൊണ്ടിരിക്കുന്ന തോട്ടങ്ങൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം സ്വാതന്ത്ര്യാനന്തരം  അതാത്‌ സംസ്ഥാന / കേന്ദസർക്കാറുകളിൽ നിക്ഷിപ്തമാക്കുന്ന നിയമമാണ് ഇൻഡ്യൻ ഇന്റി പെന്റഡ് ആക്ട്. 


ഭരണഘടനയുടെ പരിരക്ഷയുള്ള ഈ നിയമമനുസരിച്ചു നാടു വാഴിത്ത / രാജവാഴ്ചക്കാലത്ത് തിരുവിതാംകൂർ, കൊച്ചി, പഴയ മലബാറിലെ നാട്ടുരാജ്യങ്ങൾ എന്നിവയിൽ നിന്നും ബ്രിട്ടീഷ് ഈസ്റ്ററ്റിന്ത്യ കമ്പനിയും അവരുടെ തോട്ടം കമ്പനികളും  ദീർഘകാല പാട്ടത്തിനെടുത്തതോ 
അല്ലാതേ യോകൈവശം വച്ചു വരുന്നതായ മുഴുവൻ സമ്പത്തുക്കളുടെയും ഉടമസ്ഥാവകാശം  അതാത് സംസ്ഥാന സർക്കാറുകൾക്കാണ്.ഈ നിയമമനുസരിച്ച് ഇത്തരം സ്വത്തുകൾ വില്പന നടത്തുന്നതോ കൈമാറ്റം ചെയ്യന്നതോ നിയമവിരുദ്ധമാണന്നു് പ്രസ്തുത നിയമത്തിലൂടെ വ്യക്തമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്.


എന്നാൽ സ്വാതന്ത്ര്യാനന്തരം ലക്ഷക്കണക്കിന് ഏക്കർ ഭൂമി ഇന്ത്യയിൽ റജിസ്ട്രേlഷൻ പോലുമില്ലാത്ത കമ്പനികൾ. അതേ പോലെ തന്നെ കയ്യാളുകയോ ഇന്ത്യൻ ബിനാമികൾക് നിയമ വിരുദ്ധമായി കൈമാറുകയോ ചെയ്തു.


1956 ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തൃശൂർ സമ്മേളനം പാസ്സാക്കിയ പ്രമേയത്തിൽ ,ഈ തോട്ട ഭൂമിയുടെ ചരിത്രം വിശകലനം ചെയ്യുന്നുണ്ട്. അടിയന്തിരമായും വിദേശ തോട്ടമുടമകൾ കൈവശം വെക്കുന്ന ലക്ഷക്കണക്കിനു് ഏക്കർ വരുന്ന ഇത്തരം തോട്ട ഭൂമി ദേശസാൽക്കരിക്കണമെന്ന അന്നത്തെപാർട്ടി സംസ്ഥാന സമ്മേളന പ്രമേയം ഇത്തരമൊരു സന്ദർഭത്തിൽ താങ്കളെ ഓർമ്മപ്പെടുത്തട്ടെ.


എന്നാൽ പ്രമേയം പാസ്സാക്കി,പ്രക്ഷോഭങ്ങൾ നയിച്ച് , ഒര് വർഷത്തിനള്ളിൽ പാർടി സംസ്ഥാനത്ത് അധികാരത്തിൽ വന്ന് ഭൂപരിഷ്കരണ നടപടികൾക്ക്‌ ശ്രമം നടത്തിയപ്പോൾ ബാഹ്യമായ ഇടപെടലുകൾ കാരണം തോട്ട ഭൂമിയുടെ ദേശസാൽക്കരണം മാറ്റിവെക്കപ്പെട്ടു. പിന്നീട് അധികാരത്തിൽ വന്ന എല്ലാ സർക്കാറുകളും ഇക്കാര്യത്തിൽ നിശബ്ദത പാലിച്ചത് കാരണം ടാറ്റ, ഗോയങ്ക തുടങ്ങിയ ഇന്ത്യൻ കുത്തകളുടെ കമ്പനികളെ ബിനാമികളാക്കി തോട്ട ഭൂമി മുഴുവൻ, നിയമവിരുദ്ധമായി രാജ്യത്തിലെ ഭരണഘടനാപരിരക്ഷയുള്ള നിയമങളെ പോലും കാറ്റിൽ പറത്തി കൊണ്ട് , കൈവശം വെച്ച് കൊണ്ടിരിയ്ക്കയായിരുന്നു വിദേശതോട്ടം കമ്പനികൾ.


ഇടുക്കി ജില്ലയിൽ മാത്രമായി ഒര് ലക്ഷത്തി എൺപത്തി ആറായിരം ഏക്കർ ഭൂമിയാണ് ടാറ്റ ടീ, കണ്ണൻ ദേ വ ൻ എന്ന ബ്രട്ടീഷ് കമ്പനിയുടെ ബിനാമിയായും വ്യാജ രേഖ ചമച്ച് കൈമാറ്റം ചെയ്തും നിയമവിരുദ്ധമായി ഇപ്പോൾ കൈവശം വെച്ചു കൊണ്ടിരിക്കുന്നതും .


ഹാരിസൺ മലയാളം എന്ന വിദേശ കമ്പനിയാകട്ടെ 
R P ഗോയങ്കെ എന്ന ബിനാമിയെ വച്ച് ഏഴ് ജില്ലകളിലായി ഒരു ലക്ഷത്തിൽപ്പരം ഏക്കർ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നു. ഇതിൽ പലതും നിയമവിരുദ്ധമായി മുറിച്ച് വില്പന നടത്തികൊണ്ടിരിക്കുന്നു.
 മാത്രമല്ല TRആൻ്റ് T, AVT, തുടങ്ങിയ കമ്പനികളും കേരള ഭൂപരിഷ്കരണ നിയമങൾ ,കേരള ഭൂസംരക്ഷണ നിയമങ്ങൾ, ഗവ: ഓഫ് ഇന്ത്യാ ആക്ട്‌ ,ഫെറ നിയമങ്ങൾ ,വിദേശ നാണയ വിനിമയ നിയന്ത്രണ ചട്ടങ്ങൾ തുടങ്ങി നിരവധി നിയമങ്ങളെ മറികടന്നു കൊണ്ടാണു് സംസ്ഥാനത്തെ ജനങ്ങൾക്കവകാശപ്പെട്ട ഭൂമി കൈവശം വെച്ച് കൊണ്ടിരിക്കുന്നതു്.


ഇക്കാര്യങളെല്ലാം വസ്തുതാപരമായി പ്രതിപാദിച്ചുകൊണ്ട് സർക്കാർ തന്നെ നിയോഗിച്ച സ്പെഷ്യൽ ഓഫീസർ Dr. MG രാജമാണിക്യം IAS
2016 ജൂൺ 4 ന് മുഖ്യമന്ത്രി എന്ന നിലക്ക്‌ താങ്കൾക്ക്‌ സമർപ്പിച്ചിട്ടുള്ള 
റിപ്പോർട്ടിൽ ചൂണ്ടി' കാണിച്ചിട്ടുള്ളതാണല്ലോ.


ഇത്തരമൊരു കണ്ടെത്തലിൻ്റെ വെളിച്ചത്തിലാണല്ലോസം സ്ഥാന ലാൻ്റ് ബോർഡ് സ്പെഷ്യൽ ഗവ: പ്ലീഡർ സുശീല ആർ.ഭട്ട്, തോട്ടത്തിൽ സി.രാധാകൃഷ്ണൻ വി പി രാമകൃഷ്ണപ്പിള്ള എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് 2013 ഫെബ്രുവരി 28നു് ഹാരിസൺ മലയാളം കൈവശം വെച്ചിരിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നു് ഉത്തരവിട്ടതു. ഡോ.രാജമാണിക്യം  സ്പെഷ്യൽ ഓഫീസർ എന്ന നിലയിൽ ചില തോട്ടങ്ങൾ ഏറ്റെടുത്ത് സർക്കാറിൽ നിക്ഷിപ്തമാക്കി ക്കൊണ്ടുള്ള നടപടികൾ ക്ക്‌ തുടക്കം കുറിക്കൂന്നതും, ഇതിനെ തുടർന്നാണു്. ഇത്തരം നീക്കങ്ങൾ മറികടന്നു കൊണ്ട് കൊള്ള മുതൽ സംരക്ഷിക്കുവാനുള്ള ഗൂഡാലോചനകൾ കോർപ്പറേറ്റു കേമ്പുകളിൽ ഇന്ന്സജീവമാണന്ന കാര്യം താങ്കളുടെ അറിവിലും പെട്ടിരിക്കുമല്ലോ?


മാത്രമല്ല, കേരളത്തിലെ തോട്ടം തൊഴിൽ മേഖലയിൽ ഉയർന്നു് വന്ന ചില സമരങ്ങളും (പെമ്പിളൈ ഒരു മൈയുടെ മൂന്നാർ സമരം) തോട്ട ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിൽ നടന്നു് കൊണ്ടിരിക്കുന്ന ഭൂസമരങ്ങളും ഇന്ന് എത്രമാത്രം ചെറുതാണങ്കിൽ പോലും നാളെ കേരളത്തിൻ്റെ വിധി നിർണ്ണായകമായ ജനകീയ പ്രക്ഷോഭങ്ങളായി രൂപാന്തരപ്പെടാതെ വയ്യ.  തോട്ടം കുത്തകകളെ അത് ഇപ്പോൾ തന്നെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. അതിൻ്റെ  സൂചനകൂടിയാണ് ചെറുവള്ളി വിമാനത്താവള നിർമ്മാണത്തിൻ്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന കോർപ്പറേറ്റ് അജണ്ടയെന്ന് കണ്ടെത്താൻ പ്രയാസമില്ല.


ഇവിടെ യാണ് നിർദ്ദിഷ്ഠ ചെറുവള്ളി വിമാനത്താവളം വൻ ഭൂമി കുംഭകോണത്തിനുള്ള മറയായി മാറുന്നത്.


ഭൂസമര മുന്നണിയുടെ നേതൃത്വത്തിൽ ചെറുവള്ളിയിൽ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് ആ പ്രദേശത്ത്  കുറച്ച് ദിവസങ്ങൾ ചെലവഴിച്ച ഒരാളെന്ന നിലയിൽ, ചെറുവള്ളിയിലും എരുമേലിയിലും പരിസര പ്രദേശങ്ങളിലും താങ്കളുടെ ചിത്രം ആലേഖനം ചെയ്ത വലിയ ഫളക്സ് ബോർഡുകൾ കാണാനിടയായി. വികസനത്തിൻ്റെ അവധൂതനായി താങ്കൾ അതിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ചില സംശയങൾ ഇവിടെ ഉന്നയിക്കുകയാണ്.


1.ഹാരിസൺ കമ്പനി നടത്തിയിട്ടുള്ള ഭൂമി തിരിമറി, കള്ള പ്രമാണങ്ങൾ ചമയ്കൽ, വിദേശനാണയ വിനിമയ നിയമ ലംഘനം: തുടങ്ങി നിരവധി കുറ്റങ്ങളുടെ പേരിൽ ക്രൈം ബ്രാഞ്ച്, വിജിലൻസ്, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തുടങ്ങി നിരവധി സർക്കാർ ഏജൻസികളുടെ അന്വേഷണത്തെ അഭിമുഖീകരിക്കുന്ന ഭൂമിയാണിത്.നിരവധി കേസ്സുകളിൽ സർക്കാറിന് അനുകൂലമായി വിധികൾ വന്നിട്ടുള്ളതുമാണ്. ഇത്തരമൊരു ഭൂമി തന്നെ എന്തുകൊണ്ട് വിമാനത്താവള നിർമ്മാണത്തിനായി നിർദ്ദേശിക്കപ്പെട്ടു.


2. സർക്കാർ ഭൂമി കയ്യേറ്റം, ഗൂഡാലോചന, സർക്കാറിനു് കോടികളുടെ നഷ്ടം വരുത്തൽ തുടങ്ങി നിരവധി കേസ്സുകളിൽ പ്രതിയാണ് വിദേശത്ത് സ്ഥിരതാമസമാക്കിയ ഗോ സ്പെൽ ഓഫ് ഏഷ്യായുടെ മേധാവിയായ ഫാദർ കെ.പി.യോഹന്നാൻ ' ' പല കേസ്സുകളിലും ഇയാൾക്കെതിരെ വിധികൾ വന്നിട്ടു മുണ്ട്.രാജ്യദ്രോഹകരമായ പ്രവർത്തനത്തിലേർപ്പെടുന്ന ഇദ്ദേഹത്തെ പോലെയുള്ളവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനു് വേണ്ടിയാണു് ചെറുവള്ളിവിമാനത്താവള പദ്ധതിയെന്നു് ആരെങ്കിലും ആരോപിച്ചാൽ അതിലെന്താണു് തെറ്റ്?


3. സർക്കാർ തന്നെ നിയോഗിച്ച സ്പെഷ്യൽ ഓഫീസറായ രാജമാണിക്യം 2015 മെയ് 28ന് ഒര് ഉത്തരവിലൂടെ തിരിച്ചുപിടിച്ചു സർക്കാറിൽ നിക്ഷിപ്തമാക്കിയ ഭൂമിയാണിത്. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് യോഹന്നാൻ കൊടുത്ത ഹരജിയിൽ തീർപ്പ് കോടതിയിൽ നിന്നും വന്നിട്ടില്ല. എന്നിട്ടും എന്തേ ഇത്ര തിടുക്കപ്പെട്ട് ഒരു വിമാനത്താവള പദ്ധതി ?


4.2005 ഓഗസ്റ്റിൽ ഏരുമേലി സബ് രജിസ്റ്റർ ആപ്പീസിൽ ,ഇന്ത്യൻ കമ്പനി റജിസ്ടേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാത്ത ഹാരിസൺ കമ്പനി (1906 ലെ ലണ്ടൻ റജിസ്ടേഷൻ മാത്രമാണ് ഹാരിസൺ കമ്പനിക്കുള്ളത്) വ്യാജരേഖകളുടെ പിൻബലത്തിലാണ് 22 63 ഏക്കർ ഭൂമി 23429/2005 ആധാര പ്രകാരം റജിസ്റ്റർ ചെയ്യുന്നത്. തൃശൂർ കൊല്ലം: വയനാട്, കോട്ടയം ,ഇടുക്കി ജില്ലകളിൽ തങ്ങളുടെ കൈവശമിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനായി ഹാരിസൺ ഹാജരാക്കിയ കൊല്ലം റജിസ്റ്റർ ആഫീസിൽ 1923 ൽ റജിസ്ട്രർ ചെയ്തു എന്നു പറയുന്ന 1600/1923 നമ്പർ ആധാരം വ്യാജമാണന്നു് സർക്കാർ അന്വേഷണത്തിൽ തെളിഞ്ഞു കഴിഞ്ഞതാണ്. വ്യാജമായ ഈ മുന്നാധാരം കാണിച്ചു കൊണ്ടാണു് ഏരുമേലി റജിസ്റ്റർ ഓഫീസിൽ 22 63 ഏക്കർ ഭൂമി 2 3 429/2005 ആധാര പ്രകാരം കൈമാറുന്നത്. അത് മാത്രമല്ല 369/1,369/2,369/3 തുടങ്ങി 369/7 വരെ എന്ന് സർവ്വേ നമ്പറുകളിൽ പറയുന്ന ഭൂമി സർക്കാർ  കൈവശമുള്ള സെറ്റിൽമെൻ്റ്റജിസ്റ്ററുകളിൽ സർക്കാർ ഭൂമിയാണന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.


ഇങ്ങനെ നിരവധി കാരണങ്ങളാൽ സർക്കാറിൽ നിക്ഷിപ്തമാക്കേണ്ട ഭൂമിയിൽ കോർപ്പറേറ്റുകൾക്ക്‌ വേണ്ടി കോടതിയിൽ തുക കെട്ടിവെച്ച് വിമാനത്താവള നിർമ്മിതിക്ക്‌ ഒരുങ്ങുമ്പോൾ സ്വാഭാവികമായി ഉയർന്നു് വരുന്ന നിരവധി ചോദ്യങ്ങളുണ്ട്.


ബഹുമാനപ്പെട്ട മുഖ്യ മന്ത്രി,
സർക്കാറിൻ്റെ ഇത്തരമൊരു നീക്കം സൃഷ്ടിക്കാൻ പോകുന്ന ദൂരവ്യാപക ഫലങ്ങളെക്കുറിച്ച് താങ്കളും താങ്കളുടെ മന്ത്രിസഭയിലെ അംഗങ്ങളും ബോധവാന്മാരാണോ? വിമാനത്താവള പദ്ധതിക്ക് വേണ്ടിയുള്ള ഈ നടപടികൾ സർക്കാറിന് ഏറ്റെടുക്കാൻ കോടതി വിധികൾ പോലും വന്നിട്ടുള്ള കേസ്സുകളിൽ പ്രതികൂലമാകുമെന്ന് ഏതൊരു സാധാരണക്കാരന് പോലും ഇന്ന് മനസ്സിലാക്കാൻ കഴിയും.ലക്ഷക്കണക്കിനു് ഏക്കർ ഭൂമി ,സംസ്ഥാനത്തിന് തിരിച്ചുപിടിക്കാൻ കഴിയുന്ന ഭൂമി നഷ്ടപ്പെടുന്നതിനു് ഇത് ഇടയാക്കും.


ടാറ്റ, ഹാരിസൺ ഉൾപ്പെടെയുള്ള തോട്ടം കുത്തകകൾ കേരളത്തിൽ കയ്യടക്കിയിട്ടുള്ള ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികളെ ദുർബ്ബലപ്പെടുത്തുകയും എന്നന്നേക്കുമായി ഈ ഭൂമിയ ത്രയും കേരള ജനതക്കു് നഷടപ്പെടുകയും ചെയ്യും. അത് കൊണ്ട് തന്നെ ചെറുവള്ളി ഭൂമിയിലെ വിമാനത്താവള നിർമ്മാണ പദ്ധതി കേരളത്തിൻ്റെ ഭാവിയെ ഓർത്തെങ്കിലും ഉപേക്ഷിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്.


വിമാനത്താവള നിർമ്മാണവുമായി ബന്ധപ്പെട്ട ഭൂമിയുടെ നിയമപരമായ ചില വ ശ ങ ൾ മാത്രമെ ഇവിടെ പരാമർശിച്ചിട്ടൂള്ളൂ. വിമാനത്താവളം പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുന്ന പാരിസ്ഥിതികമായ ആഘാതം തോട്ടം തൊഴിലാളി വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പ്രദേശത്തെ ഭൂരഹിതരായ ജനവിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ഇതു് മായി ബന്ധപ്പെട്ട് ഇനിയും ചർച്ച ചെയ്യപ്പെടേണ്ടതുണ്ടന്ന് തന്നെയാണ് കരുതുന്നതു്. അത് പിന്നീടൊരിക്കൽ ആവാം.


അഭിവാദനങ്ങളോടെ .
എം.പി.കുഞ്ഞിക്കണാരൻ
സെക്രട്ടറി, ഭൂസമരസമിതി, സംസ്ഥാന കമ്മിറ്റി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment