ജൈവവൈവിധ്യത്തിന്റെ  പരിപാലനം  - കാലാവസ്ഥവ്യതിയാന ലഘൂകരണത്തിലെ നിശബ്ദ വിപ്ലവം.




പരിഹാരം പ്രകൃതിയിൽ തന്നെ !


ഭൂമിയിലെ തുടർന്നുള്ള ജീവിതത്തിനായുള്ള വഴിത്തിരിവിലാണ് നാം എത്തിനിൽക്കുന്നത്. ആഗോളതാപനത്തിന്റെ നാൾവഴികളിൽ കോവിഡ് പോലുള്ള മഹാമാരികൾ, വരൾച്ച, കൃഷിനാശം, പ്രളയം, കൊടുങ്കാറ്റ്,  ഭക്ഷ്യക്ഷാമം ,ജൈവവൈവിധ്യ നഷ്ടങ്ങൾ തുടങ്ങി ഒട്ടനവധി പ്രതിസന്ധികളിലൂടെ ലോകം കടന്നു പോകുന്നു. ദശലക്ഷം ജീവിവർഗ്ഗങ്ങൾ വംശനാശഭീഷണി നേരിടുന്നു. ആവാസവ്യവസ്ഥകൾ നഷ്ടമാകുന്നു.


ഈ മാറ്റങ്ങളൊന്നും നമ്മുടെ നിത്യജീവിതത്തെ ബാധിക്കുന്നില്ല എന്ന തോന്നലിൽ നാം കടന്നു പോകുന്നു. എന്നാൽ വാസ്തവത്തിൽ ജൈവവൈവിധ്യ നഷ്ടം നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. സുസ്ഥിരമായ മെച്ചപ്പെട്ട ലോകത്തിനായുള്ള നമ്മുടെ ശ്രമങ്ങൾ, വികസനങ്ങൾ ശരിയായ പാതയിലൂടെ ആണോ എന്ന് വിലയിരുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.


കാലാവസ്ഥ വ്യതിയാനം ഇന്ന്  വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രകൃതിയിൽനിന്നുള്ള പരിഹാരങ്ങൾക്ക് സുസ്ഥിരമായ നിലനിൽപ്പുണ്ടെന്നെതിനാൽ,  ജൈവവൈവിധ്യത്തെ പരിപാലിക്കുക,  പുനരുജ്ജീവിപ്പിക്കുക എന്നതാണ്  കാലാവസ്ഥ വ്യതിയാനതെ ലഘൂകരിക്കാനുള്ള ശരിയായ മാർഗം. ആരോഗ്യകരവും ജൈവവൈവിധ്യപൂർണ്ണവുമായ ആവാസവ്യവസ്ഥകൾ,  പ്രത്യേകിച്ച് തണ്ണീർത്തടങ്ങൾ നമ്മുടെ നിലനിൽപ്പിനാധാരമാണ്. അവ നമുക്ക് ഭക്ഷണം ,വെള്ളം, ജോലി ,സുരക്ഷാ തുടങ്ങിയ അടിസ്ഥാനാവശ്യങ്ങൾ പ്രധാനം ചെയ്യുന്നു. ലോകത്തുള്ള എല്ലാ ജീവജാലങ്ങളും ജൈവസമ്പത്തിനെ ആശ്രയിച്ചു ജീവിക്കുന്നു.


തെക്കൻ പശ്ചിമഘട്ടത്തിലെ അത്യപൂർവ ജൈവവൈവിധ്യ കലവറയായ, തണ്ണീർതടങ്ങളായ കാട്ടുജാതിക്കകണ്ടൽ ചതുപ്പുകൾ അഥവാ മിരിസ്റ്റിക്കാ ചതുപ്പുകളുടെ സംരക്ഷണത്തിനായും,  അവയുടെ പ്രാധാന്യം പ്രാദേശിക ജനങ്ങളെ ബോധ്യപ്പെടുത്തി , ജൈവവൈവിധ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും ഡോ എം കമറുദ്ദീൻകുഞ്ഞ് നടത്തിയ പ്രവർത്തനങ്ങൾ ജൈവവൈവിധ്യ സംരക്ഷണത്തിൽ  ഏറെ പ്രാധാന്യമർഹിക്കുന്നു. പ്രദേശവാസികളെ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം പഠിപ്പിച്ച് അവരെ ഈ ജൈവ വൈവിധ്യ സമ്പത്തിന്റെ കാവലായി മാറ്റുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു .അത്തരത്തിൽ ജൈവവൈവിദ്ധ്യ സംരക്ഷണത്തിനും, തണ്ണീർത്തടങ്ങൾക്കും വേണ്ടി  നടന്ന സമരം വിജയം കാണുകയും ചെയ്തു .


ജനങ്ങളുടെ ശാസ്ത്രജ്ഞനായി നിലകൊണ്ട്, അധ്യാപകനായി സേവനമനുഷ്ഠിച്ച ഡോ എം കമറുദ്ദീൻ സർ ജൈവവൈവിദ്ധ്യ സംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കിമാറ്റിയത്, അത് മറ്റുള്ളവർക്ക് പകർന്നുനൽകിയത് അദ്ദേഹം പ്രകൃതിയിലൂടെ, വരുന്നതലമുറകളിലൂടെ ജീവിക്കാൻ കാരണമായി. അദ്ദേഹത്തെ ഓർമിച്ചുകൊണ്ടല്ലാതെ ഈ ജൈവവൈവിധ്യ ദിനം കടന്നുപോകാനാകില്ല..


എഴുത്ത് -ആദർശ് പ്രതാപ്
ചിത്രങ്ങൾ : സാലി പാലോട്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment