ഇന്ന് നാളികേര ദിനം 




സെപ്റ്റംബർ 2. ലോക നാളികേര ദിനം. കേരളത്തിന്റെ പേരു് പോലും തെങ്ങുമായി ബന്ധപ്പെട്ടു നിൽക്കുന്നു. തെങ്ങ് നമ്മുടെ ജീവിത വൃക്ഷമാണ്. തെങ്ങിനെ അടിസ്ഥാനമാക്കി നമ്മുടെ ജീവിതത്തെ മാറ്റി തീർത്താൽ വലിയ അത്ഭുതങ്ങൾ സംഭവിക്കും. നമ്മുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലെ ഒരു മാതൃക തെങ്ങായിരിക്കണം. തെങ്ങും വാഴയും കമുകും കുരുമുളകും മുരിങ്ങയും മാവും പ്ലാവും പേരയും ചാമ്പയും നാരകവും ഇരുമ്പൻ പുളിയും, കറിവേപ്പും കടപ്ലാവും പുളിയും ചേമ്പും ചേനയും കൂർക്കയും ഇഞ്ചിയും മഞ്ഞളും കൂവയും പച്ചക്കറികളും വെറ്റിലക്കൊടിയും ഒക്കെ ഇടകലർന്നു വളർന്നിരുന്ന നമ്മുടെ ആ പറമ്പു കൃഷി പറ്റാവുന്ന ഇടങ്ങളിൽ തിരിച്ചു കൊണ്ടു വന്നാൽ കേരളത്തിലെ മണ്ണും ജലവും സംരക്ഷിക്കപ്പെടും. 


വളമായി ചാണകവും പച്ചിലയും എല്ലുപൊടിയും കുമ്മായവും കപ്പലണ്ടിപ്പിണാക്കും ജൈവമാലിന്യങ്ങളും ഇട്ട് മണ്ണിനെ ജീവൻ വയ്പ്പിക്കുന്ന രീതിയും ഇതിന്റെ ഭാഗമാണ്. മഴയ്ക്കു  മുൻപ് പറമ്പാകെ കിളച്ചു കണ്ണി ക്കൂട്ടിയും മരങ്ങൾക്കു ചുറ്റും തടം തീർത്തും നമ്മുടെ പൂർവ്വികർ നടപ്പാക്കിയിരുന്ന  ജലസംരക്ഷണ പ്രവർത്തനങ്ങൾ വീണ്ടെടുക്കണം. മഴക്കാലത്തിനു ശേഷം പറമ്പാകെ കണ്ണിനിരത്തി ജൈവ വളങ്ങൾ ഇട്ട് തടം നികത്തിയും ഭൂഗർഭത്തിൽ ശേഖരിച്ച ജലം സൂര്യപ്രകാശമേറ്റ് പുറത്തേക്കു പോകാതെ കാത്തുസൂക്ഷിച്ചിരുന്നു. പറമ്പു കൃഷിയിലെ മരങ്ങളുടെ പലവിതാനത്തിലുള്ള വിന്യാസക്രമം ഭൂമിയിൽ നേരിട്ട് സൂര്യപ്രകാശം ഏല്ക്കാതെയും സഹായിച്ചിരുന്നു. 


ഭൂമിയുടെ ഉപരിതലത്തിൽ പടർന്നു നില്ക്കുന്ന പുല്ലുകളുടെ  (ഭൂവസ്ത്രത്തിന്റെ) ധർമ്മങ്ങളിലൊന്ന് ജല സംരക്ഷണ പ്രവർത്തനമാണ്. ഇതെല്ലാം തന്നെ സ്വാഭാവികപ്രവർത്തനങ്ങളായിരുന്നെന്ന് പ്രത്യേകം ഓർക്കണം. മണ്ണിനെ , ജലത്തെ, വായുവിനെ അറിഞ്ഞു കൊണ്ടുള്ള കാർഷിക സംസ്കൃതിയെ നാം തിരിച്ചറിയണം. "കൃഷി |ഗീത " ദൈനം ദിന ജീവിതത്തിലെ നിത്യപാരായണ പുസ്തകവും കുട്ടികൾക്കു പഠിക്കാനുള്ള പാഠപുസ്തകവും ആകണം.


റിപ്പോർട്ട്: പ്രേംകുമാർ മൂഴിക്കുളം ശാല 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment