പ്രളയം ജൈവവൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതം സമഗ്രമായി പഠിക്കും : മുഖ്യമന്ത്രി




പ്രളയം കേരളത്തിന്റെ ജൈവവൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതം സമഗ്രമായി പഠിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനജൈവവൈവിധ്യബോര്‍ഡിന്റെ നേതൃത്വത്തിൽ ജൈവവൈവിധ്യമേഖലയിലെ മാറ്റം പഠിക്കുമെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.  തദ്ദേശസ്ഥാപനങ്ങളിലെ ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റികളുമായി ചേര്‍ന്നാണ് പഠനം നടത്തുക.  പ്രാദേശികമായി സൂക്ഷ്മമായ സര്‍വ്വെ നടത്താനാണ് തീരുമാനം. 


ഒരു മാസത്തിനകം ഇത് പൂര്‍ത്തിയാകും. വിദഗ്ധരടങ്ങിയ സംസ്ഥാനതല സമിതി സര്‍വ്വെയും പഠനവും നിരീക്ഷിക്കും. ജൈവവൈവിധ്യമേഖലയിലെ വിദഗ്ധരായ നൂറു പേരെ പഠനത്തിന് നേതൃത്വം നല്‍കാന്‍ ചുമതലപ്പെടുത്തും. ഈ റിപ്പോര്‍ട്ടിന്റെ കൂടി പശ്ചാത്തലത്തിലാകും സംസ്ഥാനത്തിന്റെ സുസ്ഥിരവികസനത്തിന് ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നും മുഖ്യമന്ത്രി പറഞ്ഞു. 


പശ്ചിമഘട്ടത്തിലെ സൂക്ഷ്മ ആവാസ വ്യവസ്ഥയെ പ്രളയം ഗുരുതരമായി ബാധിച്ചിട്ടുണ്ടാവുമെന്ന് വിദഗ്ദർ നേരത്തേ തന്നെ അഭിപ്രായപ്പെട്ടിരുന്നു. കനത്ത മഴയിൽ പശ്ചിമഘട്ട മേഖലയിലുടനീളം ഉരുൾ പൊട്ടിയിരുന്നു. ജൈവവൈവിധ്യത്തിൽ ഉണ്ടായ മാറ്റങ്ങൾ കണക്കിലെടുത്ത് സുസ്ഥിര വികസന പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന തീരുമാനം പ്രതീക്ഷ നൽകുന്നതാണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment