കൊറോണാ കാലത്തെ സൈക്കിൾ: പ്രകാശ് പി ഗോപിനാഥ് സംസാരിക്കുന്നു - ഭാഗം 2




വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിലോടുന്ന സൈക്കിൾ വണ്ടിയെ തിരുവനന്തപുരം നഗരത്തിന്റെയെന്നല്ല കേരളത്തിന്റെ തന്നെ ബദൽ യാത്രാവാഹനമാക്കാൻ അക്ഷീണം പ്രവർത്തിക്കുന്ന വ്യക്തിയാണ് പ്രകാശ് പി ഗോപിനാഥ്. 2009 മുതൽ അദ്ദേഹം നടത്തിവരുന്ന സൈക്കിൾ ശ്രമങ്ങളുടെ ഫലമായി അദ്ദേഹത്തിനു തിരുവനന്തപുരം നഗരത്തിന്റെ സൈക്കിൾ മേയർ എന്ന പദവി ചാർത്തിക്കിട്ടി. സൈക്കിൾ പ്രകാശ് എന്നും സൈക്കിൾ മേയർ എന്നും ഒക്കെ അറിയപ്പെടുന്ന പ്രകാശ് പി ഗോപിനാഥ് തിരുവനന്തപുരത്തെ സാംസ്കാരിക-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമാണ്. മാനവീയം തെരുവോരക്കൂട്ടത്തിന്റെ നേതൃനിരയിലുള്ള അദ്ദേഹം കൊറോണ നിർമൂലനത്തിനു വേണ്ടി സജീവമായി പ്രവർത്തിക്കുന്നതിനിടെ കൊറോണാ കാലത്ത് സൈക്കിൾ ഒരു സുരക്ഷാ ബദൽ യാത്രാ സംവിധാനമാണെന്ന പ്രചാരണവും ശക്തമായി നടത്തുന്നു. ഈ സാഹചര്യത്തിലാണ് ജോൺ എം.എൽ അഭിമുഖം തയാറാക്കിയത്:


രണ്ടാം ഭാഗം


ജെ എം എൽ: എന്തൊക്കെ പറഞ്ഞാലും ജനങ്ങളുടെ മനസ്സിലുള്ള അപകട ഭീതി മാറേണ്ടേ, പ്രത്യേകിച്ചും സ്കൂൾ കുട്ടികളുടെ കാര്യത്തിൽ?


പ്രകാശ്: നമ്മുടെ സമീപനം മാറണം. ഇപ്പോൾ കൊല്ലത്ത്, ചവറ മുതൽ ഏകദേശം ചേർത്തല വരെ സ്കൂൾ വിദ്യാർഥികൾ എല്ലാം തന്നെ സൈക്കിളിൽ പോകുന്നു. സമൂഹം ഒന്നാകെ അവർക്കായി കരുതൽ നൽകുന്നു. തിരുവനന്തപുരത്ത് നമ്മൾ സൈക്കിൾ ട്രെയിൻ എന്നൊരു കൺസെപ്റ്റ് കൊണ്ട് വരാൻ പോവുകയാണ്. അതായത്, ഒരു കുട്ടി പേരൂർക്കട നിന്ന് സൈക്കിളിൽ വരുന്നു. അമ്പലംമുക്കിൽ എത്തുമ്പോൾ രണ്ടു കുട്ടികൾ അവർക്കൊപ്പം ചേരുന്നു. അവർ കവടിയാർ എത്തുമ്പോൾ അവിടെ നിന്ന് അഞ്ചു കുട്ടികൾ ചേരുന്നു. വെള്ളയമ്പലത്ത് നിന്ന് വീണ്ടും അഞ്ചു കുട്ടികൾ, അങ്ങിനെ അവർ ഹോളി ആൻജെലിസിലോ, സെന്റ് ജോസഫ്സിലോ മോഡൽ സ്കൂളിലോ ഒക്കെ എത്തുമ്പോൾ അമ്പതിലധികം കുട്ടികളുടെ ഒരു ട്രെയിൻ തന്നെ രുപീകരിക്കപ്പെട്ടിരിക്കും. അവരിൽത്തന്നെ ലീഡർഷിപ്പ് ഗുണമുള്ള രണ്ടോ മൂന്നോ കുട്ടികൾക്ക് മുന്നും പിന്നും റോഡിനുൾവശവും പ്രൊട്ടക്റ്റ് ചെയ്ത് സഞ്ചരിക്കാം. നിങ്ങൾ തന്നെ പറയൂ, ഈ ട്രെയിനിനെ അപായപ്പെടുത്താൻ ഏതെങ്കിലും ഇതര വാഹനങ്ങൾക്ക് കഴിയുമോ? നമ്മുടെ ചിന്താരീതി മാറണം, അത് മാത്രമാണ് വേണ്ടത്.


ജെ എം എൽ: നഗരത്തിനുള്ളിൽ ഗതാഗതം കുറയ്ക്കുകയും പകരം ലാസ്റ്റ് മൈൽ കണെക്ടിവിറ്റിയ്ക്കായി സൈക്കിൾ ഉപയോഗിക്കുകയും ചെയ്തുകൂടെ?


പ്രകാശ്: അത്തരത്തിലുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ബാംഗ്ലൂരിൽ പരീക്ഷിച്ചു വിജയിച്ചതാണത്. നിങ്ങൾ ആറ്റിങ്ങലിൽ നിന്ന് വരുന്നെന്ന് വെയ്ക്കുക. നിങ്ങൾ തമ്പാനൂരിൽ ഇറങ്ങിക്കഴിഞ്ഞാൽ പോകേണ്ടത് വഞ്ചിയൂരിലെ ഓഫീസിലേക്കാണെങ്കിൽ നിങ്ങൾക്ക് ഒരു സൈക്കിൾ എടുത്ത് ഓഫീസിലേയ്ക്ക് പോകാം. ബാംഗ്ലൂരിൽ യുലു എന്നും ബൗൺസ് എന്നും പേരുള്ള സ്വകാര്യ കമ്പനികളാണ് ഇത് ഓപ്പറേറ്റ് ചെയ്യുന്നത്. ആദ്യത്തെ അര മണിക്കൂറിന് പത്തു രൂപയും പിന്നീടുള്ള ഓരോ അരമണിക്കൂറിനു അഞ്ചു രൂപയും ചാർജ്ജ് ചെയ്യുന്നു. . ഇത് തിരുവനന്തപുരത്ത് പ്രയോഗിക്കാവുന്നതാണ്. പക്ഷെ അങ്ങനെ ഉപയോഗിക്കുന്നവർക്ക് അവരുടെ തൊഴിൽ ദായകർ എന്തെങ്കിലും ഇൻസെന്റീവ് നൽകണം. അത് ഇൻക്രിമെന്റ്റ് ആയോ, പ്രൊമോഷൻ പോയിന്റ് ആയോ, ഷോപ്പിംഗ് പോയിന്റ് ആയോ ഒക്കെ നൽകാവുന്നതാണ്. എല്ലാ സഥാപനങ്ങളും അവയുടെ കോര്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി മെച്ചപ്പെട്ട സൈക്കിൾ, അതായത് ഗീയറുള്ളവ, ബാറ്ററി കൊണ്ടോടുന്നവ ഒക്കെ നൽകുന്നതിലൂടെ നിർവഹിക്കാവുന്നതാണ്.


ജെ എം എൽ: സൈക്കിൾ വിജയകരമായി പരീക്ഷിച്ച ഇടങ്ങളിൽ ഒക്കെ ക്ലൈമറ്റ് ഒരു ഘടകം ആയിരുന്നു. അനുകൂലമായ കാലാവസ്ഥയല്ല തിരുവനന്തപുരം പോലെ ഒരിടത്തുള്ളത്.


പ്രകാശ്: അത് ഒരു പോയിന്റ് തന്നെയാണ്. ടെക്നോ പാർക്കിലുള്ള ചില ചെറുപ്പക്കാർ സൈക്കിൾ ഉപയോഗിക്കുന്നുണ്ട്. അവർ പറയുന്നത്, മിക്കവാറും ഓഫീസുകളിൽ കുളിക്കാനും വസ്ത്രം മാറാനും ഉള്ള സൗകര്യങ്ങൾ ഇല്ല എന്നതാണ്. നല്ല വാഷ് റൂമുകൾ ഉള്ള ഓഫീസുകളിൽ പോലും കുളിക്കാനും വസ്ത്രം മാറാനുമുള്ള സൗകര്യം ഇല്ല. ഇനിയുള്ള പ്ലാനിങ്ങിൽ അത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തണം. നമ്മൾ നഗരങ്ങളിലെ റിയൽ എസ്റ്റേറ്റിനെക്കുറിച്ചു പറയുന്നു. ഒരു എസ് യു വി പാർക്ക് ചെയ്യാനുള്ള സ്ഥലം മതി പത്തു സൈക്കിൾ വെയ്ക്കാൻ. രണ്ടു എസ് യു വി യുടെ സ്ഥലം മതി ഒരു ബാത്ത് റൂമും ചേഞ്ച് റൂമും തയാറാക്കാൻ. ഇത് സർക്കാർ സ്ഥാപനങ്ങളും ചെയ്യണം. സൈക്കിൾ ഉപയോഗിക്കുന്ന ഒരു സൊസൈറ്റി മൊത്തത്തിൽ സ്വയം ഉടച്ചുവാർക്കുന്ന സമൂഹമാണ്.


ജെ എം എൽ:  നമുക്ക് സൈക്കിളിനെക്കുറിച്ച് ഒരു മിക്സഡ് അപ്പ്രോച്ച് ആയിക്കൂടെ? അതായത് ചില ആവശ്യങ്ങൾക്ക് സൈക്കിൾ, ചില കാര്യങ്ങൾക്ക് മോട്ടോർ സൈക്കിൾ, ചിലതിന് കാർ അങ്ങനെ...?


പ്രകാശ്: തീർച്ചയായും. ഞാൻ ഒരു സൈക്കിൾ ഫണ്ടമെന്റലിസ്റ്റ് അല്ല. ഞാൻ മോട്ടോർ സൈക്കിളും കാറും ഒക്കെ ഉപയോഗിക്കുന്ന ആൾ തന്നെയാണ്. പക്ഷെ അത് ആവശ്യങ്ങളുടെയും സാഹചര്യങ്ങളുടെയും മെറിറ്റ് നോക്കിയാണ്. നമ്മളിൽത്തന്നെ ഒരു വിവേചനാധികാരം ഉണ്ട്. അത് ഏറ്റവും കൂടുതൽ ആളുകൾക്ക് ഏറ്റവും കുറഞ്ഞ അസൗകര്യം നമ്മൾ ഉണ്ടാക്കുക എന്നതാണ്. ചില ഇടങ്ങളിൽ നമുക്ക് കാറിൽ പോകേണ്ടതായി വരും. എന്നാൽ ചില ഇടങ്ങളിൽ നമുക്ക് സൈക്കിൾ മതി. ഒന്നാലോചിക്കുമ്പോൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ കാർ ഉപയോഗിച്ച് പോകേണ്ട അവസരങ്ങൾ വളരെ കുറവാണ്, പ്രത്യേകിച്ചും തിരുവനന്തപുരം പോലുളള ഒരു ചെറിയ നഗരത്തിൽ. സൈക്കിൾ ആരോഗ്യകരമാണ്, അത് ഒരു ബലപ്രയോഗം അല്ല. സൈക്കിൾ ഒരു പുരോഗമന മാനസികാവസ്ഥയാണ്. അഹന്ത ഇല്ലാത്ത ഒരു അവസ്ഥയാണത്. സർവോപരി സൈക്കിൾ ഉപയോഗിക്കുന്ന ഒരാൾ കാർബൺ എമിഷൻ നടത്തുന്നില്ല എന്നതാണ്. ലോകത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നന്മയാണത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment