കൊറോണ: പഞ്ചായത്തുതല പ്രതിരോധ പ്രവർത്തനങ്ങൾ വിജയിക്കട്ടെ




ചൈനയില്‍ തുടങ്ങി 145 രാജ്യങ്ങളിലേക്കു പടര്‍ന്നു പിടിച്ചു കഴിഞ്ഞ കോറോണാ വ്യാധി ലോകത്തെ ഭീതി പെടുത്തുമ്പോള്‍, രോഗം ആദ്യം കണ്ടെത്തിയ വുഹാനില്‍ വ്യാപനത്തിന്‍റെ തീവ്രത കുറയുകയാണ് എന്ന് ലോക ആരോഗ്യ സംഘനകള്‍ പറയുന്നു. ചൈനയുടെ ഒട്ടുമിക്ക പ്രവിശ്യയില്‍ എത്തിയ വൈറസ്, ഏഷ്യന്‍ രാജ്യങ്ങളിലേക്കും അവിടെനിന്നും യുറോപ്പ്, അമേരിക്ക എന്നിവടങ്ങളിലും രോഗത്തെ എത്തിച്ചു. ഇറ്റലി പോലെയുള്ള സമ്പന്ന യൂറോപ്യൻ രാജ്യങ്ങളെ പകർച്ച വ്യാധികൾ  ബാധിക്കില്ല എന്നായിരുന്നു പൊതുവായ ധാരണ. ഇറ്റലി, സ്പെയിന്‍, അമേരിക്ക എന്നിവടങ്ങളില്‍ രോഗത്തിന്‍റെ വ്യാപനവും മരണവും ഇറാനില്‍ സംഭവിക്കുന്നതില്‍ നിന്നും അത്രയധികം വ്യത്യസ്തമല്ല. പകർച്ച വ്യാധികൾ (Endemic, Pandemic) മൂന്നാം ലോക രാജ്യങ്ങളുടെ വിധി എന്ന തരത്തിലായിരുന്നു സമ്പന്ന രാജ്യങ്ങൾ പരിഗണിച്ചിരുന്നത്. പ്ലേഗും എബോളയും പക്ഷിപ്പനിയും മഞ്ഞപ്പനിയും നിപ്പയും SARS ഉം MERS ഉം ആ ധാരണയെ ശരി വെച്ചു. എന്നാൽ നിയോ കൊറോണ വൈറസ്സ് ആ ധാരണയെ തിരുത്തി കൊണ്ട് എല്ലാ രാജ്യങ്ങൾക്കും ബാധകമാകും വിധം രോഗം പടരുകയാണ്. ആരോഗ്യ രംഗത്തെ പ്രതിരോധ പ്രവർത്തനം രാജ്യങ്ങളുടെ അഭ്യന്തര വിഷയത്തിനപ്പുറം അന്തർ ദേശീയ വിഷയമായി പരിഗണിക്കണമെന്ന് കൊറോണ വ്യാധി ഓർമ്മിപ്പിക്കുന്നു. 


ഇന്നത്തെ ലോകാരോഗ്യ സംഘടന പുറത്തു വിട്ട കണക്കില്‍ രോഗം 156745 ആളുകളെ ബാധിച്ചിരിക്കുന്നു എന്നും അതില്‍ മരണ പെട്ടവരുടെ എണ്ണം 5839 എത്തിയിരിക്കുന്നു എന്നുമാണ്. 75936 ആളുകള്‍ അണുവിന്‍റെ സാനിധ്യത്തില്‍ നിന്നും പുറത്തു കടക്കുവാന്‍ കഴിഞ്ഞു. 5652 പേര്‍ ഗുരുതരാവസ്ഥയിലാണ്. ചൈനയില്‍ മരണം 3199 ഉം ഇറ്റലിയില്‍ 1441 ലും എത്തി. ചൈനയിലെ ഓരോ  10 ലക്ഷം ആളുകളില്‍ രോഗം ബാധിച്ചവർ 56 വരും. ഇറ്റലിയില്‍ 10 ലക്ഷം ആളുകളില്‍ 292പേര്‍ക്കും ഇറാനില്‍ 135 പേര്‍ക്കും കോറോണാ ബാധയുണ്ടായി. ഇന്ത്യയില്‍ അത് 0.2 മാത്രമാണ്. തെക്കന്‍ കൊറിയയില്‍ രോഗം ബാധിച്ചവര്‍ 8086 ആണെങ്കിലും മരണം സംഭവിച്ചത് 76 പേര്‍ക്കാണ് ,അപ്പോഴും10 ലക്ഷത്തില്‍157പേരെ രോഗം ബാധിച്ചുഎന്ന് ലോക ആരോഗ്യ സംഘടന പറയുന്നു. കൊറോണയുടെ Case Fatality Rates പൊതുവേ കുറവാണ് (രോഗം ബാധിച്ചവരുടെ മരണ സംഖ്യ) എന്നത് ആശ്വാസമായി കരുതാം.2002 ലെ Severe Acquired Respiratory Syndrome (SARS) ന്‍റെ CFR 10 നു താഴെയും അതിനു ശേഷം 2013 ല്‍ സൗദി അറേബ്യയില്‍ കണ്ട MERS ന്‍റെ (Middle East Respiratory Syndrome) തോത് 35ആയിരുന്നു. Nipha യുടെ CFR തോത് 100 നടത്തു വരുന്നു. കൊറോണയുടെ CFR അളവ് ഇറ്റലിയില്‍ പോലും 7 കടന്നിട്ടില്ല.രോഗം വായുവില്‍ കൂടി പടരരുന്നില്ല എന്നത് ആശ്വാസകരമാണ്. ചുമയിലൂടെയും കഫത്തിലൂടെയും പകരുവാനുള്ള സാധ്യതയെ ലാഘവത്തോടെ കാണുവാനും കഴിയില്ല.


സംസ്ഥാന സര്‍ക്കാര്‍ കൊറോണക്കെതിരെ എടുക്കുന്ന നടപടികള്‍ ആശാവഹമാണ് എന്ന് പറയുമ്പോൾ, താഴെ തട്ടിലുള്ള ജാഗ്രത വേണ്ട വിധത്തില്‍ നടപ്പിലാക്കപെടുന്നില്ല എന്നതാണ് ഏറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തില്‍ നിന്നുള്ള വാര്‍ത്തകൾ തെളിയിക്കുന്നത്. ഇത്തരം പോരായ്മകള്‍ ഉണ്ടാകുവാനുള്ള കാരണം, ജന പ്രതിനിധികളെ അണിനിരത്തി സംഘടിതമായ ജനകീയ ആരോഗ്യ സമിതികള്‍ പ്രാദേശികമായി  ഉണ്ടാക്കുവാന്‍ വൈകിപ്പോയതായിരുന്നു. മുഖ്യമന്ത്രിയുടെ പുതിയ പത്രസമ്മേളനത്തിൽ അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി മനസ്സിലാക്കാം. അതിന്‍റെ ഭാഗമായി ബ്ലോക്ക്, പഞ്ചായത്ത് തല യോഗങ്ങള്‍ തൊട്ടടുത്ത ദിവസം മുതല്‍ നടക്കും എന്നാണ് അറിയിച്ചത്. ഇത്തരം തയ്യാറെടുപ്പുകള്‍ നേരത്തെ നടത്തിയിരുന്നു എങ്കില്‍ നിലവില്‍ ഉണ്ടായ പല അനിഷ്ട സംഭവങ്ങളും  ഒഴിവാക്കാമായിരുന്നു.


നമ്മുടെ ആരോഗ്യ രംഗത്തിൻ്റെ ജനകീയ മുഖം താഴെ തട്ടു മുതലുള്ള (പ്രൈമറി)ആരോഗ്യ കേന്ദ്രങ്ങളും മറ്റു സംവിധാനങ്ങളും അവയിൽ ത്രിതല പഞ്ചായത്തുകള്‍ക്കുള്ള പങ്കാളിത്തവുമാണ്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾ വിജയം നേടുവാൻ സഹായിച്ചത്, താഴെ തട്ടു മുതലുള്ള പൊതു ജന ആരോഗ്യ സംവിധാനങ്ങള്‍ ആയിരുന്നു. അതുകൊണ്ട് തന്നെ കൊറോണ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്ത നാള്‍ മുതല്‍ ജനകീയ ആരോഗ്യ സമിതികളെ, Quarantine ല്‍ കഴിയുന്ന രോഗികളുടെ മേല്‍നോട്ടവും അനുബന്ധ സംവിധാനവും ഏല്‍പ്പിക്കുവാ ന്‍ സര്‍ക്കാര്‍ തീരുമാനിക്കേണ്ടതായിരുന്നു. പ്രാദേശിക സമിതികളുടെ സഹകരണത്തോടെ, ജനകീയ ആരോഗ്യ പ്രവര്‍ത്തകര്‍ വരും ദിവസങ്ങളില്‍ നടത്തുന്ന പ്രതിരോധ പ്രവത്തനം ഇന്ത്യക്ക് മാതൃകയായി മാറും എന്ന് കരുതാം.


KSRTC തൊഴിലാളികള്‍ ഉയര്‍ത്തിയ ആശങ്കയെ ശരിവെച്ചു കൊണ്ട്  എയര്‍ കണ്ടീഷന്‍  KSRTC ബസുകളുടെ സര്‍വ്വീസ് നിര്‍ത്തി വെക്കുവാന്‍ മാനേജ്മെൻ്റ് തീരുമാനിച്ചു.സംസ്ഥാനത്തെ 1000 നടത്തു വരുന്ന ബാറുകളും ബിയര്‍ പാര്‍ലറുകളും പ്രവര്‍ത്തനം തുടരുകയാണ്.അവയില്‍ മിക്കതും Air conditioned ആണ് എന്നത്  രോഗം പടരുവാനുള്ള സാധ്യത വര്‍ധിക്കും. ഈ വിഷയത്തില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവം പ്രതിരോധ പ്രവര്‍ത്തനത്തെ അട്ടിമറിക്കുവാന്‍ അവസരം ഒരുക്കുന്നതാണ്. സ്കൂളുകളും യോഗങ്ങളും സിനിമാശാലകളും ഒഴിവാക്കുവാന്‍ നിര്‍ബന്ധിക്കുമ്പോള്‍ ബാറുകള്‍ തുടരട്ടെ എന്ന നിലപാട് അംഗീകരിക്കുവാൻ കഴിയില്ല.


സംസ്ഥാനത്തെ യുവജന സംഘടനകള്‍ ഒറ്റകെട്ടായി ജനകീയ ആരോഗ്യ പ്രവര്‍ത്തനത്തെ സഹായിക്കുവാന്‍ മുന്നിട്ടിറങ്ങേണ്ട സമയമാണിത്. പൊതു ശുചിത്യം മെച്ച പെടുത്തുവാനും പൊതു ഇടങ്ങളെ വൃത്തിഹീനമാക്കുന്ന ശീലം ഒഴിവാക്കുവാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുവാനും യുവജന സംഘടനകളുടെ ഇടപെടലുകളിലൂടെ കഴിയും. അത്തരം ഉത്തരവാദിത്തങ്ങള്‍ സ്വയം ഏറ്റെടുക്കുവാന്‍ കേരളത്തിലെ യുവജന സംഘടനകള്‍ ഈ അവസരത്തിൽ വേണ്ട താല്‍പര്യം കാട്ടിയിട്ടില്ല എന്നതാണ് വസ്തുത.


സംസ്ഥാനത്തെ ആരോഗ്യ രംഗം ഒറ്റ കെട്ടായി കൊറോണ പ്രതിരോധ പ്രവര്‍ത്തന ത്തില്‍ മുഴുകി നില്‍ക്കുന്നു എന്നത് അഭിമാനകാരമാണ്.ഭിഷഗ്യരന്മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും കാട്ടുന്ന ഇശ്ചാ ശക്തിയെ സമൂഹം നന്ദിയോടെ സ്മരിക്കുന്നുണ്ട്. IMA എന്ന ആലോപ്പതി ഡോക്റ്റര്‍മാരുടെ സംഘടനയുടെ നിര്‍ദ്ദേശങ്ങളെ അമിതമായി ആശ്രയിക്കുവാന്‍ കഴിയുംവിധം സാമൂഹിക പ്രതിപത്തി തെളിയിക്കുവാന്‍ കഴിഞ്ഞ സംഘടനയല്ല അത്  എന്ന്  സര്‍ക്കാര്‍ സംവിധാനങ്ങള്‍ മറക്കരുത്. 


Image (കഞ്ചിക്കോട്) എന്ന സ്ഥാപനത്തെ പറ്റിയുള്ള പരാതികള്‍, Imageന്‍റെ പുതിയ യുണിറ്റ് പെരിങ്ങമലയില്‍ കൊണ്ടുവരുവാന്‍ IMA കാട്ടിയ അമിത താല്‍പര്യം, ജനറിക്ക് മരുന്നുകള്‍ കുറിക്കുവാന്‍ സർക്കാർ എടുത്ത തീരുമാനത്തെ എതിര്‍ക്കുവാന്‍ സംഘടന കൈകൊണ്ട നടപടികള്‍, സ്വകാര്യ പ്രക്ടീസ്സിനെ ന്യായീകരിക്കല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ റോഡ് അപകടത്തില്‍ പെട്ട രോഗി മരിക്കുവാന്‍ ഇടയായതിന് ഉത്തരവാദികളായവാരെ സംരക്ഷിക്കുവാന്‍ സംഘടന കൈ കൊണ്ട മാർഗ്ഗങ്ങൾ, Dabur ,Tropicana തുടങ്ങിയ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾക്കായി നടത്തിയ വ്യവഹാരങ്ങൾ തുടങ്ങിയവയെ  ഓര്‍മ്മയില്‍ എടുത്തു കൊണ്ടാകണം ഇത്തരം സംഘടനകളുടെ നിര്‍ദ്ദേശങ്ങളെ സര്‍ക്കാര്‍ പരിഗണിക്കേണ്ടത്.


സാമൂഹിക വിഷയങ്ങളിൽ മറ്റാരേക്കാളും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ടവർ രാഷ്ട്രീയ നേതാക്കളും അവരുടെ സംഘടനയുമാണ്.. കൊറോണയുടെ സാന്നിധ്യം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം, മത നേതാക്കൾ കാട്ടിയ മാതൃകാപരമായ സമീപനങ്ങളെ  മറന്നു കൊണ്ട് , പ്രാദേശികമായ ഉത്സവ കമ്മിറ്റികളെ ഓർമ്മിപ്പിക്കും വിധം ,രാഷ്ട്രീയ പാർട്ടികൾ കാട്ടുന്ന നിരുത്തരവാദിത്ത നിലപാട് ,അവരുടെ രാഷ്ട്രീയ അല്പത്തെ ഓർമ്മിപ്പിക്കുന്നു.രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസം മറന്നു കൊണ്ട് ,എല്ലാവരും മാതൃകാപരമായി പ്രവർത്തിക്കേണ്ട സമയത്തു പോലും പൊതു പരിപാടികൾ സംഘടിപ്പിക്കുവാൻ മടിക്കാത്തവരെ ഒറ്റപ്പെടുത്തേണ്ടത് സാമൂഹികമായ സുരക്ഷക്ക് അത്യന്താപേക്ഷിതമാണ്.
 

കൊറോണ ഭീതിയില്‍ നിന്നും കേരളം എത്രയും പെട്ടെന്ന് കര കയറും എന്ന് വിശ്വസിക്കാം..ഇതുവരെ സംഭവിച്ച ചില പാളീച്ചകള്‍ പോലും പരിഹരിച്ചുകൊണ്ട് , ഇന്ത്യക്ക് മാതൃകയാകുന്ന തരത്തില്‍ കേരളം പകര്‍ച്ച വ്യാധിയെ വിജയകരമായി കീഴ്പെടുത്തും എന്ന് പ്രതീക്ഷിക്കാം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment