കിറ്റക്‌സിന്റെ മലിനീകരണത്തിനെതിരെ പ്രതികരിക്കാറില്ലെന്ന ആരോപണം തെറ്റെന്ന് സി ആർ നീലകണ്ഠൻ




കൊച്ചി: കിറ്റക്‌സ് കമ്പനി നടത്തുന്ന പരിസ്ഥിതി മലിനീകരണത്തിനെതിരെ പ്രതികരിക്കാറുണ്ടെന്നും, ഇതിന്റെ പേരില്‍ കേസുണ്ടെന്നും സി ആര്‍ നീലകണ്ഠന്‍. കിറ്റക്‌സ് കമ്പനി നടത്തുന്ന പരിസ്ഥിതി മലിനീകരണത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നില്ലെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്ക് വഴിയാണ് സി ആർ നീലകണ്ഠന്റെ പ്രതികരണം.


പത്ത് വര്‍ഷത്തിന് മുന്‍പാണ് കമ്പനിക്കെതിരെയുള്ള പ്രചാരണം ഉയരുന്നത്. ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും അവരുടെ മുഴുവന്‍ കക്കൂസ് മാലിന്യങ്ങളും ഒരു തുറന്ന പാടത്തേക്കാണ് തള്ളിക്കൊണ്ടിരുന്നത്. പ്രദേശവാസികള്‍ക്കൊപ്പം നിന്ന് ആ സമരത്തില്‍ പങ്കെടുത്തുവെന്നും അതിന് ആ നാട്ടുകാരുടെ സാക്ഷ്യം മതിയെന്നും അതിന്റെ പേരില്‍ ഒന്നിലേറെ കേസുകളുണ്ടായെന്നും സി.ആര്‍ നീലകണ്ഠന്‍ വ്യക്തമാക്കി


സി ആർ നീലകണ്ഠന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


ട്വന്റി ട്വൻറിയെ  വളർത്തുന്നതാരെല്ലാം ?
അഖിലേന്ത്യ  തലത്തിൽ സംഘപരിവാറും കേരളത്തിൽ സിപിഎം സൈബർ സംഘവും നടത്തുന്ന നുണപ്രചരണങ്ങൾക്കൊക്കെ മറുപടി നൽകാൻ ആർക്കും  കഴിയില്ല. അതിന്റെ ആവശ്യവുമില്ല. പക്ഷെ ചില കാര്യങ്ങൾ വ്യക്തിപരമായ  ആക്രമണം ആകുമ്പോൾ മറുപടി പറഞ്ഞില്ലെങ്കിൽ ചില ശുദ്ധഹൃദയരെങ്കിലും അത്  വിശ്വസിക്കാനിടയുണ്ടെന്നു ചില സുഹൃത്തുക്കൾ സൂചിപ്പിച്ചതിനാൽ ഇതെഴുതുന്നു. 


ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ നാല് പഞ്ചായത്തുകളിൽ ട്വന്റി ട്വന്റി എന്ന സംഘത്തിനുണ്ടായ വിജയമാണ് വിഷയം. അതിനെതിരെയോ അനുകൂലിച്ചോ സിപിഎം, എൽഡിഎഫ് , യുഡിഎഫ് സംസ്ഥാന നേതൃത്വങ്ങൾ ഒരക്ഷരം പറഞ്ഞിട്ടില്ലല്ലോ എന്നൊന്നും ഈ നുണസഖാക്കളോട് ചോദിക്കരുത്. അതിന്റെ കാരണം പിറകെ മനസ്സിയാകും. 


കിഴക്കമ്പലത്തെ കിറ്റക്സ് ഗ്രൂപ്പ് നേതൃത്വം നൽകുന്ന ഈ പ്രസ്ഥാനത്തോടെയുള്ള എന്റെ വ്യക്തിപരമായ സമീപനം മുമ്പേ തന്നെ ഇതേ രീതിയിൽ ഞാൻ വ്യക്തമാക്കിയിട്ടുമുണ്ട്. എങ്കിലും അതൊന്നും നോക്കാൻ മിനക്കെടാതെ സത്യം മനസ്സിലാക്കാൻ ആ നാട്ടിൽ ആരോടെങ്കിലും  ( സ്വന്തം പാർട്ടി സഖാക്കളോടെങ്കിലും)  ഒന്ന് ചോദിക്കാൻ പോലും  ശ്രമിക്കാതെ അസത്യങ്ങൾ പറയുന്നത് ഇവരുടെ രീതിയാണല്ലോ. 


കിറ്റക്സ് എന്ന കമ്പനി നടത്തുന്ന മലിനീകരണത്തിനെതിരെ പരിസ്ഥിതിപ്രവർത്തകരൊന്നും പറയുന്നില്ലെന്നും അത് മുതലാളിയുടെ പണം വാങ്ങിയിട്ടാണെന്നും എന്റെ പടം വച്ച് ഇവർ നടത്തുന്ന അസത്യപ്രചരണമാണ് വിഷയം.ഈ കമ്പനിയുടെ മലിനീകരണം സംബന്ധിച്ചുള്ള പരാതികൾ ഉയരുന്നത് പത്തിലേറെ വര്ഷങ്ങള്ക്കു മുമ്പാണ്. ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും അവരുടെ മുഴുവൻ   കക്കൂസ് മാലിന്യങ്ങളും ഒരു തുറന്ന പാടത്തേക്കു വിടുന്നതിന്റെ ഫലമായി പ്രദേശവാസികൾക്ക് ജീവിക്കാൻ അസാധ്യമായതിനാൽ അതിനെതിരെ ചേലക്കുളം നിവാസികൾ നടത്തിയ സമരത്തിൽ പങ്കെടുക്കാനാണ് ഞാൻ അവിടെ ചെന്നത്. അന്ന് മുതൽ ആ സമരം ചെയ്യുന്ന ജനങ്ങൾക്കൊപ്പമാണ് ഞാൻ എന്നത് സാക്ഷ്യപ്പെടുത്താൻ  ആ നാട്ടുകാർ മാത്രം മതി. തന്നെയുമല്ല അവരുടെ സമരത്തിൽ പങ്കെടുത്തതിന് എന്റെ പേരിൽ ഒന്നിലേറെ കേസും കോടതിയിൽ വന്നിട്ടുണ്ട്. ( അന്ന് സഖാക്കൾ കിറ്റക്സ് മുതലാളിയുടെ കിറ്റുകൾ വാങ്ങുന്നവരായിരുന്നു.)


അതിനു ശേഷം അവിടെ വലിയ തോതിൽ മലിനീകരണം നടത്തുന്ന ഡേറ്റിങ് ബ്ലീച്ചിങ് പ്ലാന്റ് വന്നപ്പോഴും അവർ സമരം  തുടർന്നു. ഒന്നിലേറെ തവണ പല സമരപരിപാടികളിലും ഞാൻ പോയിട്ടുമുണ്ട്. എന്നാൽ ഈ കാലത്തൊക്കെ ഇവർക്കെതിരെ ഒരു ചെറുവിരൽ അനക്കാൻ മുഖ്യധാരാ കക്ഷികൾ, പ്രത്യേകിച്ചും ഇടതുപക്ഷക്കാർ തയ്യാറായില്ല. പഞ്ചായത്തിൽ ഭരണം നടത്തിയിരുന്ന കോൺഗ്രസിലെ ഒരു വിഭാഗം മാത്രമാണ് സമരത്തിന് അനുകൂലമായി നിന്നത്. ഇതുസംബന്ധിച്ചു മലിനീകരണ നിയന്ത്രണ ബോർഡിനും മറ്റും നൽകിയ പരാതികൾ ഒരു ഫലവും ചെയ്തില്ല. കാരണം കേരളം മാറി മാറി ഭരിച്ച സംസ്ഥാന സർക്കാരുകളും ഇവർക്കൊപ്പമായിരുന്നു. മലിനീകരണ നിയന്ത്രണബോർഡിന്റെ പിന്തുണയില്ലാതെ കോടതി പോലും വിഷയത്തിൽ ഇടപെടില്ല. 


ഈ സമരം ശക്തമായി തുടരുന്ന കാലത്താണ് കിറ്റെക്സിന്റെ സ്ഥാപകനായ ജേക്കബിന്റെ ചരമവാർഷികവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലേക്ക് കേരളത്തിലെ എല്ലാ പ്രമുഖ കക്ഷികളുടെയും നേതാക്കളെ ക്ഷണിച്ചു കൊണ്ട് വന്നത്. സിപിഎം, കോൺഗ്രസ്, ലീഗ്, ബിജെപി നേതാക്കളെല്ലാം ഉണ്ടായിരുന്നു. പരിസ്ഥിതി മുതലായ വിഷയങ്ങളിൽ ജനപക്ഷ നിലപാടെടുത്തിരുന്ന സഖാവ് വിഎസിനോട് ആ പരിപാടിയിൽ ഒരു കാരണവശാലും പങ്കെടുക്കരുതെന്നുള്ള ആ ജനങ്ങളുടെ ആവശ്യം ഞാൻ നേരിട്ട് തന്നെ  സഖാവിനെ അറിയിച്ചു. പക്ഷെ പ്രാദേശിക നേതാക്കളുടെ സമ്മർദ്ദം മൂലമായേക്കാം അദ്ദേഹം അതിനോട് യോജിച്ചില്ല. അവരെല്ലാം ആ വേദിയിൽ വരികയും  കിറ്റക്സ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ  വാനോളം പുകഴ്ത്തുകയും  ചെയ്തു. മലിനീകരണവിഷയം   ഉയർത്തുന്നവർ വികസനവിരുദ്ധരും വർഗീയവാദികളുമാണെന്നുള്ള മുതലാളിയുടെ നിലപാടിന് ഫലത്തിൽ സർവ്വകക്ഷി അംഗീകാരം ലഭിക്കുകയും ചെയ്തു. ( പിന്നെങ്ങനെ സംസ്ഥാനനേതാക്കൾ ഇവർക്കെതിരെ പറയും?) ഇതാണ് പിന്നീട് സ്വന്തം സംഘടനയുണ്ടാക്കാൻ അവർക്കു ധൈര്യം നൽകിയത്. 


പിന്നീടാണ് ട്വന്റി ട്വൻറിയുമായി അവർ രംഗപ്രവേശം നടത്തുന്നത്. അതിനെതിരെ കിഴക്കമ്പലത്തു പ്രാദേശിക  നേതാക്കൾ പങ്കെടുത്ത ഒരു സർവ്വകക്ഷി പൊതുയോഗം നടത്തി. അന്നത് ഉദ്ഘാടനം ചെയ്യാൻ അവർ ക്ഷണിച്ചത് ഇയുള്ളവനെയാണ്. അതും അവിടുത്തെ നേതാക്കളിൽ ചിലരെങ്കിലും ഓർക്കും. പക്ഷെ ഇങ്ങനെ പൊതുയോഗത്തിൽ  പ്രസംഗിക്കുന്ന നേതാക്കൾ തന്നെ പിൻവാതിലിൽ  കൂടി മുതലാളിയുടെ കാലു പിടിക്കുന്നു എന്ന പരാതി അന്ന് തന്നെ ചിലരെങ്കിലും ഉന്നയിച്ചിരുന്നതായും ഓർക്കുന്നു. സ്വന്തം   പാർട്ടി യോഗം കഴിഞ്ഞാൽ ഉടനെ അതിലെ പ്രധാന തീരുമാനങ്ങൾ വളരെ രഹസ്യമായി മുതലാളിയെ വിളിച്ചറിയിച്ചിരുന്നത്രെ. 


അവിടെയുള്ള മുഖ്യധാരാ രാഷ്ട്രീയക്കരുടെ അഴിമതിയും കെടുകാര്യസ്ഥതയും പരോക്ഷമായ  സഹായങ്ങളും ഇവർക്ക് വളമായി എന്നതാണ് സത്യം. കോവിഡ് കാലത്തു കിറ്റും ഒട്ടനവധിപേർക്കു പെൻഷനും നൽകിയതിന്റെ പേരിൽ എല്ലാ അഴിമതികളും മറച്ചു  പിടിച്ചു ഒരു തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കിയവരാണല്ലോ ഇടതുപക്ഷം. ഞാൻ തന്നെ മറ്റൊരിക്കൽ ഇട്ട പോസ്റ്റിൽ പറഞ്ഞത് പോലെ പിണറായിയേക്കാൾ നല്ല കിറ്റ് കിറ്റക്സ് മുതലാളി നല്കിയപ്പോൾ  അവർക്കു കുറെപ്പേർ വോട്ടു ചെയ്തു. കിറ്റ് കിട്ടും എന്ന പ്രതീക്ഷയിൽ മറ്റു മൂന്ന് പഞ്ചായത്തുകളിലും   അവർ നേട്ടമുണ്ടാക്കി. സിപിഎം ഭരിച്ചിരുന്ന ഐക്കരനാട്ടിൽ എല്ലാ സീറ്റും അവർ നേടി. അതെങ്ങനെ  എന്ന് സഖാക്കൾ പറയുമോ? സ്വന്തം തെറ്റുകൾ അംഗീകരിക്കാതിരിക്കുകയും മറ്റുള്ളവർക്കെതിരെ അസത്യപ്രചാരണം നടത്തുകയും ചെയ്തു രക്ഷപ്പെടാമെന്നു ഇവർ കരുതുന്നുവോ?

 
ഇത്രയൊക്കെ വിജയം  കൊയ്തപ്പോഴും മലിനീകരണം നടക്കുന്ന ചേലക്കുളം വാർഡിൽ ട്വൻറി  ട്വന്റി ജയിച്ചില്ല എന്നും ഓർക്കുക.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment