ആൻഡമാൻ കടലിനും ബംഗാള്‍ ഉൾക്കടലിനും സമീപം ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത




ന്യൂഡല്‍ഹി: ഒക്ടോബര്‍ 9 ഓടെ വടക്കൻ ആൻഡമാൻ കടലിനും കിഴക്ക്-മധ്യ ബംഗാള്‍ ഉൾക്കടലിനും സമീപം ന്യൂനമർദ്ദം രൂപം കൊള്ളാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇത് വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് വടക്കൻ ആന്ധ്രാപ്രദേശിലേക്കും ഒഡീഷ തീരങ്ങളിലേക്കും നീങ്ങാനാണ് സാധ്യതയെന്നും റിപ്പോർട്ട് പറയുന്നു.


ന്യൂന മര്‍ദ്ദത്തിന്‍റെ സ്വാധീനത്തില്‍ ഒക്ടോബർ 11-13 കാലയളവിൽ ഒഡീഷയിലും തീരദേശ ആന്ധ്രയിലും മഴ ശക്തമാകും. എന്നാല്‍ ഈ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യതയില്ലെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പത്രക്കുറിപ്പില്‍ പറയുന്നു.


സെപ്റ്റംബർ 30ഓടെ മൺസൂൺ അവസാനിക്കുമെന്ന് പ്രഖ്യാപനങ്ങളുണ്ടായിരുന്നെങ്കിലും കിഴക്കൻ- തെക്കേ ഇന്ത്യകളിൽ മഴ തുടരുകയാണ്. അതേസമയം, വടക്ക്-പടിഞ്ഞാറൻ ഇന്ത്യയില്‍ സ്ഥിതി നേരെ തിരിച്ചാണ്. ഒക്ടോബർ 15 നകം മൺസൂൺ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും പൂർണമായും പിൻവാങ്ങുമെന്നായിരുന്നു നിഗമനം. എന്നാല്‍ ഈ വര്‍ഷം കാലതാമസമുണ്ടാകും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് , ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് മൺസൂൺ പിന്‍വാങ്ങാനുള്ള സാഹചര്യങ്ങൾ അനുകൂലമായിക്കൊണ്ടിരിക്കുകയാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.


വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡീഷ തീരത്തിനും സമീപം മറ്റൊരു ന്യൂനമര്‍ദ്ദ മേഖല സ്ഥിതിചെയ്യുന്നുണ്ട്. ഇത് തിങ്കളാഴ്ച വരെ തുടരാനും അതിനുശേഷം ദുര്‍ബ്ബലമാകാനുമാണ് സാധ്യത. ഇതിന്‍റെ ഭാഗമായി അടുത്ത നാല് ദിവസങ്ങളിൽ ഒഡീഷ, ബീഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കനത്ത മഴ ലഭിക്കും. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment