മഴയില്ലാത്ത നാട്ടിൽ എന്തിനാണ് ഡാമുകൾ?




ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് ഡാമുകള്‍ എന്ന് ശ്രീ നെഹ്‌റു 1954 ല്‍ ലോകത്തോടു പറയുമ്പോള്‍,അമേരിക്കയും റഷ്യയും സമാന നിലപാടുകള്‍ ഉയര്‍ത്തി ഏറെ മുന്നേറുവാന്‍ വിജയിച്ച രാജ്യങ്ങള്‍ ആയിരുന്നു. ഡാമുകള്‍ക്കൊപ്പം നദികളെ തമ്മില്‍ ബന്ധിപ്പിക്കുവാന്‍ സോവിയറ്റ് യുണിയന്‍ നടത്തിയ ഇടപെടലുകള്‍, അതിനെ മാതൃകയാക്കി ചൈനയും സമാന രീതികള്‍ പിന്തുടര്‍ന്നു. കൃഷിയെയും വ്യവസായത്തെയും രക്ഷിക്കുവാന്‍ ഡാമുകളുടെ എണ്ണം കൂട്ടികൊണ്ട് കൃഷിയിടങ്ങളെയും വ്യസായങ്ങളേയും പരിപോഴിപ്പിച്ചു.ആ കാലത്ത് നദികളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിലൂടെ ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തം തിരിച്ചറിയുവാന്‍ ശാസ്ത്രലോകവും നേതാക്കളും പരാജയപെട്ടു.പില്‍കാലത്ത് യുറോപ്പിലും അമേരിക്കയിലും ശക്തമായ പരിസ്ഥിതി അവബോധം ചലനങ്ങള്‍ ഉണ്ടാക്കി. സോഷ്യലിസ്റ്റ് ചേരി വിഷയത്തോട് മുഖം തിരിച്ചു.അതിന്‍റെ ഭാഗമായി സോവിയറ്റ് യൂണിയന്‍ ലോകത്തെ ഏറ്റവും അധികം മാലിന്യം ഉത്പാദിപ്പിച്ചു തള്ളുന്ന  രാജ്യമായി തീര്‍ന്നു.ലോകത്തെ എണ്ണം പറഞ്ഞ ആരാല്‍ തടാകം വറ്റി വരണ്ട്, സമീപ പ്രദേശങ്ങള്‍ മരുഭൂമിയായി മാറിയ ശേഷം മാത്രമാണ് ദുരന്തത്തെ അധികാരികള്‍ പരിഗണിക്കുവാന്‍ തയ്യാറായത്.അമേരിക്കയില്‍ ഉയര്‍ന്നുവന്ന പരിസ്ഥിതി അവബോധം ഡാമുകളുടെ നിര്‍മ്മാണം കുറക്കുവാനും പിന്നീട് പൊളിച്ചു കളയുവാനും അവസരം ഒരുക്കി.


സ്റ്റോക്ക് ഹോം സമ്മേളനത്തില്‍ പങ്കെടുത്ത ലോക നേതാക്കളില്‍ ഏറ്റവും അധികം ശ്രദ്ധിക്കപെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിര, കണ്‍വന്‍ഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ കൊണ്ടുവരു വാനായി ഭരണ ഘടനാ ഭേദഗതികള്‍ ഉണ്ടാക്കിയ ലോകത്തെ ആദ്യത്തെ ഭരണാധികാരിയായിരുന്നു.42ആം ഭരണഘടന ഭേദഗതിയിലൂടെ (48A വകുപ്പ്)പരിസ്ഥിതി സംരക്ഷണം വ്യക്തിയുടെ ചുമതലയാണെന്ന് ഉറപ്പിക്കുന്നുണ്ട്.എന്നാല്‍ പില്‍കാല സര്‍ക്കാരുകള്‍ നിലപാടുകളെ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുവാന്‍ മടിച്ചു.

 
ലോകത്തെ ഏറ്റവും പ്രധാന 10 hot spot കളില്‍ ഒന്നായി പരിഗണിക്കുന്ന പശ്ചിമഘട്ടത്തിന്‍റെ നിര്‍ണ്ണായക ഭാഗങ്ങള്‍ കേരളത്തിന്‍റെ അത്രുത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്നു.കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ ഉണ്ടായ കാടുകളുടെ നശീകരണത്തില്‍ കേരളത്തിന്‍റെ സംഭാവന 62% ആണെന്ന് രേഖപെടുത്തുമ്പോള്‍ നമ്മുടെ നാട് മറ്റാരെക്കാളും നിരുത്തരവാദരൂപേണ പെരുമാറി എന്ന് കാണാം. അതുവഴി സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനത്തില്‍ മാറ്റം ഉണ്ടായതില്‍ സഹ്യ പര്‍വ്വതത്തിനു സംഭവിച്ച തിരിച്ചടിപ്രധാന പങ്കു നല്‍കി..


കാടുകള്‍ നശിച്ചതും ചരിഞ്ഞ പ്രതലങ്ങളിലെ മണ്ണൊലിപ്പ് വര്‍ധിക്കുവാന്‍ സാഹചര്യങ്ങള്‍ കൂടിയതും വേഗത്തില്‍ വെള്ളം ഒഴുകി ഇറങ്ങുവാന്‍ അവസരം ഒരുക്കി.ഏകവിള തോട്ടങ്ങള്‍ മറ്റൊരു ഭീഷണിയായിരുന്നു. നദികളുടെ സ്വാഭാവത്തെ മാറ്റി മറിച്ച ഇടപെടലുകള്‍ ഭൂമിയുടെ ഉള്ളറകളിലേക്ക് ജലം ഒഴുകി ഇറങ്ങുവാന്‍ തടസ്സങ്ങള്‍ ഉണ്ടാക്കി. മഴവെള്ളം വേഗത്തില്‍ ഒഴുകി കടലില്‍ എത്തുവാന്‍ കഴിഞ്ഞു.കഴിഞ്ഞ നാളുകളില്‍ മൂടിയ നെല്‍പാടങ്ങള്‍( 7 ലക്ഷം ഹെക്റ്റര്‍) ഭൂഗര്‍ഭ ജലം ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു. ഒരു ഹെക്റ്റര്‍ പാടത്തിന് 8 ലക്ഷം ലിറ്റര്‍ മുതല്‍ 30 ലക്ഷം ലിറ്റര്‍ വെച്ച് (ഹെക്റ്ററിന്) ഭൂമിയുടെ ഉള്ളറകളില്‍ എത്തിക്കുവാന്‍ കഴിയും.ഇത്തരം അവസരങ്ങള്‍ നഷ്ടപെട്ടപ്പോള്‍ ഏറ്റവും കുറഞ്ഞത്‌ 8 ലക്ഷം ഗുണം 8 ലക്ഷം ലിറ്റര്‍ വെള്ളം നാടിനു നഷ്ടപെട്ടു.


ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡാമുകള്‍ പണിതിട്ടുള്ള മഹാരാഷ്ട്രയില്‍ തന്നെയാണ്(2354) രാജ്യത്തെ ഏറ്റവും കൂടുതല്‍ ജലക്ഷാമം ഉണ്ടായതും. അത് കഴിഞ്ഞാല്‍ മധ്യപ്രദേശില്‍(906) അവിടെയും സ്ഥിതി വ്യത്യസ്തമല്ല. കേരളത്തില്‍ 80 ലധികം ഡാമുകള്‍ ഉണ്ട്. നിലവിലുള്ള ഡാമുകള്‍ ഒക്കെ ഡീ കമ്മീഷന്‍ ചെയ്യണം എന്ന വാദം പ്രായോഗികമല്ല.എന്നാല്‍ ഡാമുകളുടെ എണ്ണം കൂട്ടല്‍ വെള്ളം സുലഭമായി കിട്ടുവാനുള്ള ഉത്തമ മാര്‍ഗ്ഗമായി കരുതുന്നത് അശാസ്ത്രീയമാണ്.

 
കേരളത്തില്‍ പെയ്തിറങ്ങുന്ന മഴയില്‍ വലിയ കുറവുകള്‍ വന്നിട്ടില്ല. എന്നാല്‍ ജലക്ഷം രൂക്ഷമായിഎന്ന് കാണാം. .മഴക്കാലം കഴിഞ്ഞാല്‍ നദികള്‍ വറ്റി വരളുന്ന അവസ്ഥ ശക്തമായി. അതിനുള്ള പര്‍ഹാരം ഡാമുകളുടെ എണ്ണം വര്‍ധിപ്പിക്കലാണ് എന്നതരത്തില്‍ നമ്മുടെ ഉദ്യോഗസ്ഥസന്മാരും നേതാക്കളും ഓര്‍മ്മിപ്പിക്കുന്നു. ലോകത്തെ വിവിധ രാജ്യങ്ങളില്‍ പുതിയ ഡാമുകള്‍ നിര്‍മ്മിക്കാതിരിക്കുകയും പഴയവ തുറന്നു വിടുകയും പൊട്ടിച്ചു കളയുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഇന്ത്യയും ചൈനയും ഒക്കെ ഡാം നിര്‍മ്മാണത്തില്‍ മുഴുകി മുന്നോട്ടു പോകുന്നത്.


അമേരിക്ക അധികം ഡാമുകള്‍ പൊളിച്ചു കളഞ്ഞത് അവ പ്രദേശത്തിന് വരുത്തി വെച്ച വ്യത്യസ്ഥ ദുരന്തങ്ങളെ പരിഗണിച്ചായിരുന്നു. ഈ അവസരത്തില്‍  ഡാമുകള്‍ ഉണ്ടാക്കിയ പാരിസ്ഥിതിക തിരിച്ചടികളെ അംഗീകരിക്കുവാന്‍ നമ്മുടെ ഭരണ കൂട സംവിധാനം മടിക്കുന്നു.ഡാമുകള്‍ നിര്‍മ്മിക്കുമ്പോള്‍ തന്നെ നദിയെ 20% എങ്കിലും ഒഴുകുവാന്‍ അനുവദിക്കണം എന്നിരിക്കെ ഇത്തരം നിബന്ധനകള്‍  നാടിനു ബാധകമല്ല എന്ന തരത്തില്‍ ആസൂത്രകര്‍ സംസാരിക്കുന്നു, ഡാമുകളുടെ സുരക്ഷ ദേശിയമായി പരിശോധിക്കുന്ന സമിതിയുടെ നിര്‍ദ്ദേശങ്ങളെ വേണ്ട വിധം അംഗീകരിക്കുവാന്‍ കേരളം ജാഗ്രത കാട്ടിയില്ല.മുല്ലപെരിയാര്‍ പോലെ പഴക്കം ചെന്ന ഡാമുകളെ പറ്റി വേവലാതി പെടുമ്പോഴും ഡാമുകള്‍ ഏതൊക്കെ തരത്തിലുള്ള സമ്മിശ്ര അനുഭവമാണ്‌ നല്‍കിയി ട്ടുള്ളത് എന്ന് പരിശോധിക്കുവാന്‍ ശ്രമിക്കാതെ, ചാലക്കുടി പുഴയില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിനെ പറ്റി വിവരിക്കുന്നുണ്ട്.


സംസ്ഥാനത്തെ പെയ്തിറങ്ങുന്ന വെള്ളത്തില്‍ നാമ മാത്രമായ കുറവേ ഉണ്ടായിട്ടുള്ളൂ എങ്കിലും ഭൂ അറകളില്‍ എത്തേണ്ട വെള്ളത്തിന്‍റെ അളവില്‍ സംഭവിച്ച ശോഷണം വരള്‍ച്ചയെ രൂക്ഷമാക്കി.അതിനുള്ള പരിഹാരം സര്‍ക്കാര്‍ കൂടുതല്‍ ഡാമുകളും തണയിടകളും ഉണ്ടാക്കുകയാണ് എന്ന വാദം പരിസ്ഥിതിക്ക്  ഇണങ്ങുന്നതല്ല.കാടുകള്‍ വെട്ടി നശിപ്പിച്ചതോടെ മണ്ണൊലിപ്പ് വര്‍ദ്ധിച്ച അവസ്ഥ, ശൂന്യമായ മലകളില്‍ നിന്നും വെള്ളത്തിന്‍റെ ഒഴുക്കിന്‍റെ വേഗത കൂടിയത് ഡാമുകളുടെ സംഭരണ ശേഷി കുറച്ചു. കുന്നിന്‍ മുകളില്‍ ഖനനത്തിലൂടെ ഉണ്ടായ വലിയ കുഴികളും മറ്റും ഒരേ സമയം നീരൊഴുക്കിന് തടസ്സം ഉണ്ടാക്കി.ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ വളരെയധികം വര്‍ദ്ധിച്ചു.ഈ കാരണങ്ങളാല്‍ ഡാമുകളുടെ സംവരണ ശേഷി കുറയുകയും ഡാമുകളുടെ സേവന ക്ഷമത തിരിച്ചടി നേരിട്ടു.ഈ പശ്ചാത്തലത്തിലാണ് യൂറോപ്പ്, അമേരിക്ക മുതലായ രാജ്യങ്ങളില്‍ ഡാമുകള്‍ ഒഴിവാക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.


സീസണല്‍ മഴ കുറയുകയും പെയ്യുന്ന മഴയുടെ സ്വഭാവത്തില്‍ മാറ്റം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിനൊപ്പം നദികളുടെ സ്വാഭാവികമായ ഒഴുക്ക് കടലില്‍ വരെ എത്തിച്ചേരാത്ത സാഹചര്യങ്ങള്‍  ജീവികള്‍ക്കും മാറ്റും ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ഇപ്പോള്‍ മനുഷ്യരേയും ബാധിച്ചു തുടങ്ങി. വറ്റി വരണ്ട ഡാമുകളെ സാക്ഷിയാക്കി ഇനിയും ഡാമുകള്‍ ആകാം എന്ന് പറയുവാന്‍ മടിക്കാത്തവര്‍ വൈദ്യുതി ഊര്‍ജ്ജത്തിന്‍റെപുതിയ വഴികള്‍ തേടാതെ, കൃഷിയില്‍ കുറഞ്ഞ വെള്ളം ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ നടത്താതെ, ഒരു നൂറ്റാണ്ട് മുന്‍പ് ശരി എന്ന് കരുതി വന്ന ഡാം നിര്‍മ്മാണങ്ങളെ ഇന്നും പുകഴ്ത്തുന്നു. ഇത്തരക്കാര്‍ നമ്മുടെ നാട്ടിലെ ഭരണ കര്‍ത്താക്കളും അവരുടെ ഉപദേശകരും ആയി തുടരുന്ന അവസ്ഥ ദയനീയമാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment