ദുരന്ത നിവാരണത്തിൽ എല്ലാം അവസാനിപ്പിക്കരുത്




കേരളം മഴവെള്ളപ്പാച്ചിലിൽ വിറങ്ങലിച്ചു നിൽക്കുന്നു . ഒറ്റ ദിവസം മാത്രം 22 പേരാണ് പ്രളയക്കെടുതിയിൽ മരണമടഞ്ഞത്. മിക്കവാറും എല്ലാ ഡാമുകളും തുറന്നു വിട്ടിരിക്കുന്നു. പതിനൊന്ന് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. ആയിരങ്ങൾ ദുരിത്വാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. സൈന്യവും ദുരന്തനിവാരണസേനയും രക്ഷാപ്രവർത്തനത്തിനായി രംഗത്തിറങ്ങിയിരിക്കുന്നു. 


ഈ ദുരന്തത്തെയും കേരളം അതിജീവിക്കുക തന്നെ ചെയ്യും. എല്ലാ ഗവണ്മെന്റുകളും മനുഷ്യനേയും  പരിസ്ഥിതിയെയും പരിഗണിക്കാതെ വികസനമെന്ന പേരിൽ  രൂപീകരിക്കുന്ന നയപരിപാടികളല്ലാതെ മറ്റൊന്നുമല്ല മനുഷ്യനെ അവന്റെ കിടപ്പാടങ്ങളിൽ വച്ചുതന്നെ മുക്കിക്കൊല്ലുന്നത് .അത്തരം ദീർഘ വീക്ഷണമില്ലാത്ത നയങ്ങൾ പല രാജ്യങ്ങളെയും പ്രകൃതി ദുരന്തത്തിന്റെ രൂപത്തിൽ ഇപ്പോഴും നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നതിനാൽ ഈ അവസരത്തിൽ തന്നെ ചിലതു പറയേണ്ടതായുണ്ട്.


“We’re waist deep in the Big Muddy, and the big fool says to push on.” അമേരിക്ക വിയറ്റ്നാമിനെതിരെ നടത്തിയ  യുദ്ധത്തെ  കളിയാക്കി Pete Seeger 1967 ൽ ചിട്ടപ്പെടുത്തിയ വരികളാണിത്. 


ഹാരപ്പ മോഹൻ ജദാരോ സംസ്ക്കാരം നിലംപൊത്തിയത് വെള്ളപ്പൊക്കവും പിന്നീടുണ്ടായ വൻ വരൾച്ചയും മൂലമായിരുന്നു.


വർഷങ്ങൾക്കു മുമ്പുവരെ കടൽ തീരമില്ലാത്ത  അമേരിക്കൻ സമൂഹം പ്രകൃതിക്ഷോഭങ്ങളെ ഗൗരവതരമായി എടുത്തിരുന്നില്ല. 1979 നു ശേഷം  ടെക്‌സാസിൽ  22 പ്രാവശ്യമാണ് പ്രകൃതിക്ഷോഭത്താൽ നാശനഷ്ടങ്ങൾ ഉണ്ടായത്. സർക്കാർ 25 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകേണ്ടി വന്നു. സ്വകാര്യ ഇൻഷുറൻസ്  കമ്പനികൾ രംഗം വിട്ടു. യഥാർത്ഥ വിലയുടെ 8 മടങ്ങ് നൽകുവാൻ സർക്കാർ  നിർബന്ധിതമായി. വൈൽഡ് വുഡ്  നഗരത്തിൽ 32 പ്രാവശ്യം പുനർനിർമ്മിക്കേണ്ടി വന്ന വീടുകൾ ഉണ്ട്.


ഹെയ്ത്തി പ്രകൃതി ദുരന്തത്തിന്റെ ഇടമായത് അവർ നടത്തിയ തെറ്റായ വികസന സമീപനത്തിനാലാണ്. 2015ൽ  ഉണ്ടായ പ്രകൃതി ദുരന്തങ്ങളിലൂടെ 5 ലക്ഷം ആളുകളിൽ മരണപ്പെട്ടു. 10 കോടി ആളുകളെ ദുരന്തം ബാധിച്ചു. സാമ്പത്തിക നഷ്ടം 3.7 ലക്ഷം കോടി രൂപയാണെന്നു കണക്കുകൾ പറയുന്നു.അവിടെ 1920 കളിൽ 60% വനമായിരുന്നു എങ്കിൽ 2006 ആയപ്പോഴേക്കും വന വിസ്തൃതി  2% ആയി .നാട്ടിൽ ഭക്ഷ്യക്ഷാമവും പകർച്ച വ്യാധിയും മണ്ണിടിച്ചിലും വ്യാപകമാണ്.


17000 ദ്വീപുകളുള്ള ഇൻഡോനേഷ്യയിൽ 1900 ൽ 85% കാടുകളായിരുന്നു.ഇന്നത്തെ വ്യാപ്തി 20% ത്തിനു താഴെ മാത്രം. കൊക്കോ കൃഷിക്കും പാമൊലിനും മറ്റുമായി ലക്ഷക്കണക്കിന് ഹെക്ടർ വെട്ടി വെളിപ്പിച്ചു ഒറാങ്ങുട്ടാനുകൾ വംശനാശ ഭീഷണിയിലാണ്. വെള്ളപ്പൊക്കം,കൊടുങ്കാറ്റ്, സുനാമി മുതലായ ദുരന്തങ്ങൾ വൻ പ്രതിസന്ധികളുയർത്തുന്നു.

 

ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ആമസോൺ കാടുകൾ വെട്ടിനിരത്തി വരികയാണ്.1970 നു ശേഷം 7 ലക്ഷം ചതുരശ്ര കി.മീ വനം അവിടെ നഷ്ടപ്പെട്ടു.  ( കേരള സംസ്ഥാനത്തിന്റെ 18 ഇരട്ടി വലിപ്പം) ഇന്നത്തെ നില തുടർന്നാൽ  2030 കൊണ്ട് 40% വനവും നഷ്ടമാകും. ബ്രസിൽ അതിന്റെ തിരിച്ചടിയിൽ വരൾച്ചയിലും വെള്ളപ്പൊക്കത്താലും വേവലാതിയിൽ. ചൂട് പോർച്ചുഗല്ലിനെയും സ്വീഡനെയും ക്യാനഡയെയും പൊള്ളിക്കുകയാണ്.

 

കേരളത്തിൽ പെയ്യുന്ന മഴയുടെ സ്വഭാവത്തിൽ പരക്കെ മാറ്റമുണ്ടായിരിക്കുന്നു . ഇന്ത്യൻ / ബംഗാൾ ഉൾക്കടലിൽ  ഉണ്ടായി കൊണ്ടിരിക്കുന്ന ന്യൂനമർദ്ദങ്ങൾ മഴക്കെടുതി വരുത്തുന്നു. വരൾച്ചയും മഴക്കെടുതിയും കേരളത്തെ വിടാതെ പിടിമുറുക്കുകയാണ്.

 

1920 ൽ 73.1% ഉണ്ടായിരുന്ന വനം, 1970 ൽ 48.4 % വും 85 ൽ 47.7% മായി . 1920 നും 2013 നുമിടയിൽ ഏറ്റവും അധികം പശ്ചിമഘട്ട വനം നഷ്ടപ്പെട്ടത് കേരളത്തിൽ നിന്നുമാണ് ( 62.7%). നാണ്യവിളയുടെ വ്യാപനം 50.8% വനനശീകരണത്തിന് ഇടനൽകി.17240 ചതുരശ്ര കി.മീ തോട്ടങ്ങൾ പശ്ചിമഘട്ടത്തിൽ വർദ്ധിച്ചു. 1057 ചതുരശ്ര കി.മീ വനം ഡാമുകളാൽ നഷ്ടപ്പെട്ടു.

 

7 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങൾ മൂടപ്പെട്ടു. കായലുകൾ പകുതിയിൽ താഴെയായി ചുരുങ്ങി. കണ്ടൽക്കാടുകളുടെ വ്യാപ്തി 700 ചതുരശ്ര കി.മീറ്ററിൽ നിന്നും 9 ചതുരശ്ര കി.മീ ആയി മാറി. പെയ്തിറങ്ങുന്ന മഴയിൽ 50% ലധികം വെള്ളവും 8 മുതൽ  12 മണിക്കൂറിനകം കടലിൽ എത്തുന്നു. നദികൾ ചുരുങ്ങി തോടുകളായി.

 

അനധികൃത കൈയ്യേറ്റങ്ങൾ / നിർമ്മാണങ്ങൾ / തുരക്കലുകൾ എല്ലാം പ്രദേശങ്ങൾക്കും ടൂറിസ്റ്റുകൾക്കും നാട്ടുകാർക്കും ഭീഷണിയാണ് എന്നു മനസ്സിലാക്കുവാൻ ദുരന്തങ്ങൾ ഉണ്ടാകുവാനായി കാത്തിരിക്കേണ്ടതുണ്ടോ ? മൂന്നാറിൽ 3 നിലക്കു മുകളിൽ തട്ടുകളുള്ള നിർമാണങ്ങൾ പാടില്ല എന്ന നിവേദിതാ പി ഹരൻ റിപ്പോർട്ട് പുറത്തുവന്നിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു.  110 കെട്ടിടങ്ങൾ അനധികൃതമാണെന്ന RDO രേഖകൾ നേതാക്കന്മാരുടെ ക്ഷോഭത്തിനു മാത്രമേ അവസരമുണ്ടാക്കിയുള്ളു. 

 

ഗാഡ്ഗിഗിലും മൂന്നാർ ഓപ്പറേഷനും വേണ്ടതില്ല എന്നു വാദിച്ചവർ ദുരിതാശ്വാസ ക്യാമ്പുകളെ പറ്റി വാചാലരാണ്. ഏല പട്ടയഭൂമിയിലെ  28 തരം മരങ്ങൾ മുറിക്കുവാൻ  GO  കഴിഞ്ഞ ആഴ്ചയിൽ സർക്കാർ ഇറക്കി. പാട്ട ഭൂമിയിലെ നിർമാണങ്ങൾക്ക് കുറവില്ല. മൂന്നാർ ട്രൈബൂണൽ പിരിച്ചുവിട്ടത് കൈയ്യേറ്റങ്ങൾ അവസാനിച്ചതുകൊണ്ടല്ല. Ecological Fragile Land സംരക്ഷണ നിയമം അവസാനിപ്പിച്ചത്  പ്രകൃതിയെക്കാൾ തോട്ടം മുതലാളിമാർ മുൻഗണന അർഹിക്കുന്നതിനാലാവാം. കുറിഞ്ഞി സുരക്ഷിത താഴ്വരയുടെ നിയന്ത്രണം ഭൂമാഫിയകൾക്ക്. അതിൽ സ്ഥലം MP യും ഉൾപ്പെടുന്നു. പ്ലാന്റേഷൻ മുതലാളിമാർക്കായി കേസ്സുകൾ തോറ്റു കൊടുക്കുന്നതിൽ സർക്കാരിന് വിമുഖതയില്ല.

 

പുഴകളുടെ തീരങ്ങൾ (100 മീറ്റർ) ഇരുവശവും സംരക്ഷിക്കുന്നതിൽ സർക്കാർ എതിർപ്പ് തുടരുന്നു. കായൽ നികത്തിയുള്ള കൺവൻഷൻ സെന്റർ മഹത്തായ വികസന കുടീരമാണെന്നു വീമ്പു പറയുന്ന മന്ത്രിമാർ വേമ്പനാട്ടു കായൽ പരപ്പിന്റെ 60% മുതൽ  80% വരെ ഇല്ലാതായതിൽ  പരിഭവിക്കുന്നില്ല. ഉരുൾപൊട്ടി നിരവധിയാളുകൾ മരിക്കുന്നു.കൃഷി തോട്ടങ്ങൾ, വീടുകൾ ഇല്ലാതെയാകുന്നു. കാലവർഷക്കെടുതിയിൽ കുട്ടനാട്ടുകാർ കൂട്ട പലായനത്തിലാണ്. ഒരു മാസത്തോളം വെള്ളപ്പൊക്കത്താൽ ചങ്ങനാശ്ശേരി - ആലപ്പുഴ റോഡ് അടഞ്ഞുകിടന്നു. വെള്ളപ്പൊക്കത്താൽ അടച്ചിടുന്ന നമ്മുടെ നെടുമ്പാശേരി  വിമാനത്താവളം  അത്ഭുത Aviation  താവളങ്ങളിൽ ഒന്നായിരിക്കും. 

 

കാലാവസ്ഥാഥാ വ്യതിയാനങ്ങൾ സംഭവിച്ച് കൊണ്ടിരിക്കെ  അതിന്റെ തീവ്രത പരമാവധി കൂട്ടുന്ന നിലപാടുകളെ കൈ ഒഴിയാത്ത സർക്കാർ കേവലം Disaster Club (Managment ) ആയി  പ്രവർത്തിക്കുകയാണ്. 

 

Kerala is turning to be a disasterous Valley .

 

വെള്ളപ്പൊക്ക ദുരന്തത്താൽ  മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment