കേരള തീരത്തെ സുരക്ഷിതമാക്കാതെ കേരളം സുരക്ഷിതമാകില്ല




വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ കേരളത്തെ, ലോകത്തെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോ ഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുള്ളത് അതിൻ്റെ പരിസ്ഥിതിക സംവേദന ക്ഷമതയെ (Ecologically sensitive) സൂചിപ്പിക്കുന്നു. ബി.സി.1000ൽ സോളമന്റെ കപ്പലുകളിൽ ഫൊണീഷ്യന്മാർ കേരള തീരത്തുള്ള ഓഫിർ എന്ന തുറമുഖം സന്ദർശിക്കാറുണ്ടായിരുന്നു. പൂവാർ  അഥവാ വിഴിഞ്ഞം ഗ്രാമത്തിലാണ് ഓഫീർ തുറമുഖം നിലനിന്നിരുന്നത് എന്നു കരുതപ്പെടുന്നു.


ബി.സി. 272-നും 232-നും ഇടയിൽ മദ്ധ്യേന്ത്യയിൽ  അശോക ചക്രവർത്തി സ്ഥാപിച്ച ഒരു ശിലാഫലകത്തിൽ (രണ്ടാം ശിലാശാസനം) കേരള പുത്ര എന്ന് പരാമർശിക്കപ്പെടുന്നത് കേരളമാണെന്ന് അനുമാനിക്ക പ്പെടുന്നു. ശിലാ ശാസനം 13-ലും ഇതേ രീതിയിലുള്ള പരാമർശം കാണാം.


തെക്കു വടക്ക് നിളം 560 കി.മീറ്ററും കിഴക്ക് പടിഞ്ഞാറ് ശരാശരി 60 കിലോമീറ്റർ വീതി ആണ് സംസ്ഥാനത്തിന്. വടക്കേ അറ്റത്തെ വീതി 11കി.മീ. എറണാകുളം, ഇടുക്കി ജില്ലകളിൽ 124 കി.മീറ്റർ വരെ വീതിയുണ്ട്. തെക്കോട്ട് വീതി കുറയുന്നു. ഇത്തരം ഭൂപ്രദേശത്തിൻ്റെ മലനിരകളും തീരങ്ങളും അത്യ പൂർവ്വ തകർച്ചയെ നേരിടുകയാണ്. 2000 ലധികം ആളുകൾ തിങ്ങിപ്പാർക്കുന്ന തീര ദേശത്തിൻ്റെ ഭാഗമായ അറബിക്കടൽ അനിതരസാധാരണമായ കാറ്റും കോളും കൊണ്ട് കൂടുതൽ പ്രക്ഷുബ്ദമാകുകയാണ്. അതിൻ്റെ കാര്യ കാരണങ്ങൾ വിവരിച്ചുകൊണ്ട്, ശ്രീ. എ.ജെ. വിജയൻ പ്രോഗ്രസ്സിവ് പൊളിറ്റിക്കൽ ഫ്രണ്ട് സംഘടിപ്പിച്ച തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട സെമിനാറിൽ നടത്തിയ വിശദീകരണം വളരെ ശ്രദ്ധേയമായിരുന്നു.


1972 മുതലുള്ള തീരദേശത്തുണ്ടായ മാറ്റങ്ങൾ അനാരോഗ്യകരമായ ഫലങ്ങളാണ് അവിടെ ഉണ്ടാക്കിയത് എന്നു വിവിധ പoനങ്ങൾ പറയുന്നു. പoനങ്ങളിൽ തിരത്തെ 65 മേഖലകളായി തിരിച്ചിട്ടുണ്ട്. 587.8 Km നീളമുള്ള കേരള തീരത്ത് 63% സ്ഥലങ്ങളും തകർച്ചയെ നേരിടുകയാണ്. സുസ്ഥിരമായ പ്രദേശമായി പറയാവുന്നത് 8% പാേലും എത്തുന്നില്ല. മൺതിട്ടകൾ വന്നു ചേരുന്നത് 24% ഭാഗത്താണ്. എന്നാൽ അവ ശക്തമല്ല. 17 പോർട്ടു കൾ, 11തുറമുഖങ്ങൾ, 25 പുലിമുട്ടുകൾ മുതലായവ തീരത്തെ സംതുലനത്തെ അട്ടിമറിക്കുകയാണ്. പാറകൾ സമാന്തരമായി നിരത്തൽ, കടലിലെക്ക് തള്ളിയ പാറ അടുക്കൽ (Groins), Tetrapod കൾ, Sand Tube എന്നിവയും പരീക്ഷിച്ച് കടലാക്രമണത്തെ ചെറുക്കുവാൻ ശ്രമിക്കുന്നു.


കടൽ നിരന്തരമായ മാറ്റത്തിന് വിധേയമാണ്.കടലിൻ്റെ തീരത്തോടു ചേർന്ന ഭാഗത്ത് മണൽ നിരന്തരമായി ഒഴുകി നടക്കുന്നു .പൊതുവേ ഇടവപ്പാതി കാലത്ത് മണ്ണ് ഒഴുകി ആസ്ട്രേലിയൻ തീരത്തേക്കും തിരിച്ചും (പല ദിശകളിലായി) സഞ്ചരിക്കുന്നുണ്ട്. ഇത്തരം ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന ഏതൊരു ഇടപെടലും കടലിൻ്റെ മൊത്തം ഘടനയെ മാറ്റിമറിക്കുന്നു. രാജ്യത്ത് ഏറ്റവുമധികം മണൽ ഒഴുകി മാറുന്നത് തിരുവനന്തപുരം തീരത്താണ്. വർഷത്തിൽ 1231 മീറ്റർ ക്യൂബ് മണൽ തെന്നി മാറാറുന്നു.കാസർഗോഡ് 958 ക്യു.മീറ്റർ,കൊല്ലം 850 ക്യു.മീറ്റർ എന്നിങ്ങനെയാണ് അതിൻ്റെ തോത്. ഇത്തരം തീരങ്ങളിൽ നിന്നും നിർമ്മാണങ്ങൾ പരമാവധി ഒഴിവാക്കലാണ് ഉചിതമെന്ന് പഠനങ്ങൾ വിശദമാക്കുന്നു. 


തീരങ്ങളിൽ വേണ്ടത്ര പഠനങ്ങളില്ലാതെയുള്ള നിർമ്മാണങ്ങൾ കടൽകയറ്റത്തിനും (പൊതുവേ തെക്കുഭാഗത്ത് ) കടൽ ഇറക്കത്തിനും കാരണമാകാറുണ്ട്. തേങ്ങാ പട്ടണം മുതൽ വടക്കോട്ടുള്ള തീരദേശത്ത് ഇതു പ്രകടമാണ്. വിഴിഞ്ഞത്തിന് തെക്ക് പൂവാർ പ്രദേശത്തെ കടലിറക്കവും കോവളം മുതൽ തെക്കോട്ടുള്ള രൂക്ഷമായ കടൽകയറ്റവും നിർമ്മാണങ്ങളുടെ അനന്തര ഫലമാണ്. 


1991 ലെ തീരദേശ സംരക്ഷണ നിലപാടുകൾ 2018ൽ നിയമമായപ്പോൾ തീരദേശ സംരക്ഷണ വിഷയത്തിൽ നടത്തിയ 50 ലധികം ഭേദഗതികൾ തീരത്തെ വൻകിട റിയൽ എസ്റ്റേറ്റുകാരെ സഹായിക്കുവാൻ ലക്ഷ്യം വെച്ചുള്ളതായിരുന്നു.തീരദേശത്തെ 4 സോണുകൾക്കു പകരം 7ആക്കി മാറ്റി കൊണ്ട് 50 മീറ്ററിലും ചിലപ്പോൾ 20 മീറ്ററിലും വരെ നിർമ്മാണം സാധ്യമാക്കിയത് പരമ്പരാഗത മത്സ്യ ഗ്രാമങ്ങളെ ഉദ്ദേശിച്ചു കൊണ്ടായിരുന്നില്ല. കേന്ദ്ര സർക്കാരിൻ്റെ സാഗർ മാല പദ്ധതിയിലൂടെ നടക്കുന്ന വൻകിട നിർമ്മാണം സാധാരണക്കാർക്ക് തീരം നഷ്ട്ടപ്പെടുവാൻ അവസരമൊരുക്കും.

ലോകത്ത് ഏറ്റവുമധികം കടൽ അന്തരീക്ഷ ഊഷ്മാവ് വർധിച്ച അറബിക്കടലിന് സംഭവിക്കുന്ന മാറ്റങ്ങൾ പലതാണ്.നമുക്കത്ര പരിചിതമല്ലാത്ത ന്യൂന മർദ്ദം കേരള തീരത്തെ കൂടുതൽ പ്രക്ഷുബ്ദമാക്കുകയാണ്.വേനൽ മഴയുടെ തോത് വർദ്ധിച്ചു.കാർ മേഘങ്ങളുടെ സ്വഭാവത്തിലെ വർധന ബാഷ്പീകരണ തോത് കൂട്ടി.കൂമ്പാര മേഘങ്ങൾ ഉണ്ടാകുന്നു.(മുമ്പ്  ചെറിയ മേഘങ്ങൾ, എണ്ണത്തിൽ കൂടുതൽ)അതുവഴി കനത്ത മഴയുടെ (50 mm / hr ) സാധ്യത വർധിച്ചു.ഇത്തരം മാറ്റങ്ങൾ തീരങ്ങളെ കൂടുതൽ ബുദ്ധി മുട്ടിലാക്കി.ഈ സാഹചര്യത്തിൽ തീരങ്ങളെ സംരക്ഷിക്കണമെങ്കിൽ അടിയന്തിരമായ തയ്യാറെടുപ്പുകൾ നടത്താതെ തരമില്ല. 


അവയെ താഴെ പറയും പ്രകാരം ചുരുക്കി പറയാം


1.ഒന്നും ചെയ്യാതിരിക്കൽ (Not Doing Nothing). കടൽ തീരങ്ങളെ സ്വാഭാവികമായ നിലയിൽ തുടരുവാൻ അനുവദിക്കുക.


2. പുറകോട്ടു മാറൽ ( Retreat). നിർമ്മാണങ്ങൾ നിർത്തിവെക്കൽ. ഉണ്ടാക്കിയ പലതും ഒഴിവാക്കുക(പാറ അടുക്കൽ തുടങ്ങിയ കട്ടിയുള്ളവ).


3. മണൽ തിരിച്ചെത്തിക്കുക (Supply Sediment).തീരങ്ങളിൽ നിന്ന് മാറ്റിയ മണൽ പുനസ്ഥാപിക്കൽ. (നെതർലൻ്റ് ചെയ്യുന്ന Sand Motor ) 


4. ജപ്പാൻ മാതൃകയിൽ വ്യത്യസ്ഥതരം മരങ്ങൾ ശാസ്ത്രീയമായി വെച്ചുപിടിപ്പിക്കൽ.


5. മറ്റ് ശാസ്ത്രീയ പ്രതിരോധ പ്രവർത്തനങ്ങൾ.


കേരളത്തിൻ്റെ (ദൈവത്തിൻ്റെ ) പടയാളികളായി കരുതുന്ന മത്സ്യ ബന്ധന തൊഴിലാളികളുടെ ഉപജീവനത്തെ തകിടം മറിച്ച തെറ്റായ നയങ്ങൾ, അവർക്ക് സ്വന്തമായി ഭൂമി നൽകുവാൻ പരാജയപെട്ട ഭൂപരിഷ്ക്കരണം, തൊഴിൽ ഉപകരണങ്ങൾ സ്വന്തമല്ലാത്ത തൊഴിലാളി വർഗ്ഗം, സ്വകാര്യ പണമിടപാടിൻ്റെ വർധിത സ്വാധീനം,കൂടി വരുന്ന കടലാക്രമണം, തീരങ്ങൾ റിയൽ എസ്റ്റേറ്റുകാർക്ക് വികസനത്തിനായി കൈമാറൽ തുടങ്ങിയ യാഥാർത്ഥ്യങ്ങൾ കേരളതീരത്തേയും അതിൻ്റെ ഉടമകളെയും തകർത്തു വരുന്നു. അതിനുള്ള  പരിഹാരം കേരളത്തിൻ്റെ സുസ്ഥിര വികസനത്തിന് ആക്കം കൂട്ടും.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment