കല്ലൻ പൊക്കുടൻ്റെ സ്മരണ പുതുക്കി കേരളം




കണ്ടൽ കാടുകളുടെ രക്ഷകനായി കേരളം അംഗീകരിച്ച ശ്രീ കല്ലൻ പൊക്കുടൻ്റെ അഞ്ചാമത് ഓർമ്മ വാർഷികത്തിൽ കൂടുതൽ കണ്ടലുകൾ വെച്ചുപിടിപ്പിക്കുവാൻ അദ്ദേഹം തുടങ്ങി വെച്ച Mangrove Tree Trust തയ്യാറെടുക്കുന്നു. റംസാർ സമ്മേളനത്തിൽ പ്രത്യേകം പരാമർശിച്ച സംസ്ഥാനത്തെ 700 ചതുരശ്ര കിലോ മീറ്റർ കണ്ടൽ കാടുകളിൽ 90% നഷ്ടപ്പെട്ടതിനു ശേഷവും കണ്ടലുകളുടെ ശോഷണം കേരളത്തിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.


ഇന്ത്യയിലെ 59 ജാതി കണ്ടൽച്ചെടികളിൽ ഡസനിലധികം കേരളത്തിൽ കണ്ടു വരുന്നു. കണ്ടലുകളുമായി ബന്ധപ്പെട്ട് വളരുന്ന സസ്യങ്ങളും ചേർത്താൽ ഇവ ഏകദേശം 30 വരും.മരം, കുറ്റിച്ചെടി, വള്ളിച്ചെടി എന്നീ വിഭാഗത്തിൽപ്പെട്ട കണ്ടൽ വനമുണ്ട്. സംസ്ഥാനത്ത് 18 ഇനം ശുദ്ധ കണ്ടലുകളും 54 തരം കണ്ടൽ സഹവർത്തികളുമുണ്ടെന്ന് കേരള വന ഗവേഷണ ഇൻസ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തിൽ കണ്ടെത്തി.


1) ചുള്ളിക്കണ്ടൽ, 2) പൂക്കണ്ടൽ, 3) ചെറു ഉപ്പട്ടി, 4) ഉപ്പട്ടി, 5) കുറ്റിക്കണ്ടൽ (ചെറുകണ്ടൽ) 6) കരക്കണ്ടൽ (പേനക്കണ്ടൽ), 7) സ്വർണക്കണ്ടൽ, 8) ആനക്കണ്ടൽ, 9) കണ്ണാമ്പൊട്ടി, 10) മുകുറം (നാകം), 11) വള്ളിക്കണ്ടൽ, 12) കടക്കണ്ടൽ, 13) ഞെട്ടിപ്പന, 14) പീക്കണ്ടൽ, 15) പ്രാന്തൻ കണ്ടൽ, 16) ചില്ലക്കമ്പട്ടി (കരിമാട്ടി), 17) നക്ഷത്രക്കണ്ടൽ, 18) ചക്കരക്കണ്ടൽ എന്നിവയാണ് ശുദ്ധ കണ്ടലുകൾ.


കഴിഞ്ഞ ഏതാനും വർഷങ്ങളിൽ സംസ്ഥാനത്തെ നൂറേക്കറിലേറെ കണ്ടൽക്കാടുകളാണ് വെട്ടിയും തീവെച്ചും ചതുപ്പു നിലം നികത്തിയും മാലിന്യക്കൂമ്പാരങ്ങൾ വാരിയെറിഞ്ഞും നശിപ്പിച്ചു. തൃശ്ശൂർ പാവറട്ടിയിൽ ടയറുപയോഗിച്ച് തീവെച്ചാണ് കണ്ടൽ നശിപ്പിച്ചത്. കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായത് രണ്ടര ഏക്കർ കണ്ടൽവനമാണ്. തോപ്പുംപടി മുണ്ടംവേലിയിൽ തീ രദേശ നിയമം ലംഘിച്ച് കണ്ടൽ വെട്ടിയത് കൊച്ചി നഗരസഭയായിരുന്നു. ദേശീയ ഹരിതട്രൈബ്യൂണൽ നഗരസഭയ്ക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തേണ്ടി വന്നു. പാപ്പിനിശ്ശേരിയിലെ വളപട്ടണം പുഴയോരത്ത് കൊണ്ടിടുന്ന മാലിന്യക്കൂമ്പാരങ്ങൾ വിശാലമായ കണ്ടൽക്കാടിനെ തകർക്കുന്നു. അഞ്ച് ഹെക്ടറോളമാണ് കൊല്ലം ആയിരം തെങ്ങിൽ ഫിഷറീസ് വകുപ്പു തന്നെ നശിപ്പിച്ചത് .


കണ്ണൂർ ജില്ലയിലെ എരഞ്ഞോളി, ഇരിണാവ്, പാപ്പിനിശ്ശേരി, തലശ്ശേരി, കുയ്യാൽ എന്നിവിടങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ആസ്​പത്രി, കോസ്റ്റ് ഗാർഡ് അക്കാദമി, ടൂറിസം എന്നിവയ്ക്കായി 70 ഹെക്ടറിലേറെ കണ്ടലുകൾ നശിപ്പിച്ചു. എറണാകുളം-കളമശ്ശേരി കണ്ടെയ്‌നർ റോഡിന്റെ വശങ്ങളിലുള്ള കണ്ടൽക്കാടുകൾ രാത്രി ജെ.സി.ബി. വെച്ച് പിഴുതെടുത്തും പകൽ കത്തിച്ചാമ്പലാക്കിയുമാണ് ഇല്ലായ്മ ചെയ്തു. ലാഭം ലാക്കാക്കിയുള്ള ചെമ്മീൻ ഫാമുകളുടെ നിർമ്മാണം, റിസോർട്ടുകളുടെ വ്യാപനം, റിയൽ എസ്റ്റേറ്റ് താത്പര്യങ്ങൾ, ടൂറിസം, കൈയേറ്റങ്ങൾ, സർക്കാരിന്റെ വികസനപദ്ധതികൾ എന്നിവയെല്ലാം കണ്ടൽക്കാടുകളുടെ നാശത്തിന് വഴിയൊരുക്കുന്നു.


അമ്പതു വർഷമായി പശ്ചിമഘട്ട മലനിരകൾ പൊട്ടിച്ച് കടത്തി തീരങ്ങളിൽ പാറ ക്കെട്ടുണ്ടാക്കി തിരമാലകളെ നിയന്ത്രിക്കുവാനുള്ള പരീക്ഷണം പരിപൂർണ്ണമായി പരാജയപ്പെട്ടിട്ടും കണ്ടൽ കാടുകൾ വ്യാപിപ്പിക്കുവാൻ മടിച്ചു നിൽക്കുകയാണ്.


2013 മുതൽ പ്രവർത്തിക്കുന്ന Mangrove Tree Trust (പൊക്കുടൻ്റെ കുടുംബ അംഗങ്ങൾ നേതൃത്വം കൊടുക്കുന്ന) കണ്ടൽവെച്ചു പിടിപ്പിക്കൽ പദ്ധതി കണ്ണൂർ തീരത്തെ 12 ഹെക്ടറിൽ നടപ്പിലാക്കി വരുന്നു.2017 മുതൽ പഴയങ്ങാടി നദീ തീരത്ത്, മുട്ടു കണ്ടിയിൽ, കണ്ടൽ കാടുകളെ പരിചയപ്പെടുത്തുന്ന പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ എട്ട് തീരദേശ ജില്ലകളിലായി 300 പഞ്ചായത്തുകളിലെ കടലാക്രമണത്തെ നിയന്ത്രിക്കുവാൻ കണ്ടൽ കാടുകൾക്കു കഴിയുമെന്ന് പൊക്കുടൻ്റെ ഓർമ്മകൾ പുതുക്കി കൊണ്ട് ട്രസ്റ്റ് അംഗങ്ങൾ വ്യക്തമാക്കി.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment