ഖനന മാഫിയക്കായി റാന്നിയിൽ നടക്കുന്ന രാഷ്‌ട്രീയ - മാധ്യമ നാടകങ്ങളെ തിരിച്ചറിയുക - ഭാഗം 2 




പത്തനംതിട്ട ജില്ലയുടെ തെക്കേ അതിർത്തി കലഞ്ഞൂര്‍ മുതല്‍ വടക്ക് സീതത്തോട്‌ വരെയുള്ള കിഴക്കന്‍ പ്രദേശങ്ങള്‍, പശ്ചിമ ഘട്ടത്തിന്‍റെ പ്രധാന വനങ്ങള്‍ ഉള്‍പെടുന്ന അച്ചന്‍ കോവില്‍, കോന്നി, റാന്നി, ഗവി എന്നിവയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. പെരിയാര്‍ ആന-കടുവാ സങ്കേതത്തില്‍ ചെന്നു ചേരുന്ന പത്തനംതിട്ട ജില്ലയിലെ വന പ്രദേശങ്ങള്‍ ഖനന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടുവാന്‍ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞു. ജില്ലയിലെ നിയമപരമായി പ്രവര്‍ത്തിക്കുന്ന ഖനന യുണിറ്റുകള്‍ 26 ആണെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍,യഥാര്‍ഥത്തില്‍ അവയുടെ എണ്ണം 200 ലധികമാണ്. അവയില്‍ മിക്കതും പ്രവര്‍ത്തിക്കുന്നതാകട്ടെ വനം വകുപ്പ്, മലിനീകരണ ബോര്‍ഡ്, ജിയോളജി, പഞ്ചായത്ത്‌ വകുപ്പുകള്‍ എന്നിവരുടെ സഹകരണത്തോട് നിയമങ്ങളെ കാറ്റില്‍ പറത്തിയും. ഇതിനാകട്ടെ നേതൃത്വപരമായ പങ്കു വഹിക്കുന്നത് ജില്ലാ കലക്ടറും.


2018 ൽ പത്തനംതിട്ട കണ്ട ഭീകര വെള്ളപൊക്കം ജില്ലാ ഭരണ കൂടത്തെ ഒന്നും പഠിപ്പിച്ചില്ല. ഒന്നും പഠിപ്പിക്കുവാന്‍ അനുവദിക്കില്ല എന്ന രീതിയിൽ CPI (M  റാന്നി MLA യുടെ നേതൃത്തത്തില്‍ പദ്ധതികള്‍ തയ്യാറാക്കി. പകരം നിയമങ്ങളെ എല്ലാം കാറ്റില്‍ പറത്തി ഖനന മുതലാളിമാര്‍ക്ക് സംഘടന ഉണ്ടാക്കി, അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുവാൻ ശ്രമിച്ചു. ജില്ലയില്‍ നിയമ ലംഘനങ്ങളുടെ വലിയ ആഘോഷങ്ങള്‍ ഉയർന്നു കൊണ്ടിരിക്കുകയാണ്.


റാന്നി വനം വകുപ്പ് ഉദ്യോഗസ്ഥന്‍ (DFO) സ്വന്തം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍റെ നിയമപരമായ നിര്‍ദ്ദേശത്തെ മുൻ നിർത്തി, ജനങ്ങളുടെ ഇടയില്‍ തെറ്റിധാരണ ഉണ്ടാക്കുവാന്‍ അവസരം ഒരുക്കിയ വാര്‍ത്ത, വടക്കേ ഇന്ത്യയിലെ മാഫിയകള്‍ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥ പാരമ്പര്യത്തെ ഓര്‍മ്മിപ്പിച്ചു. ഇവിടെ സ്വന്തം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍  ഖനന മാഫിയയിൽ നിന്നും വന ഭൂമി സംരക്ഷിക്കുവാന്‍ ശ്രമിച്ചതിനെ തെറ്റിദ്ധരിപ്പിക്കും വിധം താഴെ തട്ടിലുള്ള മറ്റൊരാൾ അവതരിപ്പിച്ചതിനു പിന്നില്‍, രാഷ്ട്രീയ നേതാക്കളുടെ പിന്തുണയുണ്ടായിരുന്നു എന്ന് അവരുടെ പത്രകുറിപ്പിലൂടെ വ്യക്തമാണ്.


തെറ്റി ധാരണകള്‍ പരത്തി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും നിയമം നടപ്പിലാക്കുവാന്‍ ശ്രമിച്ച വനം ഉന്നത ഉദ്യോഗസ്ഥനെതിരെയും ജനങ്ങളെ സജ്ജരാക്കുവാൻ  സഹായിക്കും വിധം വാർത്ത സൃഷ്ടിച്ച ഉദ്യോഗസ്ഥൻ തൽ സ്ഥാനത്ത് ഇന്നും തുടരുകയാണ്. അതേ ഉദ്യോഗസ്ഥൻ്റെ ഓഫീസ് അത്രുത്തിക്കുള്ളിലാണ് വനം വകുപ്പിന്‍റെ കസ്റ്റഡിയിൽ ഒരാൾ മരണപെട്ടത്. റാന്നി ജില്ലാ ഫോറസ്റ്റ് ഓഫീസ്സിന്‍റെ നിയന്ത്രണത്തില്‍ നടന്നു വരുന്ന അഴിമതിയുടേയും അക്രമണത്തിന്‍റെയും തെളിവാണ് സ്വന്തം വകുപ്പിനെ തെറ്റിധരിപ്പിക്കുവാൻ നടത്തിയ ശ്രമവും ദുരൂഹ നിലപാടുകളുടെ ഭാഗമായി നടന്ന കസ്റ്റഡി മരണവും.
 

1970 മുതല്‍ ജനങ്ങള്‍ക്ക് താമസിക്കുവാനും കൃഷി ചെയ്യുവാനും ക്രയ വിക്രയം ചെയ്യുവാനും അനുവാദമുള്ള ആരബല്‍ ഭൂമിക്ക് മുകളില്‍ പ്രത്യേക നിയന്ത്രണങ്ങൾ കൊണ്ടുവരാതെ തല്‍ സ്ഥിതി തുടരുകയാണ്. വന ഭൂമിയായി നിലനിന്നു വന്നതും ആള്‍ താമസമില്ലാത്തതുമായ ഭൂമി ഖനന മുതലാളിമാരില്‍ നിന്നുതിരിച്ചു പിടിക്കുവാൻ തീരുമാനിക്കുമ്പോള്‍, അതിനെ മുന്‍ നിര്‍ത്തി ജനങ്ങളുടെ ഭൂമി സര്‍ക്കാര്‍ വനമായി ഏറ്റെടുക്കുന്നു എന്ന വാര്‍ത്ത‍ സൃഷ്ടിച്ച ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ വകുപ്പ് ചുമത്തി കേസ്സെടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ശ്രമങ്ങളെ പിന്തുണച്ച രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും ജനങ്ങളുടെ ഇടയില്‍ ഉണ്ടാക്കിയ തെറ്റിധാരണ പരിഹരിക്കുവാന്‍ അവർ തന്നെ മുന്നോട്ട് വരണം.  

 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment