കേരളത്തെ അ'ശാന്തി' വനമാക്കരുത് നേതാക്കന്മാരെ...




ന്യൂയോർക്ക് സിറ്റിയുടെ ജലക്ഷാമം പരിഹരിക്കുവാനുള്ള  നിർദ്ദേശങ്ങൾ നഗര ഭരണ സംവിധാനത്തിനു മുന്നിൽ എത്തിയപ്പോൾ  നഗരത്തിന്റെ പ്രാന്ത പ്രദേശത്തെ കുന്നുകൾ പണം കൊടുത്തു വാങ്ങി വന വൽക്കരണം നടത്തുവാനായിരുന്നു തീരുമാനിച്ചത്. ജലവിതരണ പദ്ധതിയുടെ പത്തിൽ ഒന്നു ചെലവിൽ പരിപാടി വിജയിപ്പിക്കുവാൻ അവർക്കു കഴിഞ്ഞു. വനവൽക്കരണ ശ്രമത്തിലൂടെ നഗരത്തിന്റെ ജലലഭ്യത.(ഭൂഗർഭ ജല സാന്നിധ്യം) വർദ്ധിപ്പിക്കുവാൻ വിജയിച്ചു.


വായു മലിനീകരണത്താൽ കുപ്രസിദ്ധി നേടിയിരുന്ന ബീജിംഗ്‌ നഗരത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നടപ്പിലാക്കിയ പദ്ധതികളിലൂടെ 60000 ഹെക്ടർ സ്ഥലത്ത് മരങ്ങൾ വെച്ചുപിടിപ്പിച്ചു. (40% ഇടങ്ങൾ) സൈക്കിൾ യാത്രയെ പ്രാേത്സാഹിപ്പിച്ചു വീടുകളുടെ ചുറ്റിലും, ടറസ്സുകളിലും മുള പോലെയുള്ള പച്ചപ്പുകൾ വളർത്തി. വളരെ വേഗത്തിൽ വളരുന്ന നഗരത്തിന്റെ ഹരിതപാതുക തോത് കുറച്ചു കൊണ്ടുവരുവാൻ വിജയിച്ചതിലൂടെ ബീജിംഗ് നഗരം പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ മാതൃകയായി ഇന്നറിയപ്പെടുന്നു. 


പ്രകൃതി സമ്പത്തുകൊണ്ട് അത്ഭുതകരമായ സ്ഥാനം നേടുവാൻ കഴിഞ്ഞ കേരളത്തിന്റെ അടിത്തറയും നട്ടെല്ലും മേൽക്കൂരയും മൂന്നു തരം നാടുകളാണ്. അറബിക്കടലിന്റെ തീരം ഉൾപ്പെടുന്ന തീരപ്രദേശം,  തീരങ്ങളുടെ തുടർച്ചയായി നെൽപ്പാടങ്ങൾ നിറഞ്ഞിരുന്ന ഇടനാടും പശ്ചിമഘട്ടമെന്ന മലനാടുമാണ് അവ. ലോകത്തെ 18 കാർഷിക ജൈവ കലവറയിൽ ഒന്നായ വയനാടും സുരങ്കങ്ങളുടെ നാടായ കൊങ്കണും പൂജ്യം ഡിഗ്രി തണുപ്പ് അനുഭവപ്പെടുന്ന മൂന്നാർ മലകളും ഗവിയും തെന്മലയും ആരോഗ്യ പച്ചയും നെയ്യാറുമുള്ള അഗസ്ത്യർ മലയും നാടിന്റെ രക്ഷകർതൃത്വ സ്ഥാനം അലങ്കരിക്കുന്നു. മനുഷ്യരും മറ്റു ജീവികളും താൽക്കാലിക പ്രതിഭാസമാണെങ്കിൽ, കോടി വർഷങ്ങളുടെ പാരമ്പര്യമുള്ള മുകളിൽ സൂചിപ്പിച്ച പ്രകൃതിയെ വില മതിക്കുവാൻ മറന്നു പോകുന്ന ഏതൊരു സംവിധാനവും നാടിന്റെ അന്തകരായിരിക്കും. .  


കേരളത്തിന്റെ വൈദ്യുതി മന്ത്രി അര നൂറ്റാണ്ടിന്റെ  കമ്യൂണിസ്റ്റു പാർട്ടി പ്രവർത്തന പാരമ്പര്യമുള്ള, ഹൈറേഞ്ചിൽ താമസിച്ചു വന്ന വ്യക്തിയാണ്. തന്റെ പാർട്ടി സൈദ്ധാന്തികനായ ഏംഗൽസ് എഴുതിയ വാനരനിൽ നിന്നും നരനിലേക്ക് എന്ന ചെറു പുസ്തകത്തെ പറ്റി അദ്ദേഹത്തിന് കേട്ടു കേൾവി ഉണ്ടാകേണ്ടതാണ്. ഗാന്ധിജിയുടെ  പ്രകൃതി വീക്ഷണമോ Ecological Economics വിഷയമോ പരിചിതമായിരിക്കണം എന്നു നിർബന്ധിക്കുവാൻ  കഴിയില്ല. കമ്യുണിസ്റ്റു പാർട്ടി നേതാക്കളായി പിൽക്കാലത്തു മാറിയ കുഞ്ചാമ്പുവും കൂട്ടരും നീലേശ്വരം കാടുകൾ സംരക്ഷിക്കുവാൻ നടത്തിയ സമരത്തെ പറ്റി ശ്രീ.മണിക്ക് അറിവുണ്ടാകണമെന്നില്ല. അദ്ദേഹവും  പാർട്ടിക്കാരും നിർബന്ധമായും അറിയുവാൻ ചുമതലപ്പെട്ട കാര്യങ്ങളിൽ അജ്ഞരായിരിക്കുന്നതോ അജ്ഞത നടിക്കുന്നതോ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്.


ഒരു നാടു നിൽക്കുവാൻ അത്യന്താപേക്ഷിതമായി 33% പ്രദേശങ്ങളെ കാടുകൾ കൊണ്ട് സംരക്ഷിക്കുകയാണു വേണ്ടത്. കേരളത്തെ പോലെയുള്ള നാട്ടിൽ അത് 40% എങ്കിലും ഉണ്ടാകേണ്ടതുണ്ട്. നാട്ടിലെ യഥാർത്ഥ കാടുകളുടെ വിസ്തൃതി 10% മാത്രം. കാടുകൾ കുറവുള്ള നാട്ടിൽ ജലക്ഷാമം, വേനലും അനുബന്ധ വിഷയങ്ങളും കാലം തെറ്റിയ മഴയും വെള്ളപ്പൊക്കവും മലയിടിച്ചിലും തുടങ്ങി പുതിയ തരം അസുഖങ്ങൾ, കാർഷിക രംഗത്തെ പ്രതിസന്ധി മുതലായ തിരിച്ചടികൾ നിത്യസംഭവങ്ങളായാലും അത്ഭുതപ്പെടേണ്ടതില്ല. വികസനത്തെ പറ്റി വാചാലരാകുന്ന ഭരണകക്ഷിക്കാർക്ക് സ്വപ്നം കാണുവാൻ കഴിയാത്ത അത്രയും തുക ഓരോ പ്രകൃതി ക്ഷോഭത്തിലും നാടിന് നഷ്ടപ്പെടുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്താലുണ്ടായ 488 മരണങ്ങളിൽ 90% വും മണ്ണിടിച്ചിലിലൂടെ സംഭവിച്ചു എന്നറിയുമ്പോൾ  ഇടുക്കിയിലും വയനാട്ടിലും പത്തനംതിട്ടയിലും അട്ടപ്പാടിയിലും കണ്ട ദുരന്തങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചത് മരം വെട്ടലും ക്വാറി പ്രവർത്തനവും ആയിരുന്നു. തിരുത്തലുകൾ നടത്തുവാൻ സർക്കാർ ഇന്നും തയ്യാറല്ല .


മഴയിലുണ്ടാകുന്ന ചെറിയ വ്യതിയാനം പോലും നെല്ല്, തെങ്ങ് മുതൽ റബ്ബർ മുതലായ കൃഷികളിൽ, പാൽ ഉൽപ്പാദനത്തിൽ ഉണ്ടാക്കുന്ന  നഷ്ടം ഒട്ടും മോശമല്ല. ഉയർന്ന ഊഷ്മാവും താഴ്ന്ന ഊഷ്മാവും തമ്മിലുള്ള അന്തരം (Diurnal value) കുറവുള്ള അന്തരീക്ഷത്തെയാണ്  പ്രകൃതി സൗഹൃദമായി പരിഗണിക്കുന്നത്. സൗദി അറേബ്യ എന്ന മരുഭൂമിയുടെ Diurnal Value വളരെ കൂടുതലാണ്. ബ്രസീൽ കാടുകളും സുമാത്ര, ഗാബൺ ദ്വീപുകൾ, ഹെയ്ത്തി മുതലായവക്കൊപ്പം അറിയപ്പെടുന്ന കേരളത്തിന്റെ പ്രകൃതി വൈവിധ്യം, കുറഞ്ഞ Diurnal Value നാൽ സംഭവിച്ചു. എന്നാൽ പ്രസ്തുത അവസ്ഥ മാറി വരികയാണ്. ഭരണ കർത്താക്കൾ  പ്രകൃതിസംരക്ഷണ വിഷയത്തിൽ അപ്പാേഴും വില്ലൻമാരുടെ റോളിൽ തുടരുന്നു.


നെൽപ്പാടങ്ങൾ നെൽ ഉൽപ്പാദനത്തിൽ മാത്രമല്ല ഭൂഗർഭ ജലവിതാനം ഉയർത്തുന്നതിൽ (8 ലക്ഷം മുതൽ 30 ലക്ഷം ലിറ്റർ / ഹെക്ടർ), 200 നടുത്ത് ജീവി വർഗ്ഗങ്ങളുടെ നിലനിൽപ്പിന്, അന്തരീക്ഷ ഊഷ്മാവ് 2 ഡിഗ്രിയോളം കുറച്ചു നിർത്തുന്നതിൽ ഒക്കെ വഹിക്കുന്ന പങ്ക് നിർണ്ണായകമാണ്. (സംസ്ഥാനം അരി വാങ്ങുവാനായി മറ്റു സംസ്ഥാനങ്ങൾക്കായി പ്രതിവർഷം മാറ്റിവെക്കുന്ന തുക 12000 കോടി വരും) ഇങ്ങനെയുള്ള നെൽപ്പാടങ്ങൾ ( 7 ലക്ഷം ഹെക്ടർ പ്രദേശം) കാൽ നൂറ്റാണ്ടു കൊണ്ടു നികത്തുവാൻ സർക്കാർ കൂട്ടുനിന്നു എന്നു കാണാം. ഒരു ഹെക്ടർ തീരദേശ നെൽപ്പാടം നൽകുന്ന പ്രതിവർഷ  വാർഷിക സേവനം 103 ലക്ഷം രൂപയായിരിക്കും എന്നു സർക്കാർ പറയുന്നുണ്ട്.(സംസ്ഥാനത്തിന്‌ പ്രതിവർഷം ഉണ്ടാകുന്ന നഷ്ടം 7 ലക്ഷം X 103 ലക്ഷം രൂപയുടേത്)


നെൽപ്പാടത്തിൽ മാത്രമല്ല തീരദേശങ്ങൾ,കായലും പുഴകളും കുളങ്ങൾ, കാവുകൾ, വനഭൂമി മുതലായവ സംരക്ഷിക്കുന്നതിൽ താൽപ്പര്യം കാട്ടാത്ത ഭരണ സംവിധാനം കേരളത്തിന്റെ പ്രകൃതി രമണീയതയെ വാനോളം പുകഴ്ത്തി, ടൂറിസം വ്യവസായത്തെ പറ്റി വാചാലമായി സംസാരിക്കുവാൻ തയ്യാറാണ്.


കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സംസ്ഥാനത്ത് വിതരണം ചെയ്ത വൃക്ഷ തൈകൾ 5 കോടി വരും എന്നാണ് കണക്ക്. 5 കോടി വൃക്ഷ തൈകൾ  തണലായി  നിലനിന്നിരുന്നു എങ്കിൽ സമാന്തര കാടുകളായി അവ കേരളത്തിന് നൽകുവാൻ കഴിയുന്ന സംഭാവന എത്ര വലുതാകുമായിരുന്നു? എന്താണു സംഭവിച്ചത് എന്നു നാട്ടുകാർക്കറിയാം. കെനിയൻ സമര നായിക വങ്കമാതാ 3 കോടി മരങ്ങൾ വെച്ചുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രസ്ഥാനം കെനിയൻ സർക്കാരിന്റെ നയങ്ങളെ തന്നെ തിരുത്തുവാൻ വിജയിച്ചു. അവരുടെ കൂട്ടായ്മ ലോകത്താകെ  720 കോടി മരങ്ങൾ വെച്ചുപിടിപ്പിക്കുവാൻ പദ്ധതികളുമായി മുന്നോട്ടു പോകുന്നു.  


കേരളത്തിന്റെ തൈ നടീൽ പ്രവർത്തനം വെള്ളാനയായി ചുരുങ്ങി. ഇത്തരം നിരാശാജനകമായ  സാഹചര്യങ്ങൾ നിലനിൽക്കേ ശ്രീ.രവീന്ദ്രനും അദ്ധേഹത്തിന്റെ പിൻഗാമികളും 2 ഏക്കർ സ്വന്തം ഭൂമിയിൽ മരങ്ങൾ വെച്ചുപിടിപ്പിച്ച് മൂന്നു കാവുകളും മൂന്നു കുളങ്ങളും നിലനിർത്തി വന്ന ദശകങ്ങൾ നീണ്ട സേവനത്തെ  പൂർണ്ണമായും സംരക്ഷിക്കുവാൻ സർക്കാർ ബാധ്യസ്ഥരാണ്. തങ്ങൾക്ക് വിജയകരമായി നടത്തുവാൻ കഴിയാത്ത പ്രവർത്തനം മാതൃകാപരമായി പ്രയോഗിക വൽക്കരിച്ച കുടുംബ അംഗങ്ങളെ പ്രത്യേകം ബഹുമാനിക്കുവാൻ സർക്കാർ മടിച്ചു നിൽക്കുന്നു. 100 ലധികം പക്ഷികൾ, ഉരഗങ്ങൾ മുതലായവയുടെ വാസസ്ഥലത്ത് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കുവാനും സ്വകാര്യ വനഭൂമി സംരക്ഷിക്കുവാനും വനം വകുപ്പ് സർക്കാരിനു വേണ്ടി മുന്നോട്ടു വരണം.   


ഹരിത കേരളം എന്ന പേരിൽ പഞ്ചായത്തുകൾ തോറും കാവുകളും കൃത്രിമ വനങ്ങളും ഉണ്ടാക്കി സംരക്ഷിക്കൽ  പ്രധാന പദ്ധതികളായി വിവരിക്കുന്ന  സർക്കാർ ശാന്തി വനത്തെ തകർക്കുവാൻ നടത്തുന്ന ശ്രമങ്ങളിൽ നിന്നു പിൻതിരിയുവാൻ ബാധ്യസ്ഥമാണ്. സംസ്ഥാനത്തെ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രകൃതിയെ മാനിക്കുവാൻ മടിച്ചു നിൽക്കുമ്പോൾ അവരെ സമൂഹത്തിന്റെ ശിഥില ശക്തികളുടെ പട്ടികയിൽ പെടുത്തുവാൻ നാട്ടുകാർ നിർബന്ധിതമാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment