പ്രളയം കഴിഞ്ഞപ്പോൾ എല്ലാം തമാശയാക്കിയവർ ഈ ചൂടും മറക്കും 




യുഎൻ സെക്രട്ടറി ജനറല്‍ ആശങ്ക പ്രകടിപ്പിച്ച സംസ്ഥാനത്തെ ആഗസ്റ്റ്‌ വെള്ളപൊക്കം നാടിന്‍റെ നേതാക്കള്‍ അംഗമായ ക്യാബിനറ്റിനും പ്രമുഖ പാർട്ടികൾക്കും ആഴ്ചകള്‍ കഴിഞ്ഞപ്പോൾ  തമാശയായി മാറി. കൊടും വെള്ളപ്പൊക്കത്തില്‍ മരിച്ച സാധരണക്കാരായ 500 പേര്‍, നിലം പൊത്തിയ 14000 ലധികം വീടുകള്‍, വെള്ളം മുക്കിയ രണ്ടേകാല്‍ ലക്ഷം വീടുകള്‍ എല്ലാം കൂടി 31000 കോടി രൂപയുടെ നഷ്ട്ടം.
 

ആഗസ്റ്റ്‌ പേമാരി ഇത്ര അധികം തിരിച്ചടികള്‍ ഉണ്ടാക്കിയിട്ടും അതു ചര്‍ച്ച ചെയ്യുവാന്‍ കൂടിയ നിയമ സഭാ സമ്മേളനത്തില്‍ തന്നെ, വി എസ് അച്യുതാന്ദനെ ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയുള്ളവര്‍, കേരളം പിന്തുടര്‍ന്ന പശ്ചിമഘട്ടം വെട്ടി നിരപ്പാക്കല്‍, ഖനനം, തോട്ടങ്ങള്‍ കുത്തകകള്‍ക്ക്, നെല്പാടങ്ങള്‍ നികത്തല്‍, നദീതീരങ്ങള്‍ കൈയേറ്റം, കായലുകള്‍ നികത്തല്‍, കടല്‍ തീരങ്ങള്‍ പഞ്ച നക്ഷത്ര ഉടമകള്‍ക്ക് എന്നിവയെ അടിമുടി ന്യായീകരിച്ചു. 


5000 ആളുകളെ  അറബികടല്‍ വിഴുങ്ങും എന്ന് കരഞ്ഞു പറഞ്ഞ എം എൽ എയും വെള്ളത്തില്‍ നീന്തി ജനങ്ങളെ രക്ഷിക്കുവാന്‍ ഉണ്ടായിരുന്നു എന്ന്‍ അവകാശപെട്ട റാന്നി എം എൽ എയും കര കവിഞ്ഞൊഴുകിയ കാലം കഴിഞ്ഞപ്പോള്‍, മന്ത്രി എം എം മണി, മൂന്നാര്‍-നിലമ്പൂര്‍-കുട്ടനാട് എം എൽ എമാര്‍, നിയമ സഭയില്‍ സാര്‍ പദവി അലങ്കരിക്കുന്ന കെ എം മാണിയുടെ അഭിപ്രായങ്ങളില്‍ എത്തി. കഴിഞ്ഞ കാലത്തെ തെറ്റുകള്‍ ഏറ്റു പറഞ്ഞ സിപിഐഎം സ്ഥാപക നേതാവിന്‍റെ വാക്കുകള്‍ വേവലാതികള്‍ മാത്രമായി ഒതുങ്ങി.


വെള്ളം ഇറങ്ങി കഴിഞ്ഞ ഉടന്‍ തന്നെ സര്‍ക്കാര്‍ കൊണ്ടുവന്ന വയല്‍ നീര്‍ത്തട സംരക്ഷണ വിരുദ്ധ ഭേദഗതികള്‍ക്ക് ബഹുമാനപെട്ട ഗവര്‍ണ്ണര്‍ അനുവാദം നല്‍കി കഴിഞ്ഞിരുന്നു. സര്‍ക്കാര്‍ പിന്നെയും മുന്നോട്ടു പോയി.ഖനന നിയമങ്ങള്‍ കൂടുതല്‍ ഉദാരീകരിച്ചു. തോട്ടങ്ങള്‍ ഹാരിസണ്‍ മുതലാളിക്ക് കിട്ടും വിധം കേസ്സില്‍ തോറ്റു കൊടുത്തു. അങ്ങനെ നാട്ടിലെ അഞ്ച് ലക്ഷം ഏക്കര്‍ മലയാളികളുടെ ഉടമസ്ഥതയില്‍ നിന്നും നഷ്ടപെട്ടു. പഞ്ചായത്തുകള്‍ക്ക് ഖനനങ്ങള്‍ നിയന്ത്രിക്കുവാന്‍ ഉണ്ടായിരുന്ന പരിമിതമായ അധികാരങ്ങൾ  പൂര്‍ണ്ണമായും ഇല്ലാതെയാക്കി. 


മഴ കഴിഞ്ഞു നദികള്‍ പഴയതിലും വറ്റി വരണ്ടു. ജനുവരി മുതല്‍ നാട് ജല ക്ഷാമത്തില്‍ എത്തി.കേരളം നാളിതുവരെയില്ലാത്ത ചൂടില്‍ ഉരുകി ഒലിക്കുന്നു. കഴിഞ്ഞ വര്‍ഷം  സൂര്യാഘാത മരണം ഉണ്ടായി എങ്കില്‍ ഇന്നിപ്പോള്‍ ജില്ലകള്‍ തോറും ഒന്നിലധികം മരണങ്ങള്‍ സംഭവിച്ചു. എന്തുകൊണ്ട് സൂര്യാഘാതം എന്ന ചോദ്യത്തെ സര്‍ക്കാര്‍ ഭയപെടുന്നുവോ ?


ദുരന്ത നിവാരണ വകുപ്പിന്‍ കീഴില്‍ സൂര്യ താപത്താല്‍ മരിക്കുന്നവര്‍ക്കും വൈകല്യം സംഭവിക്കുന്നവര്‍ക്കും മൃഗങ്ങള്‍ക്കും പണം നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു  ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തന്‍റെ ഗ്രാമങ്ങളില്‍ ടാങ്കര്‍ ലോറികള്‍ എത്തിച്ചും കിയോസ്ക്കുകള്‍ എത്തിച്ചും സേവനങ്ങള്‍ തുടരുന്നു. കേരളം ചുട്ടു പഴുക്കുന്നതില്‍ കാടുകള്‍ തകര്‍ത്തതും തണലുകൾ നഷ്ടപ്പെട്ടതും നീരുറവകൾ മൂടിയതും  പ്രധാന പങ്കു വഹിക്കുന്നുണ്ട്. വയനാട്ടിലെ 13000 വീട്ടി മരങ്ങള്‍ മുറിച്ച സര്‍ക്കാര്‍ അയനി മരങ്ങളെ ഓര്‍മ്മകളില്‍ ഒളിപ്പിച്ചു.


എൽ നിനോയെ പറ്റിയുള്ള അന്തര്‍ ദേശിയ വാര്‍ത്തകള്‍ ഏറെ ആശങ്ക ഉണ്ടാക്കുന്നതാണ്. എല്‍നിനോ പ്രതിഭാസം ഫെബ്രുവരി മുതല്‍ സജ്ജീവമായി കഴിഞ്ഞു. രാജ്യത്തെ മണ്‍സൂണ്‍ മഴിയില്‍ 40% വരെ കുറവ് വരുത്തുവാന്‍ അവസരം ഉണ്ടാകും എന്ന വാര്‍ത്ത‍ കേരളത്തിനും രാജ്യത്തിനാകേയും ഭീതി ജനിപ്പിക്കുന്നു. വേനല്‍ മഴയില്‍ ഉണ്ടായ കുറവ് എല്‍നിനോ പ്രതിഭാസത്തിന്‍റെ ഭാഗമാണ്. അതിന്‍റെ ശക്തി ഇനിയും തുടര്‍ന്നാല്‍ നമ്മുടെ ഇടവപ്പാതിയും ശക്തി ക്ഷയിക്കും എന്ന് ഭയപെടെണ്ടിയിരിക്കുന്നു.

 
നമ്മുടെ നേതാക്കള്‍ അപ്പോഴും വികസനത്തിന്‍റെ വിജയ ഗാഥകള്‍ രചിക്കുന്ന തിരക്കില്‍ ആണ്. ഇടിയും മഴയും കാറ്റും എല്ലാ വര്‍ഷവും ഇവിടെ വരും പോകും. വെള്ളപൊക്കം 100 വര്‍ഷത്തില്‍ ഒരിക്കല്‍ പറഞ്ഞിട്ടുള്ളതാണ്. അന്നും കുറേ ആളുകള്‍ ചത്തു പോകും.അതില്‍ വേവലാതി പെടേണ്ടതില്ല. വികസനത്തിന്‍റെ ഗ്രാഫുകള്‍ ഉയര്‍ന്നു നില്‍ക്കല്‍ മാത്രമാണ് കേരളത്തിന്‍റെ രാഷ്ട്രീയ അജണ്ടകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. നമ്മുടെ പാർട്ടിയും നേതാക്കളും മുതലാളിമാരും കേരള വികസനത്തിൽ അഭിമാനം കൊള്ളുമ്പോൾ കേരളം സൂര്യാഘാതത്താൽ വെണ്ടുകീറുകയാണ്. 


പ്രകൃതി ദുരന്തങ്ങൾ ആവർത്തിച്ച് ഏറ്റുവാങ്ങുന്ന കേരളം അവിടെ കെട്ടിപ്പൊക്കിയ എല്ലാ ക്ഷേമ രാഷ്ട്ര സങ്കല്പങ്ങളുടെയും ശവപ്പറമ്പായി മാറുകയാണ്. 


പ്രകൃതിയും പൊൻ വാക്കുകളും .:  

ജപ്പാനിൽ മഴ പെയ്യാൻ എന്തിനാണ് നമ്മൾ കാടുകൾ സംരക്ഷിക്കുന്നത്?

(നിലമ്പൂർ എം എൽ എയും പൊന്നാനി പാർലമെന്റു സ്ഥാനാർത്ഥിയുമായ സഖാവ് )    


മലയിടിച്ചിൽ പണ്ടും ഉണ്ടായിട്ടുണ്ട്. മൂന്നാറിലെ കെട്ടിടങ്ങൾക്ക് അതിൽ പങ്കില്ല. IAS കാർക്ക് പൊതുവേ ബുദ്ധി കുറവാണ്.

(മുന്നാർ എം എൽ എ)


തോമസ്സ് ചാണ്ടി എം എൽ എയും മന്ത്രി എം എം മണിയും പ്രകൃതിദുരന്തത്തെ പറ്റി പുതിയ സിദ്ധാന്തങ്ങൾ അവതരിപ്പിച്ചു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment