പെട്ടിമുടിക്ക് കാരണം മേഘവിസ്‌ഫോടനമോ ?
ഈ വർഷത്തെ മഴക്കാലം പെട്ടിമുടി ദുരന്തത്തിനാൽ അടയാളപ്പെടുത്തുമ്പോൾ 2018, 2019 കൂട്ടമരണങ്ങൾ  മറ്റൊരു രീതിയിൽ ഇടുക്കിയിൽ ആവർത്തിച്ചു. പാരിസ്ഥിതികമായ പ്രത്യേകതകൾ കൊണ്ടു നിറഞ്ഞ സംസ്ഥാനത്തെ പ്രധാനപ്പെട്ട രണ്ട് ജില്ലകൾ ഏറ്റവുമധികം പ്രകൃതി ശോഷണത്തിനു വിധേയമായിക്കഴിഞ്ഞു.


കഴിഞ്ഞ വർഷത്തെ വലിയ 2 മണ്ണിടിച്ചിലുകളും വയനാടിൻ്റെ അതിർത്തികളിലാണ്  സംഭവിച്ചതെങ്കിൽ, അവിടെ ഈ വർഷമുണ്ടായ ഉരുൾപൊട്ടലുകൾ മനുഷ്യ ദുരന്തങ്ങൾ ഉണ്ടാക്കിയില്ല എന്നേയുള്ളൂ. വർഷങ്ങൾക്കു മുൻപ് വൻ തോതിൽ മലയിടിഞ്ഞ മുണ്ടക്കൈയിൽ തന്നെ അതാവർത്തിച്ചിരുന്നു ദുരന്തങ്ങൾ ഈ വർഷം  ഇടുക്കിക്ക് ഏറ്റുവാങ്ങേണ്ടി വന്നു.


കഴിഞ്ഞ കുറേ വർഷങ്ങളായി ഇടുക്കിയിലും വയനാട്ടിലും മഴയുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ പ്രകടമാണ്. ഈ വർഷത്തെ ജൂണിൽ ആരംഭിച്ച മഴക്കാലം ജൂലൈ അവസാനം എത്തുമ്പോൾ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഈ ജില്ലകളിൽ ആയിരുന്നു. (43% കുറവ്).എന്നാൽ ഓഗസ്റ്റ് മാസം ആവുമ്പോഴേക്കും രണ്ട് ജില്ലകളിൽ വലിയ തോതിലുള്ള മഴ ഉണ്ടായി. ഇടുക്കി ജില്ലയിൽയിൽ പെട്ട രാജമല പ്രദേശത്ത്  24 മണിക്കൂറിനുള്ളിൽ 630 മില്ലിമീറ്റർ മഴ ലഭിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ 2000 മില്ലിമീറ്റർ മഴ ഇടുക്കിയിൽ ഉണ്ടായി എന്നാണ് പുതിയ കണക്ക്. മൊത്തം മൺസൂൺ മഴയിലും ( ജൂൺ - സെപ്റ്റംബർ) കൂടുതൽ.


അതിലോല പരിസ്ഥിതി ജില്ലകളിലെ മഴയുടെ സ്വഭാവത്തിൽ വലിയ തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാക്കുന്നതിന് പിന്നിൽ പ്രദേശത്തിൻ്റെ പാരിസ്ഥിതികമായ ശോഷണം അതിനിർണായക പങ്കാണ് വഹിച്ചത്. തീവ്ര മഴയും അതി തീവ്ര മഴയും ഉണ്ടാകുന്ന പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയവയ്ക്കുള്ള സാധ്യത വളരെ കൂടുതൽ ആണെന്ന് സർക്കാരുകൾക്കറിയാം.


പാരിസ്ഥിതികവും ഭൂഉടമസ്ഥതയുമായി ബന്ധപ്പെട്ട ഏറ്റവുമധികം പഠനങ്ങൾ നടത്തിയ പ്രസ്തുത പ്രദേശങ്ങളിലെ പ്രകൃതി സുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാരുകൾ  നിഷേധാത്മക നിലപാട് തുടരുകയാണ്. ഇടുക്കി ജില്ലയുടെ ബഹു ഭൂരിപക്ഷം പ്രദേശങ്ങളും ബഹു രാഷ്ട്ര കുത്തകകളുടെ പാട്ട ഭൂമിയായി തുടരുമ്പോൾ അവരുടെ നിയമ ലംഘനനങ്ങളെ പരമാവധി സഹായിക്കുന്ന സമീപനമായിരുന്നു സർക്കാരുകൾ എടുത്തത്. രാജമാണിക്യം കമ്മീഷൻ റിപ്പോർട്ട് പൂർണമായും തള്ളിക്കളയാൻ നിലവിലെ സർക്കാർ എടുത്ത താല്പര്യം, നിവേദിത ഹരൻ റിപ്പോർട്ടിൽ പരാമർശിക്കുന്ന അനധികൃത നിർമ്മാണങ്ങൾ ഒഴിവാക്കുവാൻ വേണ്ട നിർദ്ദേശങ്ങളെ മറന്നത് ഒക്കെ വിഷയത്തെ രൂക്ഷമാക്കി. വിവിധ ദേവികുളം സബ് കളക്ടർമാർ കണ്ടെത്തിയ അട്ടിമറികൾ തിരുത്തുവാൻ വനം, റവന്യൂ വകുപ്പുകൾ തയ്യാറായിട്ടില്ല. ഗ്യാപ് റോഡിൽ നടന്ന നശീകരണ പ്രവർത്തനം മറ്റാെരു നീതി നിഷേധമാണ്. ഏറ്റവുമവസാനത്തെ ചിന്നക്കനാൽ പഞ്ചായത്ത് ആഫീസ് ആക്രമണം ഭൂ മാഫിയകളുടെ സ്വാധീനത്തെ അടിവരയിടുന്നു.


ആനമുടി കഴിഞ്ഞാൽ ഏറ്റവും ഉയരമുള്ള പെട്ടിമുടിയുടെ താഴ്വാരത്ത്  24 മണിക്കൂ റിനുള്ളിൽ 630 മില്ലിമീറ്റർ മഴ പെയ്യുവാൻ കാരണം കൂമ്പാര മേഘങ്ങളുടെ സാന്നിധ്യമാണ്. (Cumulonimbus) വളരെ വലിപ്പം കൂടിയ ഇത്തരം മേഘങ്ങളുടെ വ്യാസം 8 മുതൽ 12 Km വരെയുണ്ട്. തെക്കു പടിഞ്ഞാറൻ മൺസൂൺ കാലത്തെ മേഘങ്ങൾ ചെറുതും എണ്ണത്തിൽ കൂടുതലുമായിരുന്നു. ബാഷ്പീകരണ തോത് വർധിച്ചതിനാൽ വലിയ മേഘങ്ങൾ രൂപപ്പെടുന്നു. അവിടെ ഇടി മിന്നലുകൾ ഉണ്ടാകുന്നു. ഈ സാഹചര്യത്തിൽ മേഘ വിസ്ഫോടനങ്ങൾ (Cloud Burst) സാധ്യമാണ്.


കേരളത്തിൽ പരിചിതമല്ലാതിരുന്ന മേഘവിസ്ഫോടനം ആവർത്തിക്കുമ്പോൾ വൻ തോതിലുള്ള ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും നാട് സാക്ഷിയാകുകയാണ്. അമ്പൂരി (2001), കവളപ്പാറ, പോത്തുകല്ല്, പെട്ടിമുടി ദുരന്തങ്ങൾക്കു ശമനമില്ലാത്ത നാട്ടിൽ പശ്ചിമഘട്ടത്തെ സുരക്ഷിതമാക്കുവാൻ എന്താണു ചെയ്യുവാൻ കഴിയുക ?

 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment