പുതുവൈപ്പ് LPG സംഭരണ കേന്ദ്രം: എറണാകുളം ജില്ലാ കളക്ടർ കള്ളം പറയുന്നെന്ന് സമര സമിതി




പുതുവൈപ്പ് LPG സംഭരണ കേന്ദ്രവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബൂണൽ വിധിക്കെതിരായ അപ്പീൽ സുപ്രീം കോടതി തള്ളിയതിനാൽ അതിന്റെ നിർമ്മാണം ആരംഭിക്കുന്നതിനായി എന്നു പറഞ്ഞ് 144 പ്രഖ്യാപിച്ച, കളക്ടറുടെ ഉത്തരവ് വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് പുതുവൈപ്പ് എൽ.പി ജി.ടെർമിനൽ വിരുദ്ധ ജനകീയ സമര സമിതി. 


ദേശീയ ഹരിത ട്രിബ്യൂണലിൽ പുതുവൈപ്പ് നിവാസികളായ 2 പേർ നൽകിയ ഹർജിയിൽ ഉന്നയിക്കപ്പെട്ടിരുന്നത് പുതുവൈപ്പ് LPG ടെർമിനലിന് Moef നൽകിയ അനുമതി, കേരള കോസ്റ്റൽ സോൺ മാനേജ്മെന്റിന്റെ റെക്കമെന്റേഷൻ ലെറ്ററിന്റെ അടിസ്ഥാനത്തിലാണ്.  പ്രസ്തുത റെക്കമെന്റേഷൻ ലെറ്ററിൽ കടലിലെ വേലിയേറ്റ രേഖയിൽ നിന്നും 200 മീറ്റർ കിഴക്കോട്ട് മാറി 300 മീറ്ററിനുള്ളിലാണ്  പ്രൊജക്ട് സൈറ്റ് എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ് അത് ലംഘിച്ചുള്ള നിർമ്മാണമാണ് IOC നടത്തുന്നതെന്നും അത് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു.


പ്രസ്തുത കേസ്സിൽ IOC ക്കനുകൂലമായ NGT യുടെ ഒരു സിംഗിൾ ബഞ്ച് വിധി 2 വർഷം മുൻപ് വന്നിരുന്നു. എന്നാൽ പ്രസ്തുത തരം വിധികൾക്കെതിരെ NGT ബാർ അസോസിയേഷൻ സുപ്രീം കോടതിയിൽ പോവുകയും മേൽത്തരം സിംഗിൾ ബഞ്ച് വിധികൾ, ദേശീയ ഹരിത ട്രിബൂണലിന്റെ രൂപീകരണത്തിന് നിദാനമായ ആക്ടിന് വിരുദ്ധമായതിനാൽ (അതായത് ഒരു പരിസ്ഥിതി വിദഗ്ദനും നിയമവിദഗ്ദനും ഉൾപ്പെടുന്ന ബഞ്ചാണ് NGT കേസ്സുകളിൽ വിധി പ്രസ്താവിക്കേണ്ടത്) നിയമ സാധുതയില്ലാത്തതാണെന്ന് ബഹു.സുപ്രീം കോടതി പ്രസ്താവിക്കുകയുണ്ടായി.


അതിന്റെ അടിസ്ഥാനത്തിൽ നിയമസാധുതയില്ലാത്ത NGTയുടെ IOC ക്കനുകൂലമായ സിംഗിൾ ബഞ്ച് വിധിക്കെതിരെ ബഹു.കേരള ഹൈക്കോടതിയിൽ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച് കോടതിയുടെ പരിഗണനയിലാണ്. വസ്തുതയിതായിരിക്കേ, IOC ക്കെതിരായ NGT വിധിക്കെതിരായ അപ്പീൽ സുപ്രീം കോടതി തള്ളിയതിനാൽ പണി ആരംഭിക്കുന്നുവെന്നും അതിന്റെ സംരക്ഷണത്തിനായി പുതുവൈപ്പ് പ്രദേശത്ത് നിരോധനാജ്ഞ (144) ഏർപ്പെടുത്തുന്നുവെന്നുള്ള എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവ് കള്ളം പറഞ്ഞു കൊണ്ടുള്ളതാണ്.


IOC യുടേയും LDF സർക്കാരിന്റേയും ഏറ്റവും ജനാധിപത്യ വിരുദ്ധമായ 
പോലീസ് രാജ് ആണ് പുതുവൈപ്പിൽ അരങ്ങേറിയിരിക്കുന്ന തെന്ന് സമര സമിതി ആരോപിച്ചു. ഒരു ജനതയുടെ അതിജീവന പോരാട്ടത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ നീക്കത്തിനെതിരെ ജനാധിപത്യ ശക്തികൾ രംഗത്തിറങ്ങണമെന്നും പുതുവൈപ്പ് ജനതയുടെ സമരത്തെ സഹായിക്കണമെന്നും പുതുവൈപ്പ് എൽ.പി ജി.ടെർമിനൽ വിരുദ്ധ ജനകീയ സമര സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment