ഫോനി ചുഴലിക്കാറ്റ് കേരളത്തിൽ നിന്ന് അകന്നു; യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു




കേരളത്തില്‍ നിന്ന് ഫോനി ചുഴലിക്കാറ്റ് പൂർണമായി അകലുന്നു. ഇതേ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു. ഫോനി ചുഴലിക്കാറ്റിന്റെ ദിശ മാറിയ സാഹചര്യത്തിലാണ് അലാര്‍ട്ട് പിന്‍വലിച്ചത്. കേരളത്തില്‍ അതിശക്തമായ മഴക്കുള്ള ജാഗ്രതാ നിര്‍ദ്ദേശവും പിന്‍വലിച്ചു. കേരളത്തിലെ ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് നിലവിലില്ല. 


ഫോനി ഒഡിഷ തീരത്തേക്ക് നീങ്ങുന്നതായി നേരത്തെ കാലാവസ്ഥാവകുപ്പ് അറിയിച്ചിരുന്നു. ഫോനി ചുഴലിക്കാറ്റ് അകന്നു പോകുന്നതിനാല്‍ കേരളത്തില്‍ ഇതിന്റെ പ്രഭാവം കുറയുമെന്നാണ് വിലയിരുത്തല്‍. ബുധനാഴ്ചയോടെ ദിശമാറി ഒഡിഷ തീരത്തേക്ക് നീങ്ങും. വ്യാഴാഴ്ചയായിരിക്കും ചുഴലിക്കാറ്റ് ഏറ്റവും തീവ്രമാകുന്നത്. മണിക്കൂറില്‍ 175-185 കിലോമീറ്റര്‍ വേഗത്തില്‍ വീശാനാണ് സാധ്യത.


തമിഴ്‌നാട് മുതല്‍ ബംഗാള്‍വരെ കിഴക്കന്‍തീരത്തെങ്ങും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുലര്‍ത്താന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഒഡിഷയിലെ പുരിയില്‍ നിന്ന് 670 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിലാണ് ഫോനിയുടെ സ്ഥാനം. 


എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളിലായിരുന്നു ഇന്ന് യെല്ലോ അലര്‍ട്ട് ഉണ്ടായിരുന്നത്. തീരപ്രദേശത്തു താമസിക്കുന്നവര്‍ക്കും, മത്സ്യബന്ധന തൊഴിലാളികള്‍ക്കുമുള്ള ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. യെല്ലോ അലര്‍ട്ട് പിന്‍വലിച്ചെങ്കിലും സംസ്ഥാനത്തിന്റെ ചില ഇടങ്ങളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment