പ്രളയം തകർത്തത് 1748 ഇനം സസ്യ - ജന്തു ജാലങ്ങളെയെന്ന് റിപ്പോർട്ട്




സംസ്ഥാനത്തെ തകർത്തെറിഞ്ഞ പ്രളയം കൊണ്ടുപോയത് മനുഷ്യരെ maathramalla. 1748 ഇനം സസ്യ, ജന്തു ജാലങ്ങളെയും പ്രളയം ദോഷകരമായി ബാധിച്ചിട്ടുണ്ട്. തിരുവനതപുരം മുതൽ കണ്ണൂർ വരെ ജൈവവൈവിധ്യ ബോർഡ് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. റിപ്പോർട്ട് ജൈവ വൈവിധ്യ കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് ബോർഡ് ചെയർമാൻ മുഖ്യമന്ത്രിക്ക് കൈമാറി.


1053 ഇനം സസ്യങ്ങൾ, 695 ഇനം ജന്തുക്കൾ, 771 ആവാസവ്യവസ്ഥ, 287 ഇനം കാർഷിക ജനിതക വൈവിധ്യം എന്നിവയെ പ്രളയം ബാധിച്ചു. ഇടുക്കി, വയനാട് ജില്ലകളിൽ ആവാസ വ്യവസ്ഥ ഇല്ലാതായി. ഈ രണ്ട് ജില്ലകളെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. ഇടുക്കി, വയനാട്, എറണാകുളം, തൃശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശമുണ്ടാക്കിയത്.


മലനാട്, ഇടനാട്, തീരപ്രദേശം എന്നിവ ഉൾപ്പെടുന്ന മൂന്ന് തലത്തിലുള്ള ഭൂപ്രദേശങ്ങളെയും പ്രളയം ബാധിച്ചു. ആവാസ വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ നാശം സംഭവിച്ചത് നദീതട ആവാസ വ്യവസ്ഥയ്ക്കാണ്. പെരിയാർ ചാലക്കുടി, പമ്പ, കബനി തുടങ്ങിയ നദീതട ആവാസ വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് പ്രളയം സമ്മാനിച്ചത്.നാടൻ മൽസ്യ ഇനങ്ങളെയും പ്രളയം ബാധിച്ചു. 


പ്രകൃതി ദുരന്തം കനത്ത ആഘാതമുണ്ടാക്കിയ 187 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജൈവവൈവിധ്യ ആഘാതത്തെ കുറിച്ചായിരുന്നു പഠനം. 13 ജില്ലകളിലെ പ്രാദേശിക ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിലാണ് ജനകീയമായി സമഗ്ര പ്രളയനാന്തര, ഉരുൾപൊട്ടൽ ആഘാത പഠനം നടത്തിയത്. രാജ്യത്ത് ആദ്യമായാണ് സാമൂഹിക കാഴ്ചപ്പാടിന് പ്രാധാന്യം നൽകിയുള്ള പഠനം നടന്നത്.


കർഷകർ, മീൻപിടിക്കുന്നവർ, ആദിവാസികൾ, പരമ്പരാഗത അറിവുടമകൾ, അധ്യാപകർ, പരിസ്ഥിതി പ്രവർത്തകർ, ഉദ്യോഗസ്ഥ പ്രതിനിധികൾ എന്നിവരുമായി ചർച്ചയിലൂടെയും അഭിമുഖങ്ങളിലൂടെയും സർവേകളിലൂടെയുമാണ് വിവരശേഖരണം നടത്തിയത്. 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment