ഒരു നാടിനെ ഇങ്ങനെ കുരുതി കൊടുക്കാനാണോ സർക്കാർ വകുപ്പുകൾ




ഇനി മുറിഞ്ഞകല്ലിൽ കല്ലിൽ നിന്ന് വിളകൊയ്യാൻ പുതിയ ക്വാറി ഒരുങ്ങുന്നു. ക്വാറികളും ക്രഷറുകളും ഒന്നിന് പിന്നാലെ ഒന്നായി കലഞ്ഞൂർ പഞ്ചായത്തിലേക്ക് കടന്നു വരുന്നു. ഇവിടെ കവളപ്പാറയായാൽ ആർക്ക് നഷ്ടം. ആധുനിക ഭരണ ബ്രോകൾക്ക് മുഖപുസ്തക സൂക്തങ്ങൾ ഒരുക്കുന്നതിനും ആരവവും ആർപ്പുവിളികളുമായി ദുരന്തനിവാരണ പ്രവർത്തനം നടത്താനും ഇവിടം ഉപയോഗപ്പെടുത്താം.


കൂടൽ വില്ലേജിലെ ബ്ലോക്ക് നമ്പർ 30-ൽപ്പെട്ട കരിങ്കല്ല് ക്വാറിയുടെ ശ്രമം ഭാവിയിൽ ഈ പ്രദേശങ്ങളിൽ വലിയ പ്രശ്നങ്ങൾക്ക് തന്നെ കാരണമാകും. വളരെ ഉയരമുള്ള പ്രദേശത്ത് കുത്തനെ ചരിവുള്ള പ്രദേശത്ത് എങ്ങനെ ഇത്രയും കോടികൾ മുടക്കി കരിങ്കൽ ക്വാറിക്ക് അനുമതി നൽകി.
ഒരു പഴയ വില്ലേജ് ഓഫീസർ അവിടെ താമസിച്ച് തയ്യാറാക്കിയ പദ്ധതിയും പുറകാലെ ആളുകൾ പുറത്ത് വിട്ടുകൊള്ളും.


ഇനി അവിടെ നടത്തിയ പരിസ്ഥിതി റിപ്പോർട്ടിലേക്ക് ഒന്ന് നോക്കാം.


* ഏകദേശം 11 വർഷമാണ് പദ്ധതി കാലയളവ് .ഈ സമയം കൊണ്ട് 5218884.38 ടൺ ധാതു ശേഖരം നിയമപരമായി എടുക്കും..
* ഇവിടെ രണ്ട് ക്വാറികളാകും ( 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുക)
* ഖനന പ്രവർത്തനങ്ങളായ ഡ്രില്ലിംഗ്, സ്ഫോടനം, ഡമ്പറുകൾ, ട്രക്കുകൾ കാരണം വായു മലിനീകരണം സംഭവിക്കും. ഒപ്പം ശബ്ദ പരിസ്ഥിതിയിൽ സ്വാധീനം ചെലുത്തുകയും പദ്ധതി പ്രദേശത്തുള്ള ജനങ്ങളുടെ ആരോഗ്യം, പരിസ്ഥിതിക പരിസ്ഥിതിയിൽ ശബ്ദ തീവ്രത എന്നിവ മൂലമുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാകും.
* ഇവയിൽ നിന്നുള്ള പ്രകമ്പന അളവ് വർദ്ധിക്കുന്നത് നിലവിലുള്ള വീടുകൾ / കെട്ടിടങ്ങൾ എന്നിവയെ ബാധിക്കും.
* മേൽ മണ്ണ് നീക്കം ചെയ്യുന്നത് സസ്യജാലങ്ങളുടെ നഷ്ടവും ഉപരിതല ഒഴുക്ക് വർദ്ധിക്കുന്നതിനും കാരണമാകും.
* ഇത് അഴുക്കുചാലുകൾ / ജലപാതകൾ തടസ്സപ്പെടുത്തുന്നതിനും കൃഷി ചെയ്യാവുന്ന ഭൂമി നഷ്ടപ്പെടുത്തുന്നതിനും ഇടയാകും.
* ഭൂഗർഭ ജലം കുറയാൻ കാരണമാകും.
* ഖനന പ്രദേശത്തിൻ്റെ താഴ്ന്ന പ്രദേശങ്ങളിൽ ജലദൗർലഭ്യം ഉണ്ടാകാനുള്ള സാധ്യതയേറുന്നു.
* ഖനന പ്രദേശത്തിൻ്റെ മുകളിലുള്ള ബഫർ ഏരിയായിൽ മണ്ണിടിച്ചിൽ അപകടങ്ങൾക്ക് കാരണമാകും.
* പൊതുജനാരോഗ്യത്തെ ബാധിക്കുന്നു.


ഇതൊന്നും ഞാൻ പറയുന്നതല്ല. ക്വാറിക്കായി തയ്യാറാക്കിയ പാരിസ്ഥിതിക റിപ്പോർട്ടിൽ എഴുതപ്പെട്ട കാര്യങ്ങളാണ്.ഒരു നാടിനെ ഇനി വർഷങ്ങളായി ബാധിക്കാൻ പോകുന്ന കാര്യങ്ങളാണ്.ഇതിനെ ലഘൂകരിക്കാനും അവർ തന്നെ വിദഗ്ധമായി മാർഗ്ഗങ്ങൾ സൃഷ്ടിച്ചതും ഇതിൽ കാണാം. 7.07 കോടി രൂപ മുതൽ മുടക്കി തുടങ്ങുന്ന ഈ ക്വാറി ഇനി മുറിഞ്ഞകൽ - അതിരുങ്കൽ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതിന് വലിയ തർക്കമില്ല. ഇനിയൊരു പുതിയ ക്വാറി കോന്നി മണ്ഡലത്തിൽ വരില്ല എന്ന വാക്ക് വിശ്വസിക്കുന്നു. 


ഇവിടെ പുതിയ ക്വാറി വരാതിരിക്കാൻ  ജനകീയ പ്രതിരോധത്തിന് വാർഡംഗം തന്നെ നേതൃത്വം നൽകണം. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പു വരുത്തുന്നതിന് ജനപ്രതിനിധികളുടെ ഉറച്ച നിലപാട് വളരെ നിർണ്ണായകമാണ്. കലഞ്ഞൂർ പഞ്ചായത്തിനെ കരിങ്കൽ ബോംബിൻ്റെ ഭീഷണിയിൽ ചുറ്റും പൊട്ടിച്ച് തകർക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ കൂട്ടായ്മകൾ വേണം. ഇത് എന്നെ ബാധിക്കില്ല, ഞങ്ങളെ ബാധിക്കില്ല എന്ന് ചിന്തിക്കണ്ട. ഒറ്റ പ്രകമ്പനത്തിൽ ഒരു നാട് തന്നെ ഒലിച്ച് പോയത് കണ്ടവരാണ് നമ്മൾ. അത് ഇവിടെ ഉണ്ടാകരുത്.


കലഞ്ഞൂരിൽ ഇനി വേണ്ടത് ക്വാറിയല്ല. നിലവിലുള്ള ക്വാറികളുടെ പരിസ്ഥിതി ആഘാത പഠനമാണ്.ഒരു ദിവസം ജിയോളജി വകുപ്പ് കണക്ക് പ്രകാരം നിയമപരമായി 700 മുതൽ 800 ലോഡ് ക്വാറി ഉത്പന്നങ്ങൾ കലഞ്ഞൂർ പഞ്ചായത്തിൽ നിന്ന് കടന്നു പോകുന്നുണ്ട്. അത് വർഷങ്ങളായി നടന്നു കൊണ്ടിരിക്കുകയാണ്. ക്വാറികൾ പ്രവർത്തിക്കുന്ന പ്രദേശത്തെ വോട്ടർമാരുടെ എണ്ണം നിങ്ങൾ പരിശോധിച്ചാൽ അറിയാം ഇത് ബാധിക്കുമോ ഇല്ലിയോ എന്ന്. പല പ്രദേശങ്ങളിലും നൂറ് കണക്കിന് കുടുംബങ്ങൾ ഉള്ള വസ്തു കിട്ടിയ വിലയ്ക്ക് വിറ്റ് ഓടി പോയിട്ടുണ്ട്


ഇനിയൊരു ക്വാറി കലഞ്ഞൂർ പഞ്ചായത്തിൽ വേണ്ട.

കടപ്പാട്: പ്രശാന്ത് കോയിക്കൽ, കലഞ്ഞൂർ .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment