പിണറായി സർക്കാർ  ഖനന മുതലാളിമാർക്കായി കേരളത്തെ കുരുതിക്കളമാക്കുയാണ്




സംസ്ഥാനത്തെ ഒരാഴ്ചയിലധികമായി നിർത്തിവെച്ച ഖനനങ്ങൾ പുനരാരം ഭിക്കുവാനുള്ള സർക്കാർ തീരുമാനം കേരളം അനുഭവിക്കുന്ന പ്രകൃതി ദുരന്തത്തിൽ  നിന്നു പാoങ്ങൾ പഠിക്കുവാൻ സംസ്ഥാന അധികാരികൾ തയ്യാറല്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു. ഉരുൾ പൊട്ടലിൽ പെട്ട് 15 ദിവസമായി മണ്ണിനടിയിൽ പെട്ടവരുടെ 16 ശവ ശരീരങ്ങൾ കൂടി കണ്ടെത്തുവാനുള്ള ഘട്ടത്തിലും ജനകീയ  സർക്കാർ ഖനനങ്ങളെ വീണ്ടും കെട്ടഴിച്ചുവിടുവാൻ മടി കാണിച്ചില്ല. 


പശ്ചിമ ഘട്ടത്തിന്റെ ലോല സ്ഥലങ്ങൾ മുതൽ ഡാമുകൾ, ഭൂമി കുലുക്കത്തിന്റെ പ്രഭവ കേന്ദ്രങ്ങൾ, ജനവാസ കേന്ദ്രങ്ങൾ, സംസ്ഥാന /കേന്ദ്ര നിയമങ്ങളെ വെല്ലു വിളിച്ചു നടത്തുന്ന ഖനനങ്ങൾ കവളപ്പാറയിലെ പോലെയുള്ള ദുരന്തങ്ങൾക്ക് ആക്കം കൂട്ടി. സംസ്ഥാന ജിയോളജി വകുപ്പ് അനുവാദം കൊടുത്ത ഖനന അനുമതികൾ 750 ന് മാത്രമാണ് . പ്രവർത്തിക്കുന്നതാവട്ടെ 5924 എണ്ണവും. മധ്യ കേരളത്തിൽ പ്രവർത്തിക്കുന്ന 2438 ക്വാറികളുടെ വിസ്തൃതി 3610 ഹെക്ടർ വരും. തെക്കൻ കേരളത്തിൽ 1969 ഇടങ്ങളിലായി 1871 ഹെക്ടറിലും വടക്കൻ കേരളത്തിൽ 1675 ഹെക്ടറിൽ 1517 ഓളവും  നിയമങ്ങളെ കാറ്റിൽ പറത്തി സജ്ജീവമാണ്.  മൊത്തം 7520 ച.ഹെക്ടറിൽ നടക്കുന്ന അശാസ്ത്രീയമായ പ്രവർത്തനങ്ങളിൽ, 10 ഹെക്ടറിലധികം വിസ്താരത്തിൽ 73 എണ്ണവും 20 ഹെക്ടറിലധികം വലിപ്പത്തിൽ 19 എണ്ണവുമുണ്ട്. കൂടുതൽ ഖനനം നടക്കുന്ന പാലക്കാട്ട് 867, രണ്ടാം സ്ഥാനത്തുള്ള എറണാകുളത്ത് 771 ഖനന കേന്ദ്രങ്ങൾ മറ്റു ജില്ലകളെ ഓർമ്മിപ്പിക്കും വിധം  സുരക്ഷാ നിയമങ്ങളെ ഒട്ടും വകവെക്കുന്നില്ല.

 


ഭാരതപ്പുഴയുടെ നദീതടത്തിൽ 940 പാറ പൊട്ടിക്കൽ കേന്ദ്രങ്ങൾ ഉള്ളപ്പോൾ മുവാറ്റുപുഴയുടെ തടത്തിൽ അവയുടെ എണ്ണം 627 ആണ്. (1)


നീരുറവകളുടെ അടുത്തായി 96% ഖനനം നടക്കുന്നു.നിയമ ലംഘനങ്ങളുടെ തീവൃത മനസ്സിലാക്കുവാൻ ഈ വസ്തുത സഹായകരമാണ്(2).  സുരക്ഷിത വനത്തിൽ  (Protected forest) 79 ഖനനങ്ങൾ (3) റിസർവ്വ് വനത്തിൽ 1378 എണ്ണം (4) പശ്ചിമ ഘട്ടത്തിന്റെ നിർണ്ണായ ഇടങ്ങളായി Western Ghats Ecological Expert (WGEEP) എന്ന മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിൽ ഖനനം (ESZ 2 ൽ 2016കൊണ്ട്) നിർത്തി വെക്കണം എന്നു സൂചിപ്പിച്ചു. ESZ 1 ൽ ഖനനം പെട്ടെന്ന് അവസാനിപ്പിക്കണം. എന്നാൽ അവിടങ്ങളിൽ  അധികൃത/ അനധികൃത ഖനനങ്ങൾ തുടരുകയാണ്..Panel പരാമർശിച്ച ESZ 1 ൽ 1486 (5) ഖനനങ്ങളും ESZ 2 ൽ 169 (6), ESZ 3 ൽ 1667 (7)  ക്വാറിംഗ് നടക്കുന്നു.High Level Working group (കസ്തൂരി രംഗൻ) ഒഴിവാക്കണം എന്നു പറഞ്ഞ ഇടങ്ങളിൽ ഖനനങ്ങൾ 655.

 


അനിയന്ത്രിത സ്ഫോടനങ്ങൾക്ക് വൻ ഭൂ ഭ്രംശങ്ങൾ ഉണ്ടാക്കുവാൻ ശേഷിയുണ്ട്. സ്ഫോടനത്തിന്റെ കമ്പനം സെക്കൻഡിൽ 5000 മുതൽ 25000 വരെയടി വേഗത്തിൽ സഞ്ചരിച്ച് , ശക്തി കുറഞ്ഞ ഭൂ ഭാഗത്തെത്തി മല പിളർക്കലിനും ഉരുൾ പൊട്ടലിനും കാരണമാകുന്നു .ഖനനം ഉണ്ടാക്കുന്ന വൻ ഗർത്തങ്ങളിൽ നിറയുന്ന വെള്ളക്കെട്ടുകൾ മലഞ്ചരിവുകളിലെ സുരക്ഷാ പ്രശ്നത്തെ രൂക്ഷമാക്കി. 


ഖനനത്തിൽ നിന്നുള്ള 110 Hz ശബ്ദം ഗർഭസ്ത ശിശുക്കളെ മുതൽ ഏവരെയും പ്രതികൂലമായി ബാധിക്കുന്നു.പാെടിപടലങ്ങൾ വിവിധ രോഗങ്ങൾക്കു കാരണമാണ്.   പാെടിപടലങ്ങളാൽ സസ്യലതാതികളുടെ വളർച്ച അസാധ്യമാകും. തകർന്ന മലകൾ ഭൂമിയ്ക്കു ഭീഷണിയായി പ്രവർത്തിക്കുന്നു.


അനധികൃത ഖനനത്തിന്റെ പിന്നിലെ അഴിമതികൾ  ഖജനാവിനുണ്ടാക്കുന്നത്  വൻ സാമ്പത്തിക നഷ്ടമാണ്. വിവിധ ഖനനങ്ങളിൽ  നിന്നും  സംസ്ഥാന ഖജനാവിലേക്ക് ലഭ്യമായ വാർഷിക വരുമാനം 250 കോടിക്കു താഴെ മാത്രം.എന്നാൽ കരിങ്കൽ ഖനനത്തിലൂടെ സ്വകാര്യ മുതലാളിമാർ 20000 കോടി രൂപയുടെ കച്ചവടം നടത്തി വരുന്നു. ഖജനാവ് കാലിയായ കേരള സർക്കാരിന് സാമ്പത്തിക ശ്രോതസ്സായി മാറ്റാവുന്ന ഖനനത്തെ സ്വകാര്യ മുതലാളിമാർക്ക് നിയന്ത്രിക്കുവാൻ വേണ്ടതെല്ലാം ഒരുക്കുന്ന സർക്കാർ, അവരുടെ പ്രകടന പത്രികാ വാഗ്ദാനം പോലും മറക്കുമ്പോൾ സംസ്ഥാനത്തെ രാഷ്ട്രീയ /ഉദ്യോഗസ്ഥ /റിയൽ എസ്റ്റേറ്റു മാഫിയകൾ പ്രകൃതിയെ അടിച്ചുടക്കുകയാണ്.

 


പ്രക്യതി ദുരന്തങ്ങളിലൂടെ ആൾ നാശവും കൃഷി, വിട്, ഭൂമി എന്നിവ നഷ്ടപ്പെടുന്ന അവസ്ഥയിലും ഖനനങ്ങളെ പറ്റി ശാസ്ത്രീയ പഠനങ്ങൾ നടത്താത്ത കേരള സർക്കാരിനെ നിയന്ത്രിക്കുന്ന പാർട്ടി നേതാക്കൾക്ക് ആരോടാണ് ബാധ്യത  ? 


പ്രകൃതി ദുരന്തങ്ങളുടെ രക്ത സാക്ഷികളെ മണ്ണിനടയിൽ പെട്ട് 15 ദിവസം കഴിഞ്ഞും പുറത്തെടുക്കുവാൻ കഴിയാതിരിക്കെ, വീണ്ടും മഴ ശക്തമാകും എന്നറിഞ്ഞിട്ടും  ഖനനം പുനരാരംഭിക്കുവാനുള്ള സർക്കാർ തീരുമാനത്തിനെതിരെ  ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നു വരുവാൻ ഇനി എങ്കിലും  വൈകരുത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment