ക്വാറികൾക്ക് ദൂരപരിധി വർധിപ്പിച്ച ഗ്രീൻ ട്രിബ്യൂണൽ വിധി കേരള സർക്കാരിന് തിരിച്ചടി




കേരളത്തിൽ പശ്ചിമഘട്ട മലയോര മേഖലയിൽ വലിയ രീതിയിൽ നാശം വിതച്ച്‌ പെരുകുന്ന ക്വാറികൾക്ക് വീടുകളും അനുബന്ധ സ്ഥാപനങ്ങളും തമ്മിലുള്ള ദൂരം 200 മീറ്ററായി നിശ്ചയിച്ച് ജൂലായ് 21 ന് നാഷണൽ ഗ്രീൻ ട്രിബ്യൂണൽ സുപ്രധാന വിധിയിലൂടെ ഉത്തരവായത് ഇന്നലെ വാർത്തയായിരുന്നു. ഈ വിധി ഇന്ത്യയിലാകെ ബാധകമാണെങ്കിലും ഏറ്റവും അധികം ബാധിക്കുന്നത് കേരളത്തിലെ നൂറുകണക്കായ ക്വാറികളെയാണ് .അതനുസരിച്ച് ഇവയെല്ലാം പൂട്ടേണ്ടി വരും.ഈ ക്വാറികൾക്ക് അനധികൃതമായിപ്പോലും പ്രവർത്തിക്കാൻ കാലാകാലങ്ങളായി വരുന്ന സർക്കാരുകൾ നൽകിപ്പോന്ന ഒത്താശകൾക്ക് ഈ വിധി കനത്ത തിരിച്ചടിയാണ്.


എക്സ്പ്ലോസീവുകൾ ഉപയോഗിക്കാത്ത ക്വാറികൾക്ക് ട്രീബ്യൂണൽ നിശ്ചയിച്ച ദൂരപരിധി 100 മീറ്റർ ആണെങ്കിലും കേരളത്തിൽ അത്തരം ക്വാറികളേ ഇല്ലാത്തതിനാൽ 200 മീറ്റർ തന്നെയാണ് ഇവിടെ ബാധകമാവുക. കേരളത്തിലെ ക്വാറികളും കെ എം എം സി റൂളുകളുടെ തിരിമറികളും സംബന്ധിച്ച് ഗ്രീൻ റിപ്പോർട്ടർ മുൻപ് വിശദമായി റിപ്പോർട്ട് ചെയ്തിരുന്നത് ഓർക്കുമുല്ലോ. എല്ലാ വിധത്തിലുള്ള (മൈനർ ഗ്രേഡിലുള്ളവ) ഖനനങ്ങൾക്കും വ്യവസ്ഥയുണ്ടാക്കുന്ന നിയമമാണ് ഇന്ത്യൻ മൈൻസ് ആക്ടും അവയുടെ ചുവടുപിടിച്ച് സംസ്ഥാനം നിയമമാക്കുന്ന കേരള മൈനർ മിനറൽ കൺസഷൻ റൂൾസും (കെഎംഎം സി ആർ 1969, 2015). 


ഈ രണ്ടു നിയമങ്ങളിലും കേരളത്തിൽ ക്വാറികൾക്ക് നിശ്ചിയിച്ച ദൂര പരിധി 100 മീറ്റർ ആണ്. 2010 ൽ കെഎം.എം സി ആർ 1969ൽ തിരുത്തൽ വരുത്തി അന്നത്തെ സർക്കാർ ദൂരപരിധി 50 മീറ്റർ ആക്കിയത് 2011 ൽ സർക്കാർ മാറി വന്നതോടെ യു ഡി എഫിൽ തന്നെയുള്ള സമ്മർദ്ദത്തെ തുടർന്ന് 100 മീറ്റർ തന്നെയാക്കി. കെ എം എം സി ആർ 2015 നിയമമായപ്പോഴും 100 മീറ്റർ തന്നെ തുടർന്നു .എന്നാൽ 2016ൽ വീണ്ടും അധികാരത്തിൽ വന്ന എൽ ഡി എഫ് സർക്കാർ 2017ൽ ദൂരപരിധി വീണ്ടും50 മീറ്റർ ആക്കി കുറക്കുകയായിരുന്നു.


ഇത് മാത്രമല്ല ഈ രണ്ടു എൽ ഡി എഫ് ഭരണത്തിലും വ്യവസ്ഥയിൽ ഇളവു വരുത്തി ക്വാറികൾക്ക് പലവിധ ആനുകൂല്യങ്ങളും നൽകുകയും ചെയ്തിട്ടുണ്ട്. എന്തൊക്കെ സംഭവിച്ചാലും വികസനത്തിൽ, ഖനനവ്യവസായത്തിൽ ഒരു ഇളവും നൽകില്ല എന്ന നിർബന്ധബുദ്ധിയാവും പിന്നിൽ ! കേരളത്തിന് സമാനമായി മറ്റെല്ലാ സംസ്ഥാനങ്ങളിലും ഖനന നിയമങ്ങൾ നിലവിലുണ്ട്. എന്നാൽ ദൂര പരിധി എല്ലായിടത്തും കേരളത്തിലേക്കാൾ കൂടുതലാണ്. തമിഴ്നാട് - 200, കർണാടക- 300, മഹാരാഷ്ട്ര - 500 ......... 


മലയോര മേഖലകളിൽ ക്വാറികൾ എക്സ്പ്ലോസീവ്സ് ഉപയോഗിച്ച് സ്ഫോഡനം നടത്തുമ്പോൾ ക്വാറികളുടെ ഉയരവും കാറ്റിന്റെ ഗതിയും സ്ഫോഡനത്തിന്റെ ശക്തിയുമനുസരിച്ച് അവിടെ നിന്നുയരുന്ന പൊടി പടലങ്ങൾ 5 മുതൽ 7 കിലോമീറ്റർ വരെ വ്യാപിക്കാമെന്ന് എയർ അതോറിറ്റി (പി.സി.ബിയുടെ അപ്പലറ്റ് അതോറിറ്റി ) ഹൈക്കോടതിയിൽ നൽകിയ ഒരു സത്യവാങ്ങ്മൂലത്തിൽ നിരീക്ഷിച്ചിട്ടുണ്ട്.ഇതനുസരിച്ച് ഇപ്പോഴത്തെ ദൂരപരിധി നിശ്ചയിക്കുന്ന രീതി അശാസ്ത്രീയവും ജനവിരുദ്ധവുമാണ് .


ഓരോ ക്വാറികൾക്കും പരിസ്ഥിതി ആഘാത പഠനം നടക്കുമ്പോൾ അതത് പഞ്ചായത്ത് കളിലെ ബി എം സി യുടെ സാന്നിധ്യത്തിൽ ക്വാറിയുടെ ഉയരവും മറ്റും കണക്കാക്കി ദൂരപരിധി നിശ്ചയിക്കണമെന്നാണ് ഗ്രീൻ റിപ്പോർട്ടർ ആവശ്യപ്പെടുന്നത്. അതിന് ഇനിയും ജനകീയസമരങ്ങളും നിയമപോരാട്ടങ്ങളും അനിവാര്യമെന്ന് ഞങ്ങൾ സൂചിപ്പിക്കുകയും ചെയ്യുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment