കൂനിച്ചി മല ഇടിഞ്ഞു താഴുന്നു ; ദുരന്തങ്ങൾക്കിടയിലും ക്വാറിക്ക് അനുമതി നൽകി പഞ്ചായത്ത്




തിരുവനന്തപുരം :  വെള്ളറടയിൽ സഹ്യപർവതത്തിന്റെ ചെരുവിലുള്ള കൂനിച്ചി കൊണ്ടകെട്ടി മലനിരകളിൽ പാറകൾ ഇടിഞ്ഞുവീണു. ശനിയാഴ്ച രാത്രിയാണ്  ഉഗ്രശബ്ദത്തോടെ പാറ മലയുടെ ഒരുഭാഗം ഇടിഞ്ഞു വീണത്. കിഴുക്കാംതൂക്കായ ഈ മലയിലെ പാറകളുടെ അടിഭാഗത്ത് ഉണ്ടായ വിള്ളലുകൾ പ്രദേശത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. നിരവധി പാറകൾ പിളർന്ന് അപകടകരമായ അവസ്ഥയിലായിരിക്കുകയാണ്. മലയടിവാരത്തെ പാറകൾക്ക് ഇളക്കം തട്ടിയാൽ മുകൾ ഭാഗത്തെ പാറക്കൂട്ടം അപ്പാടെ താഴേക്ക് പതിക്കുന്ന സ്ഥിതിയിലാണുള്ളത്.തൊട്ടു താഴെയുള്ള പ്രദേശത്തെ കൃഷി വൻതോതിൽ നശിപ്പിച്ചുകൊണ്ടാണ് പാറയുടെ പാളി  താഴേക്ക് ഉരുണ്ടു വീണത് .പൊട്ടിനിൽക്കുന്ന പാറ ഭീഷണിയുയർത്തുന്നതിനാൽ അടുത്തുള്ള കുടുംബത്തെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നു.

 


സമുദ്രനിരപ്പിൽ നിന്ന് മൂവായിരത്തോളം അടി ഉയരത്തിലുള്ള സഹ്യപർവ്വത ശിഖരമാണ് കൂനിച്ചി മലനിരകൾ.  മലയുടെ ആകൃതിയാണ് ഈ മലക്ക് ആ പേര് വരാൻ കാരണം. കൊണ്ടകെട്ടി എന്നും ഈ മല അറിയപ്പെടുന്നു. കുറെ വർഷങ്ങൾക്കുമുമ്പ് പാറ ഖനനം നടന്ന പ്രദേശമാണ് ഇവിടം. ഈ പ്രദേശത്ത് വീണ്ടും ഖനനം നടത്താനുള്ള ശ്രമങ്ങൾ നാട്ടുകാരുടെ പ്രതിഷേധം മൂലം നിർത്തിവച്ചിരിക്കുകയാണ്. ഖനനത്തിന് അനുമതി നിഷേധിച്ച് കൊണ്ടുള്ള  ഹൈക്കോടതി വിധിയും  നിലവിലുണ്ട് . വെള്ളറട പഞ്ചായത്തിൽ തന്നെ മണലിയിൽ വെള്ളിയാഴ്ച പഞ്ചായത്ത് ക്വാറി പ്രവർത്തിക്കാനുള്ള അനുമതി  നൽകിയിരുന്നു. കള്ളി മൂട്,മീതി, കലപ്പക്കോണം, മണലി കൊല്ലംകോണം എന്നീ പ്രദേശങ്ങളിൽ ഖനനാനുമതി നൽകുന്നതിനെതിരെ ജനങ്ങൾ സമരം ചെയ്തു വരികയാണ്. 


''പരിസ്ഥിതി ദുർബലമേഖലയായ ഇവിടെ ഖനനം നടത്താനുള്ള ശ്രമങ്ങൾക്കെതിരെ ഈ പ്രദേശങ്ങളിലെല്ലാം സമരം നടന്നു വരുകയാണ്. മീനാട്ട് പാറയിൽ പ്രദേശവാസികൾ 165 ദിവസമായി സമരത്തിലാണ് '' വെള്ളറട ആക്ഷൻ കൗൺസിൽ ഭാരവാഹി റസ്‌ലി പറഞ്ഞു. രൂക്ഷമായ പ്രളയക്കെടുതിയുടെയും മലയിടിച്ചിലിന്റെയും സാഹചര്യത്തിൽ തന്നെ പഞ്ചായത്തിൽ ഉൾപ്പെടുന്ന മണലിയിൽ  ഖനനാനുമതി നൽകിയത് ദുരന്തങ്ങൾ ക്ഷണിച്ചു വരുത്താനാണെന്നു  നാട്ടുകാർ പറയുന്നു . ''സമീപ പഞ്ചായത്തായ അമ്പൂരിയിൽ ഉരുൾപൊട്ടലുണ്ടായത് 2011 ലാണ് .മുക്കുന്നിമലയിലും  ഒക്കെ നടന്നു വരുന്ന ഖനനങ്ങൾ ഈ മേഖലയെ ദുരന്തമുഖത്തിലെത്തിച്ചിരിക്കുകയാണ് .കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെയും അമ്പൂരിയിൽ സംഭവിച്ച ഉരുൾപൊട്ടലിന്റെയും  പശ്ചാത്തലത്തിൽ  ഖനനപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത് സ്ഥിതി നിയന്ത്രണാതീതമാക്കുമെന്ന് പശ്ചിമഘട്ടസംരക്ഷണ സമിതി കൺവീനർ ഷാജി പെരുങ്കടവിള  പറഞ്ഞു. 

 

സമീപ പഞ്ചായത്തായ അമ്പൂരിയിൽ 2001ലുണ്ടായ ഉരുൾപൊട്ടലിൽ 38 പേർ മരിച്ചിരുന്നു. പശ്ചിമഘട്ട മലനിരകളുടെ തെക്കേയറ്റത്തെ അതീവ പാരിസ്ഥിതിക ദുർബല പ്രദേശങ്ങളാണ് അമ്പൂരിയും വെള്ളറടയും ഉൾപ്പെടുന്ന പ്രദേശങ്ങൾ. കൂനിച്ചി മലയുടെ നടുവൊടിയുമ്പോഴും മലനിരകളിൽ പാറ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ അതിശക്തമായ സമരത്തിലാണ് ജനങ്ങൾ. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment