അനധികൃത തടയണ; ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.വി അന്‍വറിനെതിരെ വീണ്ടും ഹൈക്കോടതി




കൊച്ചി: പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.വി അന്‍വറിനെതിരെ വീണ്ടും ഹൈക്കോടതി. അമ്യൂസ്‌മെന്റ് പാര്‍ക്കുമായി ബന്ധപ്പെട്ട അനധികൃത തടയണയിലെ വെള്ളം എത്രയും പെട്ടെന്ന് ഒഴുക്കി കളയണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇത് രണ്ടാം തവണയാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കുന്നത്.


നേരത്തെ ഹൈക്കോടതി നല്‍കിയ കാലപരിധിക്കുള്ളില്‍ തടയണയിലെ വെള്ളം നീക്കിയിരുന്നില്ല. കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത 22 ന് മുന്‍പ് നടപടിയുണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടു. അന്‍വര്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആയതിനാല്‍ പെട്ടെന്ന് ഉത്തരവിടരുതെന്ന അന്‍വറിന്റെ ഭാര്യ പിതാവിന്റെ അഭിഭാഷകന്റെ വാദവും കോടതി തള്ളി. വെള്ളം തുറന്നുവിടണമെന്ന ഉറപ്പ് പാലിക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു


അന്‍വറിന്റെ പാര്‍ക്ക് പരിസ്ഥിതി ലോല പ്രദേശത്താണെന്ന് കലക്റ്റര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് പാറയുടെ മുകളില്‍ വെള്ളം കെട്ടി നിര്‍മിച്ച പാര്‍ക്ക് അപകടമുയര്‍ത്തുന്നുണ്ടെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ പട്ടികയിലെ അപകട സാധ്യത കൂടിയ സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് പാര്‍ക്ക് സ്ഥിതിചെയ്യുന്ന കക്കാടം പൊയ്യില്‍. ലക്ഷകണക്കിന് ലിറ്റര്‍ വെള്ളമാണ് മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാധ്യതയുള്ള ഇവിടെ തടയണ കെട്ടി നിര്‍ത്തിയിരിക്കുന്നത്. ഇതിന് മുന്‍പും തടയണയിലെ വെള്ളം ഒഴുക്കിക്കളയണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.


മലപ്പുറം ചീങ്കണ്ണിപ്പാലത്ത് ആദിവാസികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന കാട്ടരുവി തടഞ്ഞാണ് തടയണ നിര്‍മിച്ചിരിക്കുന്നത്. തടയണ നിര്‍മാണം വിവാദത്തിലായതിന് പിന്നാലെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം അന്‍വര്‍ തന്റെ ഭാര്യ പിതാവിന്റെ പേരിലേക്ക് മാറ്റിയിരുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment