കൊടും ചൂടിൽ മത്സ്യങ്ങൾ കേരള തീരം വിടുന്നു




കേരളത്തിൽ ഫെബ്രുവരി പകുതിയോടെ ശക്തമായി തുടരുന്നു ചൂടിന്റെ ഫലം മത്സ്യബന്ധന മേഖലയിലും ബാധിച്ച് തുടങ്ങി. ചൂടിന്റെ ഫലമായി പല മീനുകളെയും കിട്ടാതെയായി. സാധാരണ എളുപ്പത്തിൽ ലഭിക്കുന്നതും ആഴം കുറഞ്ഞ കടലിൽ ജീവിക്കുന്നതുമായ മൽസ്യങ്ങളുടെ ലഭ്യതയാണ് ചൂടിന്റെ ഫലമായി കുറഞ്ഞത്. വേനൽ ചൂടിൽ കടലും പൊള്ളുകയാണ്.  


അയല, മത്തി, ചൂര, പരവ എന്നീ മീനുകള്‍ക്കാണ് മുഖ്യമായും ക്ഷാമം നേരിട്ട് തുടങ്ങിയത്. തീരക്കടലിലെ ഊഷ്മാവ് വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ആഴം കുറഞ്ഞ ഭാഗങ്ങളില്‍ നിന്നും മീനുകള്‍ ആഴം കൂടിയ ഭാഗങ്ങളിലേക്ക് നീങ്ങുന്നതിനാലാണ് മൽസ്യ ലഭ്യത കുറയുന്നത്. മീനുകള്‍ ആഴക്കടലിലേക്ക് നീങ്ങുന്നതോടെ, കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ലഭിച്ചതിന്റെ പകുതി മത്സ്യം പോലും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 


സാധാരണ ഗതിയില്‍ വേനല്‍ കാലത്ത് ആഴം കുറഞ്ഞ ഭാഗങ്ങളില്‍ ജലത്തിന്റെ ഊഷ്മാവ് 25-30 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. അന്തരീക്ഷോഷ്മാവ് കൂടിയാല്‍ തീരക്കടലിലെ ഉഷ്മാവിലും വര്‍ധനവുണ്ടാകും. ഈ സാഹചര്യത്തില്‍ ആഴം കൂടിയ ഭാഗങ്ങളിലേക്ക് മത്സ്യങ്ങള്‍ പോകുന്നത് സാധാരണ പ്രതിഭാസം ആണെന്നാണ് കൊച്ചി സെന്റര്‍ മാരിടൈം ഫിഷറീസ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞർ അറിയിച്ചത്.


മീന്‍ ലഭ്യത കുത്തനെ ഇടിഞ്ഞതോടെ വില കൂടുകയും, നല്ല മീന്‍ ലഭിക്കാത്ത അവസ്ഥയുമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. ദിവസങ്ങളോളം പഴക്കമുള്ള മീനുകളാണ് ഇപ്പോള്‍ വില്‍പ്പനയ്ക്ക് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment