കീഴാറ്റൂർ സമരത്തെ കാണാതെ പോകുന്നവർ ആരുടെ വികസനത്തെ പറ്റിയാണ് വാദിക്കുന്നത് ?




സംസ്ഥാനത്തെ ദേശീയ പാത 66, വികസനം ഒക്ടോബർ 11 ന് തുടക്കം കുറിച്ചപ്പോൾ, കീഴാറ്റൂരിലെയും വീടു നഷ്ട്ടപ്പെടുന്നവരുടെയും സമരങ്ങളെ സർക്കാർ ഒട്ടും പരിഗണിച്ചില്ല എന്നു മനസ്സിലാക്കുവാൻ കഴിഞ്ഞു. വയലുകൾ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന സർക്കാർ, പാടങ്ങളെ നിലനിർത്തി പകരം സംവിധാനങ്ങളെ പറ്റി ആലോചനകൾ ഉണ്ടാകുമ്പോൾ അതിനെ അവഗണിക്കുകയായിരുന്നു. അതിനുള്ള ഉത്തമ ഉദാഹരണമായി മാറി കിഴാറ്റൂർ വിഷയം. 


ദേശീയ പാതയുടെ നിർമ്മാണം വൻ അഴിമതിയായി മാറുന്നു എന്നു തെളിയിക്കു ന്നതാണ് ഒരു കിലോമീറ്റർ നിർമ്മാണത്തിനായി 60 കോടി മുതൽ 90 കോടി വരെ ചെലവഴി ക്കുന്ന പുതിയ കരാറുകൾ. ഇന്നലെ വരെ 4 വരി പാതയെ പറ്റിയാണ്  കേട്ടു വന്നതെങ്കിൽ പുതിയ വാർത്തകളിൽ 6 വരിയെ പറ്റിയാണ് ബന്ധപ്പെട്ടവർ സംസാരിക്കുന്നത്. റോഡിൻ്റെ വീതി 70 മീറ്റർ ആകുമെന്നർത്ഥം.


ദേശീയ പാതാ വികസനത്തിന്റെ പേരില്‍ കീഴാറ്റൂര്‍ വയല്‍, മണ്ണും കല്ലും സിമന്റും ഇട്ട് നശിപ്പിക്കുന്നതിനു പകരം പാരിസ്ഥിതികാഘാതം കുറച്ച് പാത വികസനം സാധ്യമാക്കണമെന്ന് പരിഷത്തിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.


പരിഷത്തിന്റെ പഠന റിപ്പോര്‍ട്ടില്‍ നിന്ന് തളിപ്പറമ്പ് മുനിസിപ്പല്‍ പ്രദേശത്തെ ഏക വയല്‍ പ്രദേശമാണ് കീഴാറ്റൂരിലേത്, 250 ഏക്കര്‍ എന്നു മനസ്സിലാക്കാം. വെള്ള കെട്ടുള്ളതിനാല്‍ ഒന്നാം കൃഷി എല്ലായിടത്തും സാധിക്കാറില്ല. രണ്ടാം വിള കൃഷി കഴിഞ്ഞ മൂന്നാലു വര്‍ഷമായി കൃത്യമായി ഭൂരി ഭാഗം കര്‍ഷകരും ചെയ്യുന്നു. അടുത്ത വിളയായി പച്ചക്കറിയും. മുനിസിപ്പല്‍ പ്രദേശത്തെ ഏറ്റവും താഴ്ന്ന ഭൂ പ്രദേശമാണ് കീഴാറ്റൂര്‍.


വയലിന് മൂന്നു ഭാഗത്തും കുന്നുകളാണ്. ആ കുന്നുകളില്‍നിന്നുള്ള മഴ വെള്ളമെല്ലാം ഒഴുകിയെത്തുന്നത് ഈ വയലിലേക്കാണ്. തളിപ്പറമ്പ് ബ്ലോക്കിലെ കുറ്റിക്കോല്‍ നീര്‍ത്തടത്തിലെ പ്രധാന ഭാഗമാണിത്.വര്‍ഷ കാലത്ത് ഒരു മീറ്ററോളമെങ്കിലുമുയരത്തില്‍ മിക്ക ഭാഗത്തും വെള്ളം കെട്ടിനില്‍ക്കും. ഇതിലൂടെ സംഭരിക്കുന്ന ഭൂഗര്‍ഭ ജലത്തിന്റെ റീച്ചാര്‍ജിങ് ആണ് ഇരു കരകളിലും കിണറുകളില്‍ വെള്ളമെത്തി ക്കുന്നത്. സവിശേഷമായ ഭൂ പ്രകൃതിമൂലം ജല സസ്യങ്ങളാലും ജല ജീവികളാലും സമൃദ്ധമായ  ആവാസ വ്യവസ്ഥയാണിവിടെയുള്ളത്. ഇവിടെ മണ്ണിട്ടുനികത്തിയോ മറ്റു വിധത്തിലോ ഉള്ള നിര്‍മിതികള്‍ വരുന്നത് വയല്‍ പ്രദേശത്തെ എന്നന്നേക്കുമായി ഇല്ലാതാക്കും.


പാതയ്ക്കു മാത്രമായി 19 ഹെക്ടര്‍ വയല്‍ നികത്തുമെന്നാണ് അതോറിറ്റി പറഞ്ഞത്. ആകെയുള്ള 100 മീറ്റര്‍ വീതിയില്‍60 മീറ്ററോളം നികത്തപ്പെട്ടാല്‍ ബാക്കി വയല്‍ പ്രദേശം അപ്രത്യക്ഷമാവും.മിക്കവാറും വെള്ളക്കെട്ടുള്ള ഇരു ഭാഗത്തെ ക്കാള്‍ ഏറെ താഴ്ന്ന ഈ പ്രദേശത്ത് അഞ്ചു കിലോമീറ്ററോളം ഗതാഗത യോഗ്യമായ പാത തീര്‍ക്കാന്‍ വന്‍ തോതില്‍ മണ്ണും കല്ലും നിക്ഷേപിക്കേണ്ടിവരും. അതിന്റെ അളവും ഏറെ ഭീമമായിരിക്കും. 


നിലവിലുള്ള ദേശീയപാത ഇരു ഭാഗത്തും വീതി കൂട്ടുകയും നഗര ഭാഗത്ത് ചിറവക്ക് മുതല്‍ തൃച്ചംബരം വരെ ഒരു ഫ്ളൈ ഓവര്‍ സ്ഥാപിക്കുകയും ചെയ്താല്‍ പ്രശ്നം ഏറ്റവും കുറഞ്ഞ സാമൂഹിക - പാരിസ്ഥിതിക പ്രത്യാഘാതത്തോടെ പരിഹരിക്കാ നാകും. എല്ലാ വശങ്ങളും പരിശോധിച്ചാണ് കീഴാറ്റൂര്‍ വയല്‍ നികത്തിയുള്ള ബൈപ്പാസ് നിര്‍മാണം ദേശീയ പാതാ അതോറിറ്റി തീരുമാനിച്ചതെങ്കില്‍ അതിന്റെ ശാസ്ത്രീയത ബോധ്യപ്പെടുത്താന്‍ അവര്‍ ബാധ്യസ്ഥരാണ്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഹൈവേ അതോറിറ്റിയും പരിഗണിച്ച സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ വശങ്ങള്‍ എന്തെന്നും അതിനവര്‍ കാണുന്ന പരിഹാരമെന്തെന്നും അറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്. 


രണ്ട് സാധ്യതകളാണ് ഹൈവേ അതോറിറ്റി പരിശോധിച്ചത്. 


കുറ്റിക്കോല്‍ മുതല്‍ കൂവോട് പ്ലാത്തോട്ടം- മാന്ധംകണ്ട് വഴി കുപ്പം വരെയും കുറ്റിക്കോല്‍- കൂവോട്- കീഴാറ്റൂര്‍ വഴി കുപ്പം വരെയും


കൂറ്റിക്കോല്‍- പ്ലാത്തോട്ടം- കുപ്പം


5.47 കി.മി നീളമുള്ള റോഡായിരിക്കുമിത്. റോഡു നിര്‍മ്മാണത്തിന് ആകെ ഏറ്റെടുക്കേണ്ട 26.17 ഹെക്ടര്‍ ഭൂമിയില്‍ 17.48 ഹെക്ടര്‍ സ്വകാര്യ ഉടമസ്ഥത യിലുള്ള കരഭൂമിയാണ്.കുറ്റിക്കോല്‍ മാന്ധംകണ്ട് ഭാഗങ്ങളിലുള്ള 8.19 ഹെക്ടര്‍ തണ്ണീര്‍ത്തടം നികത്തേണ്ടി വരും


കൂറ്റിക്കോല്‍- കൂവോട്- കീഴാറ്റൂര്‍


ഹൈവേ അതോറിറ്റി അംഗീകരിച്ച് ആദ്യ വിജ്ഞാപനം ഇറക്കിയ അലൈന്‍മെന്റ് ഇതാണ്. ജനവാസം കുറഞ്ഞ പ്രദേശത്തുകൂടി കടന്നു പോകുന്നു എന്നതാണിതിന്റെ മേന്മ.6 കി.മി നീളം വരും.29.1 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം.അതില്‍ 21.09 ഹെക്ടറും വയല്‍ പ്രദേശമോ മറ്റ് തണ്ണീര്‍ത്തടമോ ആണ്. 7.22 ഹെക്ടര്‍ ആണ് ഏറ്റെടു ക്കേണ്ട പുരയിടം.30 വീടുകളും 4 വ്യാപാര സ്ഥാപനങ്ങളും മറ്റും പൊളിച്ചു നിക്കേണ്ടത്.കടന്നു പോകുന്ന ഭാഗത്തിലേറെയും തണ്ണീര്‍തടങ്ങളാണ്. കുറ്റിക്കോല്‍ ഒഴിച്ച് ബാക്കി ഭാഗങ്ങളിലെ വയല്‍ വളരെ വീതികുറഞ്ഞതിനാല്‍ കൂവോട്-കീഴാറ്റൂര്‍ പ്രദേശങ്ങളിലെ വയല്‍ പൂര്‍ണ്ണമായും ഇല്ലാതാകും.


പരിഷത്ത് മുന്നോട്ടുവെക്കുന്ന ബദല്‍ നിര്‍ദ്ദേശങ്ങള്‍


മുന്നോട്ട് വെക്കുന്ന രണ്ട് അലൈന്‍മെന്റുകള്‍ കുടിയൊഴിപ്പിക്കലിന്റെയും കൃഷിഭൂമി നഷ്ടമാകുന്നതിന്റേയും പേരില്‍ പ്രദേശികമായ എതിര്‍പ്പുകളെ നേരിടുന്നു. രണ്ടാമത്തെത് അവക്ക് പുറമെ കടുത്ത പാരിസ്ഥിതിഘാതവും സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് നിലവിലുള്ള ഹൈവേ തന്നെ വീതി കൂട്ടി നഗര ഭാഗത്ത് ഒരു ഫ്‌ളൈ ഓവറിന്റെ സാധ്യത പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നത്.


ഹൈവേക്ക് 1975 ല്‍ ഭൂമി അക്വയര്‍ ചെയ്തിട്ടുള്ളത് 30 മീറ്റര്‍ വീതിയിലാണ്. തളിപ്പറമ്പ് നഗരത്തില്‍ തന്നെ 20-30 മീറ്റര്‍ വീതിയില്‍ ഇപ്പോള്‍ റോഡുണ്ട്. നഗരത്തിലെ കെട്ടിടങ്ങളുടെ ബാഹുല്ല്യമാണ് അവിടെ വീതികൂട്ടുന്നതിന് തടസ്സം. എന്നാല്‍ നഗരത്തിരക്ക് ആരംഭിക്കുന്ന ഏഴാം മൈല്‍ മുതല്‍ ലൂര്‍ദ് ഹോസ്പിറ്റല്‍ സമീപം വരെ 10 മീറ്റര്‍ വീതിയില്‍ ഒരു ഫ്‌ളൈ ഓവര്‍ തീര്‍ത്താല്‍ പൊളിച്ചുനീക്കേണ്ട കെട്ടിടങ്ങളുടെ എണ്ണം കുറക്കാനാകും. താഴെയും മുകളിലും രണ്ടു വരി വീതം പാതകളായി, ഫ്‌ളൈ ഓവറും നിലവിലുള്ള പാതയെയും ഉപയോഗപ്പെടുത്താം. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വിധമാണ് ഗതാഗത വികസനം നടക്കുന്നത്. ജനസാന്ദ്രത കൂടിയ കേരളമാകെ നഗര സമാനമാകുന്ന ഈ ഘട്ടത്തില്‍ ഈ വിധത്തില്‍ മുകളിലോട്ടുള്ള വികസനം എന്നത് ഗൗരവമായി പരിഗിക്കേണ്ടി യിരുന്നത്.


നവീകരിക്കുന്ന 5.50 കി.മി ഹൈവേയില്‍ 2.1കീ.മീറ്ററാണ് ഫ്‌ളൈ ഓവര്‍ നിര്‍മ്മി ക്കേണ്ടി വരിക.ഹൈവേ വികസനത്തിനായി 10.33 ഹെക്ടര്‍ ഏറ്റെടുക്കേണ്ടി വരികയുള്ളു.30 വീടുകള്‍ മാത്രമാണ് നഷ്ടമാവുക. 39 വാണിജ്യ സ്ഥാപനങ്ങളും ഇതില്‍ 24 കെട്ടിടങ്ങളും13 വീടുകളും50 വര്‍ഷത്തിനും മീതെ പഴക്കമുള്ളവയാണ്.


ശാസ്ത്രസാഹിത്യ പരിഷത്തിനെ പോലെയുള്ള ജനകീയ അടിത്തറയുള്ള സംഘടന മുന്നോട്ടു വെച്ച ശാസ്ത്രീയ അഭിപ്രായത്തെ പരിഗണിക്കാതെ ദേശീയ പാതാ വികസനം മുന്നോട്ടു പോകുമ്പോൾ, ദേശീയ, സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ ഉൽക്കണ്ഠകളെ പരിഗണിക്കാതെ, നീർത്തടങ്ങളെ തകർത്തെറിയുവാൻ ശ്രമിക്കുന്നത് ആരുടെ താൽപ്പര്യ പ്രകാരമാണ് ?

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment