കാലാവസ്ഥാ വ്യതിയാനം സർക്കാരിനെ വേവലാതിപ്പെടുത്തുന്നില്ലേ?




വെള്ളപ്പൊക്കം ശ്വാസം മുട്ടിച്ച കേരളം  ഇപ്പോൾ ചുട്ടുപൊള്ളുകയാണ്. മൂന്നു ഡിഗ്രിയിലധികം ചൂട്  Hot wave പ്രതിഭാസത്തിലേക്ക് നാടിനെ എത്തിച്ചു. സൂര്യാഘാതം ഒരിക്കൽ മലയാളികൾക്ക് പത്രവാർത്തയായിരുന്നു എങ്കിൽ ഇന്നത് നിത്യ സംഭവമായിക്കഴിഞ്ഞു. ഇത്തരം പ്രതിഭാസങ്ങളെ  Tanker കുടിവെള്ള വിതരണം, കിയോസ് ക്കുകൾ/തണ്ണീർ പന്തൽ സ്ഥാപിക്കൽ മുതലായ പരിപാടികളിൽ ഒതുക്കി നിർത്തുവാൻ സർക്കാരും സംഘടനകളും ഇഷ്ടപ്പെടുന്നു.


കേരളത്തിന്റെ കാടുകൾ കത്തുമ്പോൾ അതിനുള്ള കാരണം അടിക്കാടുകൾ നഷ്ടപ്പെട്ട വെണ്ടു കീറിയ പ്രതലമാണ് എനറിയാത്തവരാണോ നമ്മുടെ നായകന്മാർ. അരുവികൾ വറ്റിവരണ്ടു. നദികൾ ഒഴുകാതെയായി. കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങി. അധിക ചൂട്‌ താങ്ങുവാൻ കഴിയാതെ മൃഗങ്ങളും പക്ഷികളും ബുദ്ധിമുട്ടുന്നു. കാർഷിക രംഗത്ത് 10% കുറവെങ്കിലും വേനൽ വരുത്തിവെക്കും. വേനൽക്കാല രോഗങ്ങൾ വർദ്ധിക്കുകയായി.


നമ്മുടെ സർക്കാർ 1000 ദിനത്തിന്റെ ആഘോഷങ്ങളിൽ മുഴുകിയിരിക്കെ കാലാവസ്ഥാ വ്യതിയാനം അവരെ വേവലാതിപ്പെടുത്തുന്നില്ല . ഖനനം നാടിനെ തകർക്കുന്നു എന്ന സർക്കാർ കണ്ടെത്തൽ ,അവർ തന്നെ മറന്ന് ഖനന നിരോധന ഭൂമിയിൽ പ്രവർത്തനം സജ്ജീവമാക്കുകയാണ്. കൃഷി ചെയ്യുവാൻ മാത്രം അനുവാദം നൽകി (1964 ലെ ഭൂപതിവു ചട്ടപ്രകാരം) വിതരണം ചെയ്ത മലനാടുകളിലെ ഭൂമിയിൽ  സർക്കാർ പുതുതായി പാറമടകൾ തുടങ്ങുവാൻ പച്ചക്കൊടി ഉയർത്തി. പുതുവൽ ഭൂമിയിൽ പാറ പൊട്ടിക്കാൻ അനുവാദം നൽകിയ ഇടതുപക്ഷ സർക്കാർ കൈക്കൊള്ളുന്ന പുതിയ തീരുമാനവും നാടിനെ കൂടുതൽ പ്രതിസന്ധിയിലെത്തിക്കും.


തോട്ടങ്ങൾ അനധികൃതമായി കൈവശം വെച്ചു വന്നവരിൽ നിന്നും കരം സ്വീകരിക്കുവാൻ കൊല്ലം ജില്ലാ കളക്ടറുടെ അറിവോടെ നടത്തിയ ശ്രമങ്ങൾ തൊട്ടങ്ങളുടെ ഘടന മാറുവാൻ അവസരമുണ്ടാക്കും. ഹാരിസൺ കൈവശം വെച്ച ഭൂമി പ്രിയ, റിയ എസ്റ്റേറ്റുകൾക്കു കൈമാറിയ നിയമവിരുധ പ്രവർത്തനത്തെ സഹായിക്കുവാൻ സർക്കാർ കാട്ടുന്ന താൽപ്പര്യം നാടിന്റെ പൊതുതാൽപര്യത്തെ ഹനിച്ചു വരുന്നു. വിദേശ കമ്പനികൾക്ക് 1947 നു ശേഷം ഭൂമി വാങ്ങുവാനും വിൽക്കുവാനും അവകാശമുണ്ടെന്ന തെറ്റായ നിയമ വ്യാഖാനത്തെ എതിർക്കുവാൻ മടിക്കുന്ന സർക്കാർ ടാറ്റയ്ക്ക് 1.04170 ലക്ഷം ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം ലഭ്യമാക്കുവാൻ അവസരമൊരുക്കുകയാണ്. സംസ്ഥാനത്ത് 5.5 ലക്ഷം ഏക്കർ തോട്ടങ്ങളുടെ ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തികൾക്ക് ലഭിക്കുന്നതോടെ പശ്ചിമഘട്ട മലനിരകൾ കൂടുതൽ വെട്ടി വെളിപ്പിക്കപ്പെടും.


കേരളം ചൂടിനാൽ വെന്തുരുകുമ്പോൾ സർക്കാർ കൂടുതൽ കൂടുതൽ പ്രകൃതി വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. മഴക്കാലം വെള്ളപ്പൊക്കത്തിന്റെയും   വേനൽ കാലം ഉഷ്ണക്കാറ്റിന്റെയും പിടിയിലമരുന്ന കേരളത്തിന് ആരെയാണ് തൃപ്തിപ്പെടുത്തുവാൻ കഴിയുക?

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment