പെരിഞ്ചാംകുട്ടി വനമേഖലക്ക് സമീപം വനഭൂമി പതിച്ചു നൽകാൻ നീക്കം




ഇടുക്കി: ഇടുക്കി പെരിഞ്ചാംകുട്ടി വനമേഖലക്ക് സമീപം വനഭൂമി പതിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. വനം വകുപ്പിന്‍റെ 1500 ഏക്കര്‍ ഭൂമിയെകുറിച്ചാണ് ആക്ഷേപം ഉയര്‍ന്നു വന്നത്. വ്യത്യസ്തങ്ങളായ മരങ്ങളും, ഔഷധ സസ്യങ്ങളും സ്ഥിതി ചെയ്യുന്ന പെരിഞ്ചാംകുട്ടി വനമേഖല പരിസ്ഥിതി ലോല പ്രദേശമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിഷ്കര്‍ശിച്ച പ്രദേശമാണ്.


പെരിഞ്ചാംകുട്ടി വനമേഖലക്ക് സമീപമുള്ള 1978 ലെ വന സംരക്ഷണ നിയമത്തിന്‍റെ ഭാഗമായി തേക്ക് മര തൈകള്‍ നടുകയും, സംരക്ഷിക്കുകയും ചെയ്തു പോന്ന പ്രദേശത്തെക്കുറിച്ചാണ് പുതിയ ആരോപണം. ഭൂരഹിതര്‍ക്കായി ഭൂമി പതിച്ചു നല്‍കുകയായിരുന്നു സര്‍ക്കാര്‍ പദ്ധതി. എന്നാല്‍ സ്വന്തമായി ഭൂമി ഉള്ളവരും, മുന്‍പ് ഭൂമി സൗജന്യമായി ലഭിച്ചിട്ടുള്ളവരും പദ്ധതിയില്‍ ഉള്‍പെട്ടതായി രേഖകളില്‍ കാണാം. റവന്യൂ വകുപ്പിന്‍റെ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്ന് കോണ്‍ഗ്രസ്സ് ജില്ല പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി കല്ലാര്‍ ആരോപിക്കുന്നു.


വനഭൂമി അല്ലെങ്കില്‍പ്പോലും വനമായി സംരക്ഷിക്കണം എന്ന സുപ്രീം കോടതി വിധിയും പെരിഞ്ചാംകുട്ടിയില്‍ നിലനില്‍ക്കുന്നുണ്ട്. ഭൂരഹിതര്‍ക്കെന്ന വ്യാജേന 168 പേര്‍ക്ക് വനഭൂമി പതിച്ചു നല്‍ക്കാന്‍ റവന്യൂ വകുപ്പ് നീക്കം നടത്തുന്നതായി ആരോപണം. ബിനാമികളെ മുന്‍നിര്‍ത്തി ഭൂമി കൈക്കലാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment