മരടിൽ നിന്ന് സംസ്ഥാന സർക്കാരിന് ഏറെ പഠിക്കാനുണ്ട്




വികസനത്തിന്‍റെ അളവുകോല്‍ എന്തായിരിക്കണം എന്ന ചര്‍ച്ചയില്‍ നിന്നും  വിവിധങ്ങളായ ഉത്തരങ്ങള്‍ കിട്ടിയേക്കാം.ആ ഉത്തരങ്ങള്‍ അവരവരുടെ സാമൂഹിക സമീപനങ്ങളെ പ്രതിഫലിപ്പിക്കാറുണ്ട്. വിപണിയെ മുന്‍ നിര്‍ത്തി വികസനത്തെ സ്വപനം കാണുന്ന സാമ്രാജ്യത്വ സംവിധാനത്തെ സംബന്ധിച്ച്, വിപണി എല്ലാം തീരുമാനിക്കപെടട്ടെ എന്നാണ് പറയുന്നത്. അവിടെ കുന്നും കാടും കായലും കടലും മൂല്യ വര്‍ധിത വസ്തുക്കളായിരിക്കും. ലാഭം എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കും. (പരിസ്ഥിതി ഉള്‍പെടെയുള്ള) മത്സരങ്ങളിൽ പങ്കാളികളായി കരുത്തര്‍ വിജയിക്കണം. അതിന്‍റെ പങ്ക് ഓരോരുത്തരുടെയും മിടുക്കിന്‍റെ അടിസ്ഥാനത്തില്‍ ഉണ്ടാകണമെന്നവർ പറയുന്നു. ഇത്തരം നിലപാടുകള്‍ ലോകത്തില്‍ ഉണ്ടാക്കിയ ദുരന്തങ്ങള്‍ (പട്ടിണിയും തൊഴില്‍ രാഹിത്യവും ,പലായനങ്ങളും ലോക യുദ്ധവും ആഗോള താപനവും ഒക്കെയാണ്)നമ്മുടെ അനുഭവമായി ഇവിടെയുമുണ്ട്. കേരളം 1980 കള്‍ വരെ ഊന്നല്‍ കൊടുത്തത് ഇത്തരം കഴുത്തറുപ്പന്‍ മത്സരങ്ങള്‍ക്കാ യിരുന്നില്ല. പകരം എല്ലാവര്‍ക്കും ഭക്ഷണം(റേഷനിംഗ്), വിദ്യാഭ്യാസം (സര്‍ക്കാര്‍ വിദ്യാലയം, (മെറിറ്റ്‌ പരിഗണിക്കുന്ന ഉന്നത പഠനം)), ആതുരാലയം, തൊഴില്‍ അവസരവും തൊഴില്‍ സുരക്ഷയും (ESI ആനുകൂല്യവും മറ്റുമുള്ള കശുവണ്ടി-കൈത്തറി-തോട്ടം തൊഴില്‍ രംഗം), മത നിരപേക്ഷ പൊതു ബോധം എന്നീ നിലകളില്‍ ആയിരുന്നു.അതിന്‍റെ പിന്‍ബലത്തില്‍ കേരളം കുറഞ്ഞ വരുമാന ത്തിലും ലോകോത്തര രാജ്യങ്ങളുടെ ജീവിത സൂചികക്കൊപ്പം എത്തുവാന്‍ കഴിഞ്ഞു ഈ പാതയില്‍ നിന്നും വ്യതിചലിക്കുവാന്‍ ആദ്യം കോണ്‍ഗ്രസ്പാര്‍ട്ടി ഗ്രൂപ്പുകളും പിന്നീട് കമ്യുണിസ്റ്റ് പാര്‍ട്ടികളും തീരുമാനിച്ചതോടെ പരിസ്ഥിതി മുതല്‍ രാഷ്ട്രീയ-വിശ്വാസ-വികസന രംഗങ്ങളില്‍ എല്ലാം സാമൂഹിക നന്മയെ മറന്നു പോകുന്ന അവസ്ഥയിലേക്കു കാര്യങ്ങൾ എത്തി.     


കേരളത്തില്‍ നടക്കുന്ന അനധികൃത നിര്‍മ്മാണങ്ങളില്‍ ഉത്തമ തെളിവായിരുന്ന  മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കല്‍ ,12വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്നാറില്‍ നടത്തിയ പൊളിക്കലിന്‍റെ രണ്ടാം ഘട്ടമായി കരുതണം.സുപ്രീം കോടതിയുടെ ഇടപെടലിനാല്‍ മാത്രം നിയമ ലംഘനങ്ങളെ പരിഗണിക്കുവാന്‍ ഇഷ്ടപെടുന്ന ജനകീയ സര്‍ക്കാരി നെ , ഫലത്തില്‍ ജനാധിപത്യത്തിന്‍റെ ഉത്തമ മാതൃകയായി കാണുവാന്‍ കഴിയുകയില്ല. ഇത്തരം നിലപാടുകള്‍ കേരളം നേടിയെടുത്ത ഒട്ടറെ സാമൂഹിക മൂല്യങ്ങള്‍ക്ക് തിരിച്ചടിയായി. മരടിലെ അനധികൃത നിര്‍മ്മാണങ്ങള്‍ ഒറ്റപെട്ട സംഭവമല്ല. പശ്ചിമ ഘട്ടം മുതല്‍ തീരങ്ങളില്‍ വരെ നടന്നിട്ടുള്ള നിയമങ്ങളെ വെല്ലു വിളിച്ച പ്രവര്‍ത്തനങ്ങളെ വികസനമായി പരിഗണിക്കുവാന്‍ രാഷ്ട്രീയ ലോകം ഇഷ്ടപെട്ടിരുന്നു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ കണ്ടെത്തിയ അനധികൃത നിര്‍മ്മാണങ്ങള്‍ 30000 നടത്തുണ്ട് എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. കൊല്ലം ജില്ലയില്‍ തന്നെ അതിന്‍റെ എണ്ണം 4800 വരും.എറണാകുളത്ത് 4700 ഓളം അനധികൃത കെട്ടിടങ്ങള്‍ കെട്ടി പൊക്കിയിട്ടുണ്ട്  എന്നതിൽ നിന്നും സംസ്ഥാനത്തു പ്രവർത്തിക്കുന്ന  സമാന്തര സാമ്പത്തിക ലോകത്തെ പറ്റി ധാരണ ലഭിക്കും. ഇത്തരം അനാശാസ്യ പ്രവര്‍ത്തനത്തെ വികസന കുതിപ്പായി കാണുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇഷ്ടപെടുന്നു മരടിലെ നിര്‍മ്മാണങ്ങള്‍ പൊളിച്ചു മാറ്റുന്നതിലൂടെ നവ കേരള നിര്‍മ്മിതി പരിസ്ഥിതിക്കനുയോജ്യമായ രീതിയിൽ മാത്രം നടപ്പിലാക്കും  എന്ന് ഇപ്പോഴും സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുവാന്‍ കഴിയുന്നില്ല.ASCEND 2020 സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ പഴയ വഴിയിലൂടെ തന്നെ കേരളം മുന്നോട്ടു നീങ്ങും എന്ന് ഓര്‍മ്മിപ്പിക്കുകയാണ്.


സംസ്ഥാനത്തെക്ക്‌ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം എത്തും എന്ന് അറിയിക്കുമ്പോള്‍ അങ്ങനെ എത്തുന്ന മുതല്‍ മുടക്കുകള്‍ സംസ്ഥാനത്തിന്‍റെ പ്രാഥമിക-ദ്വിതീയ രംഗങ്ങളില്‍ അല്ല എന്ന് വ്യക്തമാണ്. മുഖ്യമന്ത്രി ഉത്ഘടനത്തില്‍ പറഞ്ഞിരുന്നപോലെ തീര ദേശ ഹൈവെ, മലയോര ഹൈവേ,ദേശിയ ജലപാത എന്നിവയുടെ പൂര്‍ത്തിയാക്കലിനെ പറ്റി വിശദീകരിക്കുന്നുണ്ട്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 65000 കോടി മുതല്‍ മുടക്ക് ആവശ്യമുള്ള Semi High Speed പദ്ധതിയെ പറ്റി വിവരിച്ചു. Silver Line എന്ന പ്രസ്തുത റെയില്‍ നിര്‍മ്മാണം, കൊച്ചി മെട്രോയെ പോലെ സംസ്ഥാനത്തിന് വന്‍ ബാധ്യതയായി മാറാൻ പോകുക യാണ്. (Silver Line പദ്ധതിയെ പറ്റി വിശദമാക്കുന്ന വിവരണം പിന്നാലെ ഉണ്ടാകും) കേരളത്തിൽ പൂര്‍ത്തീകരിക്കുവാന്‍ കഴിയാതെ പോയ  ഭൂപരിഷ്കരണത്തെ പോലും   അപ്രസക്തമാക്കുവാന്‍ സഹായിക്കും വിധം പണം മുടക്കുന്ന വ്യക്തികള്‍ക്ക് 15 ഏക്കറില്‍ അധികം ഭൂമി സ്വന്തമാക്കാം എന്ന CPIm പോളിറ്റ് ബ്യൂറോ അംഗം ശ്രീ പിണറായി വിജയന്‍റെ ഉറപ്പ്, സ്വന്തം പാര്‍ട്ടിയുടെ അഭിമാന തീരുമാനത്തെ തള്ളി പറയലാണ്. വന്‍ കിട കെട്ടിടങ്ങള്‍ 8 മീറ്റര്‍ മാത്രം വീതിയുള്ള റോഡുകളുടെ ഓരത്ത് പണിയുവാന്‍ അനുവദിക്കും എന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു പറയുമ്പോള്‍ കേരളത്തിന്‍റെ വികസനത്തെ കേവലം കെട്ടിടം പണിയും റോഡു പണികളുമായി മാത്രം കാണുവാന്‍ ഇടതു പക്ഷ സര്‍ക്കാര്‍ ഇഷ്ടപെടുന്നു എന്ന് തീർച്ചപ്പെടുത്താം.


സംസ്ഥാനത്തെ സാമ്പത്തിക തിരിച്ചടിക്കു പരിഹാരം കാണണമെന്ന കാര്യത്തിൽ രണ്ടഭിപ്രായം ഇല്ല. എന്നാൽ എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം തേടൽ രാഷ്ട്രീയമായി വളരെ പ്രധാനപ്പെട്ടതാണ്. തകർന്നടിഞ്ഞ കാർഷിക, പരമ്പരാഗത, വ്യവസായ മേഖല തുടങ്ങിയ രംഗത്തു തന്നെയാണ് ഇന്നും നല്ല പങ്ക് ആളുകൾ  തൊഴിലെടുക്കുന്നത്. സേവനമേഖല അതിന്റെ ഭാഗമായി വളർന്നു വരേണ്ടതാണ്. ചൂതാട്ടവും മധ്യ വ്യാപാരവും പ്രധാന സാമ്പത്തിക ശ്രോതസ്സായ നാട് ജനാധിപത്യ ത്തിന്റെ നല്ല വശങ്ങളെ പ്രതിഫലിപ്പിക്കുകയില്ല. പശ്ചിമഘട്ടം മുതൽ അറബിക്കടൽ വരെ വ്യാപരിച്ചിരിക്കുന്ന കേരളത്തിന്റെ സുസ്തിര വികസനത്തെ പറ്റി ആലോചിക്കുമ്പോൾ മരട് അനുഭവത്തെ ഒരു പാഠമാക്കുവാൻ കേരള സർക്കാരിനു ബാധ്യതയുണ്ട്. എന്നാൽ ഈ വൈകിയ വേളയിലും റിയൽ എസ്റ്റേറ്റ്, റോഡുപണി വ്യവസായം, ഭൂപരിഷ്ക്കരണത്തെ അട്ടിമറിക്കൽ ഇത്യാദി രംഗത്തെ ലക്ഷ്യം വെച്ചാണ് കേരള സർക്കാർ ഭാവി കേരളത്തെ കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നത്. ഇതിൽ നിന്നും മരട് സംഭവും 2018-2019 വെള്ളപ്പൊക്കവും അനുബന്ധ സംഭവങ്ങളും നേതാക്കളെ ഒന്നും പഠിപ്പിക്കുന്നില്ല എന്ന് വിളിച്ചറിയിക്കുന്നുണ്ട്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment