ഉരുൾപൊട്ടലിന്റെ തെളിവുകൾ മായ്ച്ച് റിസോർട്ട് മാഫിയ ; പരിസ്ഥിതി ലോല മേഖലകളിൽ നിർമ്മാണപ്രവർത്തനങ്ങൾ തുടരുന്നു




പ്രളയത്തിന് ശേഷവും വയനാട്ടിലെ പരിസ്ഥിതി ലോല മേഖലകളിലെ റിസോർട്ടുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നു. ആഗസ്റ്റ് മാസത്തിലുണ്ടായ ഉരുൾപൊട്ടലിന്റെ തെളിവുകൾ മറച്ച് വെച്ച് നിർമ്മാണ പ്രവർത്തനങ്ങൾ തുടരാനുള്ള നീക്കത്തിലാണെന്ന്  വൻകിട റിസോർട്ടുകൾ എന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിന്റെ റിസർവ്വോയറിനുള്ളിൽ വനമേഖലയോട് ചേർന്ന് റിസോർട്ടിനുള്ളിൽ വലിയ മണ്ണിടിച്ചിലുണ്ടായ ഭാഗം പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ച് വെച്ചിരിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. 

 

റിസോർട്ടിനുള്ളിലെ മണ്ണിടിച്ചിൽ പുറത്തറിയുന്നതിന് മുൻപ് ആ ഭാഗം കോൺക്രീറ്റ് ചെയ്തു മറക്കാനുള്ള പണികൾ ധൃതഗതിയിൽ നടത്തുകയാണ്. ജില്ലയിലെ പരിസ്ഥിതി ലോല മേഖലയിലെ അനധികൃത നിർമ്മാണങ്ങൾ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാക്കിയിട്ടുണ്ടെന്ന ആരോപണങ്ങൾ നിലനില്കുന്നുണ്ട്. പരിസ്ഥിതി ലോല മേഖലയിൽ പ്രവർത്തിക്കുന്ന റിസോർട്ടുകൾ സംബന്ധിച്ച് പരിശോധന വേണമെന്ന് ജില്ലാതല അവലോകന യോഗത്തിലും ആവശ്യം ഉയർന്നിരുന്നു. 

 

പ്രളയം തകർത്ത വയനാട്, കനത്ത വരൾച്ചയിലേക്ക് നീങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. വയനാടിന്റെ അവശേഷിക്കുന്ന പരിസ്ഥിതിയെ എങ്കിലും വിവേകപൂർണ്ണമായി സംരക്ഷിക്കുന്നതിനുള്ള നടപടികൾ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇതിനിടെയാണ് സ്വകാര്യ റിസോർട്ട് മാഫിയകൾ ഉരുൾപൊട്ടൽ വിവരങ്ങൾ പോലും മറച്ച് വെച്ച് അനധികൃത നിർമ്മാണങ്ങളുമായി മുന്നോട്ട് പോകുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment