വ്യക്തിഹത്യ ചെയ്യലല്ല കക്കാടംപൊയിലിൽ നടന്നത് എന്ന് നിലമ്പൂർ എംഎൽഎ മറന്നു പോകുന്നു 




പരിസ്ഥിതി പ്രവർത്തകരുടെ ലക്ഷ്യം നിയമ നിർമ്മാണ സഭയിലെ അംഗത്തിന്റെ നേതൃത്വത്തിലെ നിയമ ലംഘനത്തെ ജന ശ്രദ്ധയിലെത്തിക്കലാണ് , അതും പശ്ചിമ ഘട്ടത്തിന്റെ പരിസ്ഥിതി ലോല പ്രദേശത്ത്.പോത്തു കല്ലിൽ നിന്നും വർഷങ്ങൾക്കു മുൻപ് വൻ മണ്ണിടിച്ചിൽ ഉണ്ടായ മുണ്ടക്കൈയിൽ നിന്നും അത്ര അകല അല്ലാത്തിട ത്ത്. CPIm എന്ന പാർട്ടിയെ ആക്രമിക്കുവാൻ കിട്ടിയ അവസരത്തെ പരമാവധി ഉപയോഗപ്പെടുത്തൽ പരിസ്ഥിതി സംരക്ഷണ അജണ്ടയിൽ വരുന്ന കാര്യമല്ല. പരിസ്ഥിതിയെ വെല്ലുവിളിക്കുന്ന ഏതു സമീപനത്തെയും ജനാധിപത്യപരമായി  ചെറുക്കലാണ് പരിസ്ഥിതിയുടെ രാഷ്ട്രീയം ആവശ്യപ്പെടുന്നത്.


പശ്ചിമ ഘട്ടത്തിൽ നടക്കുന്ന നിയമ ലംഘനങ്ങൾ അവിശ്വസനീയങ്ങളാണ്. അത്  നാട്ടുകാർക്കും കേരളത്തിനാകെയും വരുത്തിവെക്കുന്ന ദുരന്തങ്ങൾ ആർക്കും നിഷേധിക്കുവാൻ കഴിയില്ല.


പശ്ചിമ ഘട്ടത്തിലെ കൃഷിക്കാർ അനുഭവിക്കുന്ന തിരിച്ചടിക്ക് കാലാവസ്ഥ വ്യതിയാനം , വന ശോഷണം എന്നിവ വലിയ പങ്കു വഹിക്കുന്നു. ഓരോ കൃഷിയും എത്തിച്ചേർന്ന ഗതികേട് , അതിൽ RCEP കരാർ വരെ വഹിക്കുന്ന പങ്ക് ഒക്കെ ഗൗരവതരമായി നമ്മൾ ചർച്ച ചെയ്യുന്നു. ഇവിടെ അന്തർദേശീയ /ദേശീയ വിഷയങ്ങളിൽ (വ്യാപാര കരാർ, പരിസ്ഥിതി) ഇടതു പക്ഷ നിലപാടുകൾക്കൊപ്പം നിൽക്കുവാൻ പരമാവധി പരിസ്ഥിതി പ്രവർത്തകർ ബാധ്യസ്ഥമാണ്. പക്ഷേ കേരളത്തിൽ ഇടതുപക്ഷത്തിന്റെ പരിസ്ഥിതി നിലപാടുകൾ ബിജെപിയെയും കോൺഗ്രസ്സിനെയും നാണിപ്പിക്കുന്നുണ്ട്.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നൽകിയ 71 മുതൽ 91 വരെയുള്ള പരിസ്ഥിതി സംബന്ധിയായ വാഗ്ദാനങ്ങളിൽ ജനം നൽകിയ വിശ്വാസം നിലമ്പൂരിൽ വിജയം നേടിക്കൊടുത്തു. അത് ഐക്യ ജനാധിപത്യ മുന്നണി നിലപാടിൽ നിന്നു വ്യത്യസ്ഥമായിരുന്നു. 


എന്നാൽ സർക്കാർ വാഗ്ദാനങ്ങളെ മറന്നു കൊണ്ടിരിക്കുന്നു. അതു കൊണ്ടു തന്നെ മറ്റാരേക്കാളും ഇടതുപക്ഷ MLA പരിസ്ഥിതി വിഷയത്തിൽ മാതൃകയാകുവാൻ ബാധ്യതയുണ്ട്. പക്ഷേ ?


കവളപ്പാറയിലെയും മേപ്പാടിയിലെയും ദുരന്തത്തിന് പ്രാദേശിക നിയമ ലംഘനങ്ങൾ പ്രധാന പങ്കുവഹിച്ചു. ചീങ്കണ്ണിപ്പാലിയിൽ PVR ഉടമസ്ഥതയിൽ നിർമ്മിച്ച തടയണ നിയമങ്ങളെ ലംഘിച്ചു എന്ന് ഹൈക്കോടതി പറയേണ്ടി വന്ന സാഹചര്യം ,അതിന്റെ പ്രധാന ഗുണഭോക്താവ് ഇടതുപക്ഷ MLA ആണെന്ന വാർത്ത  കർണ്ണാടക മുതലുള്ള രാഷ്ട്രീയ മാഫിയ സ്വഭാവത്തിന്റെ ചെറു രൂപമായി കരുതുന്നതാ യിരിക്കണം  ഇടതുപക്ഷ നിലപാട് ?


അപകടകരമായ ചരിവിൽ (60 ഡിഗ്രിക്കു മുകളിൽ)ഉണ്ടാക്കിയ നിർമ്മാണം അടിവാരത്തിൽ താമസിക്കുന്ന രൊൾക്കെങ്കിലും ദുരന്തം വരുത്തിവെച്ചിരുന്നു എങ്കിൽ / വെക്കുമെങ്കിൽ ആ ദുരന്തത്തിലെ പ്രതി ഒരു MLAയാണെന്ന വാർത്ത എത്ര വലിയ രാഷട്രീയ ദുരന്തമായിരിക്കും എന്ന് ദശകങ്ങളായി ചെങ്കൊടി പിടിക്കുന്നവർ ഓർക്കുമോ  ?


കക്കടാം പൊയിലിലെ നിയമ ലംഘനത്തിൽ, അവിടുത്തെ മനുഷ്യാവകാശ ലംഘനത്തിൽ മറ്റുള്ളവർക്കെന്ത് എന്ന ചോദ്യം ജനാധിപത്യത്തെ വെല്ലുവിളിക്കലാണ്. അമരാവതിയിൽ (ഇടുക്കി) സമരം ചെയ്യാൻ പോയ AKG യോടും പാർട്ടി പ്രവർത്തകരോടും നിങ്ങൾക്കിവിടെ എന്തു കാര്യം എന്നാരും ചോദിച്ചില്ല.പ്രകൃതി വിഭവങ്ങളോടുള്ള ഉത്തരവാദിത്തം നിർവ്വഹിക്കലിനെ പ്രാദേശിക വിഷയമായി മാത്രം കാണാൻ ഇഷ്ടപെടുന്ന  സാർവ്വദേശീയ നിലപാടുള്ള ഇടതുപക്ഷം ,അവരുടെ നിലപാടുകളെ വഴിയിൽ ഉപേക്ഷിക്കുകയാണിവിടെ .ഒരു വ്യക്തിക്കു വേണ്ടി അതുമല്ലെങ്കിൽ ചുരുക്കം ചിലർക്കു വേണ്ടി എന്ന അവസ്ഥ വലിയ രാഷ്ട്രീയ ദുരന്തമാണെന്ന് അറിയേണ്ടവർ അറിയുന്നില്ല .

നാട്ടുകാരെ ഭിന്നിപ്പിക്കുന്ന സമരങ്ങൾ എന്ന വാദം ആദ്യം  ഉയർത്തിയത് ബ്രിട്ടീഷ് കാരാണെന്ന് രാഷ്ട്രീയക്കാർ മറക്കരുത്.
ഒരു വ്യക്തിയുടെ സംരംഭം നിയമ ലംഘനമാണെങ്കിൽ (അതും പരിസ്ഥിതി സമിതി അംഗമായ) അതിനെ തള്ളിപ്പറയുവാൻ മടിക്കുന്ന ഓരോ നിമിഷവും നാടിന്റെ  രാഷ്ട്രീയ സംശുദ്ധത തന്നെ ചോദ്യം ചെയ്യപ്പെടും. നമ്മൾ നാളെ ഉണ്ടാകണമെന്നില്ല,  പക്ഷേ ചീങ്കണ്ണിപ്പാലിയും കക്കടാംപൊയ്യും എന്നും ഇവിടെ ഉണ്ടാകണ്ടേ ?


കേരളത്തിലെ ആദ്യ വന സംരക്ഷണ സമരം  നടത്തിയത് കയ്യൂർ , കരിവെള്ളൂർ സമര നേതാവ് സഖാവ്. കുഞ്ഞാമ്പുവും  കൂട്ടരുമായിരുന്നു എന്ന് ഇടതുപക്ഷ പാർട്ടി നേതാക്കൾ മറന്നു പോകുന്നത് മറവിരോഗത്താലല്ല!


ചീങ്കണ്ണിപ്പാലി തടയണ നിർമ്മിച്ച PVR കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കുക .


ശ്രീ. P. V. അൻവർ MLA യെ നിയമസഭാ പരിസ്ഥിതി സമിതിയിൽ നിന്നു പുറത്താക്കുക.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment