കലഞ്ഞൂരിനെ വിഴുങ്ങുവാൻ തയ്യാറെടുക്കുന്ന ഖനനങ്ങളുടെ പ്രാഥമിക പ്രവർത്തനം നിർത്തിവെക്കണം




കലഞ്ഞൂരിനെ വിഴുങ്ങുവാൻ തയ്യാറെടുക്കുന്ന 5 പുതിയ ഖനനത്തിൻ്റെ പ്രാഥമിക പ്രവർത്തനം തന്നെ നിർത്തിവെക്കണമെന്ന ആവശ്യം ജനങ്ങൾ ശക്തമായി ഉന്നയിക്കുവാൻ തുടങ്ങിയിരിക്കുന്നു.


വിഴിഞ്ഞം അദാനി പോർട്ടിൻ്റെ പുലി മുട്ടിനായി, കലഞ്ഞൂർ പഞ്ചായത്തിനെ ലക്ഷ്യം വെച്ചു നീങ്ങുന്നു എന്ന വാർത്ത നാടിനെ ഉൽക്കണ്ഠയിലെത്തിച്ചു. പദ്ധതിക്കു  വേണ്ടി മല തകർക്കാനുള്ള ആദ്യ ശ്രമം കലഞ്ഞൂർ, കൂടൽ വില്ലേജിലെ കോട്ടപ്പാറ യിൽ തുടങ്ങുന്നതിനായി ജനങ്ങളുടെ അഭിപ്രായം തേടൽ ഒക്ടോബർ 12 ന് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത ശ്രമം തന്നെ നിയമത്തോടുള്ള വെല്ലുവിളിയാണ് എന്ന വസ്തുത സർക്കാർ മറച്ചു വെച്ചിരിക്കുകയാണ്.


ഈ സാഹചര്യത്തിൽ തെളിവെടുപ്പ് മാറ്റിവക്കണമെന്ന പ്രാദേശിക ജനങ്ങളുടെ  കൂട്ടായ അപേക്ഷ, സംസ്ഥാന മലിനീകരണ ബോർഡിനും കളക്ടർക്കും നൽകേണ്ട തുണ്ട്. പ്രദേശവാസികൾക്ക് ഏവർക്കും ഗൂഗിൾ മീറ്റിൽ പങ്കെടുക്കുവാനുള്ള ഭൗതിക സൗകര്യങ്ങൾ ഇല്ല എന്ന വസ്തുത ബന്ധപ്പെട്ടവർ അംഗീകരിക്കണം. നിലവിലെ ശ്രമങ്ങൾ തന്നെ അവസരം നിഷേധിക്കലാണ്. സ്വന്തം നാടിൻ്റെ പരിസ്ഥിതിയെ മുച്ചൂടും തകർക്കുവാൻ അവസരമൊരുക്കുന്ന ഖനനത്തെ പറ്റി, ജനങ്ങളുടെ അഭിപ്രായമാരായൽ വളരെ പ്രധാനമാണ്. ജനങ്ങളുടെ നിലപാടുകൾ പ്രകടിപ്പിക്കുവാനുള്ള അവസരത്തെ ഗൂഗിൾ അഭിമുഖമായി മാറ്റുന്നത്, നിയമപരമായി പോലും അംഗീകരിക്കുവാൻ കഴിയില്ല.

 


പുതിയ ക്വാറികൾ അനുവദിക്കുവാൻ ചുരുങ്ങിയത് 200 മീറ്റർ അകലമെങ്കിലും ജനവാസ കേന്ദ്രത്തിൽ നിന്ന്, അരുവികളിൽ നിന്ന്, റോഡിൽ നിന്ന്, പൊതു സ്ഥലങ്ങളിൽ നിന്ന്, വേണമെന്നിരിക്കെ സർക്കാർ നടത്തുന്ന ജനങ്ങളുടെ അഭിമുഖം തന്നെ നിയമത്തോടുള്ള വെല്ലുവിളിയാണ്. 


കലഞ്ഞൂർ ഗ്രാമത്തെ വികസനത്തിന്റെ പേരിൽ തകർക്കാനായി നിയമലംഘകരുടെ റോളിൽ നിന്നുകൊണ്ട് സർക്കാർ ശ്രമിക്കരുത്. തകർക്കലിന് വേണ്ടിയുള്ള ശ്രമങ്ങളിൽ ആദ്യത്തേതാണ് ഒക്ടോബർ 12 ന് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന ജനങ്ങളുടെ അഭിപ്രായം തേടൽ. പ്രസ്തുത ശ്രമം തന്നെ ബന്ധപ്പെട്ടവർ ഉപേക്ഷിക്കേണ്ടതുണ്ട്‌. അതിനായി ജില്ലാ, സംസ്ഥാന മലിനീകരണ ബോർഡിനെയും സർക്കാരിനെയും നിർബന്ധിപ്പിക്കുവാൻ ആവശ്യമായ പരാതികളും പരിഭവങ്ങളും എഴുതിയും അല്ലാതെയും  അറിയിക്കുവാൻ താമസംവിനാ നാട്ടുകാർ സംഘടിതമായി രംഗത്ത് വരണം.

 

തുടരും

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment