കുടിവെള്ളമില്ല; കല്ലാർ-കക്കി ഡാമുകൾ തുറക്കാൻ ഹൈക്കോടതി നിർദേശം




കൊച്ചി: കല്ലാർ-കക്കി ഡാമുകൾ തുറക്കാൻ ഹൈക്കോടതി നിർദേശം. ശബരിമലയിലെ ജലദൗർലഭ്യം ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. വിഷു പൂജകൾക്കായി ശബരിമല നട നാളെ തുറക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം ബെഞ്ചിന്‍റെ നിർദേശം.


ശബരിമലയിൽ കടുത്ത കുടിവെള്ളക്ഷാമം നേരിടുമെന്ന് സ്പെഷ്യൽ കമ്മീഷൻ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ഡാമുകൾ ഉടനടി തുറക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്. മണ്ഡല മകരവിളക്കിന് ശേഷം ശബരിമലയിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് വിഷു പൂജയ്ക്കാണ്.


അതേസമയം, സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞ് വരികയാണ്. ഇടുക്കി ഡാമുകളിൽ വെള്ളം പതിവിലും കുറവാണ് ഇപ്പോഴുള്ളത്. സംഭരണ ശേഷിയുടെ 43 ശതമാനം മാത്രമാണ് ഇപ്പോൾ വെള്ളമുള്ളത്. ഇനിയും താഴ്ന്നാൽ സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനം തന്നെ അവതാളത്തിലായേക്കും.


വേനൽ മഴയുടെ ലഭ്യത കൂടി കുറഞ്ഞതോടെ ഡാമുകളിലെ ജലനിരപ്പ് ആശങ്കയുണ്ടാക്കുന്നുണ്ട്. വെള്ളം കുറവായതിനാൽ ഡാമുകൾ ഒന്നും ഇതുവരെ തുറന്നിട്ടില്ല. എന്നാൽ, പുഴകളിലെ നീരൊഴുക്ക് കൂടി കുറഞ്ഞതോടെ പുഴയുടെ ബന്ധപ്പെട്ട കിടക്കുന്ന കുടിവെള്ള പദ്ധതികളും ആശങ്കയിലാണ്. ഇതേ അവസ്ഥ തുടർന്നാൽ കുടിവെള്ളത്തിനായി കൂടുതൽ ഡാമുകൾ തുറക്കേണ്ടി വരും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment