നവകേരളത്തിന് കണ്ടങ്കാളി മോഡൽ




പ്രളയാനന്തരം സംസ്ഥാന സർക്കാരിന്റെയും അതിനു നേതൃത്വം നൽകുന്ന സിപിഐഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും വികസന സമീപനങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടാകും എന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി , ഈ ഭരണക്കാർ ഒന്നും പഠിച്ചിട്ടില്ല. രണ്ടാഴ്ചയല്ല രണ്ടു വർഷം പ്രളയജലത്തിൽ മുങ്ങി നിന്നാലും കേരളത്തിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ മാടമ്പിമാരും ഒന്നും പഠിക്കില്ല. 


75 ഏക്കർ നെൽവയൽ നികത്തി പയ്യന്നൂർ കണ്ടങ്കാളിയിൽ കേന്ദ്രീകൃത എണ്ണ സംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാരും ഓയിൽ കമ്പനികളും ദ്രുതഗതിയിൽ മുന്നോട്ടു പോവുകയാണ്. പദ്ധതിയുടെ അശാസ്ത്രീയതയും ജന വിരുദ്ധതയും പരിസ്ഥിതി വിരുദ്ധതയും പൊതുജനമധ്യത്തിൽ തുറന്നു കാട്ടപ്പെട്ട പൊതു തെളിവെടുപ്പിനു ശേഷം അൽപമൊന്ന് പ്രതിരോധത്തിലായ പദ്ധതിക്കാർ , അതീവ രഹസ്യമായി ഭൂവുടമകളെ മാത്രം ഉൾക്കൊള്ളിച്ച് സാമൂഹിക ആഘാത പഠനവും പബ്ലിക് ഹിയറിംഗും നടത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഇതിനായി കൊച്ചിയിലെ രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് പഠനം തുടങ്ങിക്കഴിഞ്ഞു. പദ്ധതിയ്ക്കായി ഏറ്റെടുക്കേണ്ട ഭൂമിയുടെ ഉടമകളെ ഫോൺ വഴിയും മറ്റും വിവരമറിയിച്ച് ക്ഷണിച്ചു കൊണ്ടാണ് രഹസ്യ വിവരശേഖരണം. വൻ തുക കിട്ടുമ്പോൾ വയൽഭൂമി കൈമാറാൻ സാധാരണക്കാരായ കർഷകർ തയ്യാറാകുമെന്നറിയുന്ന സംസ്ഥാന സർക്കാരിന്റെ കള്ളക്കളിയാണിതെന്ന് വ്യക്തം.

പദ്ധതിക്കായി തയ്യാറാക്കപ്പെട്ട വിശദമായ പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടിൽ പദ്ധതി പ്രദേശത്തിന്റെ ചുറ്റുമുള്ള 17 കിലോമീറ്റർ പ്രദേശങ്ങൾ ഇതിന്റെ ആഘാതമേഖലയായിരിക്കുമെന്ന് വ്യക്തമായി പറയുന്നു. അതായത് പതിനഞ്ചോളം പഞ്ചായത്തുകളിലായാണ് ഈ 'ബാധിത ' പ്രദേശം വ്യാപിച്ചു കിടക്കുന്നത്. വസ്തുത ഇതായിരിക്കേ പദ്ധതിക്കായി വയൽ വിട്ടുകൊടുക്കേണ്ടവരെ മാത്രം ഉൾപ്പെടുത്തി തെളിവെടുപ്പും അഭിപ്രായ സർവ്വേയും നടത്തുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. സമീപത്തെ പഞ്ചായത്തു പ്രസിഡന്റുമാരെയോ പയ്യന്നൂർ നഗരസഭയെയോ ഇത്തരമൊരു പഠനത്തെ കുറിച്ച് അധികൃതർ അറിയിച്ചിട്ടില്ല. കണ്ടങ്കാളിയിലെ തണ്ണീർത്തട സംരക്ഷണ സമിതി പ്രവർത്തകർ പോലും ഒരു ഭൂവുടമയ്ക്ക് കിട്ടിയ രാജഗിരി കോളജുകാരുടെ കത്തിലൂടെയാണ് സർവ്വേ വിവരം അറിയുന്നത്. 


ഇത്രയും രഹസ്യമായി, ആളുകളെ മോഹവില കാണിച്ച് കബളിപ്പിച്ച് പദ്ധതി നടപ്പിലാക്കുന്നതിനു പിന്നിലെ യഥാർത്ഥ താൽപര്യം ഇപ്പൊഴും നിഗൂഢമാണ്. പതിനാലും പതിനഞ്ചും ഏക്കർ വയൽ ഭൂമി, കർഷകർ സ്വപ്നം കാണാത്ത വില നൽകി കൈവശപ്പെടുത്തിയ വൻകിട റിയൽ എസ്റ്റേറ്റു ഗ്രൂപ്പുകാരുടെ സമ്മർദ്ധം തന്നെയാണ് പ്രളയാനന്തരം ഇത്തരമൊരു അശാസ്ത്രീയ പദ്ധതിയുമായി മുന്നോട്ടു പോവാൻ സംസ്ഥാന സർക്കാരിനെ നിർബന്ധിതമാക്കുന്നത് എന്ന് ആരോപണമുണ്ട്.


കണ്ടങ്കാളിയിൽ സിപിഐഎമ്മും കർഷക സംഘവുമെല്ലാം പരസ്യമായി നിഷ്പക്ഷരാണെങ്കിലും രഹസ്യമായി പദ്ധതി പക്ഷത്തു തന്നെയാണ്. വിവിധ പൊതു പരിപാടികളിൽ സിപിഐഎം നേതാക്കൾ എണ്ണ സംഭരണ പദ്ധതിയെ പയ്യന്നൂരിന്റെ വികസന വിപ്ലവമായിട്ടൊക്കെയാണ് വിശേഷിപ്പിച്ചത്. ആരൊക്കെ എതിർത്താലും കണ്ടങ്കാളിയിൽ തന്നെ പദ്ധതി വരുമെന്ന് നാട്ടിൽ പ്രചരിപ്പിക്കുന്നവരും പ്രാദേശിക പാർടി സഖാക്കൾ തന്നെയാണെന്ന് ആരോപണമുണ്ട്. പൊതു തെളിവെടുപ്പിൽ പരിസ്ഥിതി പ്രവർത്തകർ ഉന്നയിച്ച ഒരൊറ്റ കാര്യത്തിനും നാളിതുവരെ അധികൃതർ മറുപടി പറഞ്ഞിട്ടില്ല , ആശങ്കയകറ്റി മാത്രമേ പദ്ധതി നടപ്പിലാക്കൂ എന്നെല്ലാമാണ് സിപിഐഎംന്റെ ഔദ്യോഗിക നിലപാടായി പറഞ്ഞു കേൾക്കുന്നത്. ഏത് ആശങ്ക ഏത് അർത്ഥത്തിൽ പരിഹരിച്ചിട്ടാണ് ഇത്തരമൊരു അനാവശ്യ പദ്ധതിയുമായി ഇപ്പൊഴും മുന്നോട്ടു പോകുന്നത് എന്ന ചോദ്യം പ്രസക്തമാണ്.

 
സേലം -ചെന്നൈ പാതയ്ക്കായി വയൽ ഏറ്റെടുക്കുന്നതിനും കുന്നിടിക്കുന്നതിനുമൊക്കെ എതിരെ സമരത്തിനു നേതൃത്വം നൽകിയ കിസാൻ സഭാ നേതാവ് വിജു കൃഷ്ണന്റെ നാടിനടുത്താണ് പയ്യന്നൂരും കണ്ടങ്കാളിയുമെല്ലാം .മൗനം വിദ്വാന് ഭൂഷണമെന്നു കരുതിയിട്ടാകാം സഖാവ് വിജു കൃഷ്ണനൊന്നും കണ്ടങ്കാളിയെ പറ്റി ഒന്നും മിണ്ടാത്തത്. നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തിക്കൊണ്ടുള്ള വികസന പദ്ധതികൾ ഇനി വേണ്ട എന്നെല്ലാം നിയമസഭാ സ്പീക്കർ കൂടിയായ സഖാവ് ശ്രീരാമകൃഷ്ണനൊക്കെ പറയുന്നത് കേട്ടപ്പോൾ രാഷ്ട്രീയ നേതൃത്വത്തിന് സദ്ബുദ്ധി തെളിഞ്ഞതായി നാം കേരളീയർ തെറ്റിദ്ധരിച്ചു.


എഴുപത്തഞ്ചല്ല എഴുന്നൂറ്റമ്പത് ഏക്കർ നികത്തി ആയാലും കണ്ടങ്കാളിയിൽ പദ്ധതി വരേണ്ടത് 15 ഏക്കർ വീതം വാങ്ങി വച്ച റിയൽ എസ്‌റ്റേറ്റുകാരുടെ ആവശ്യമാണ്, കോടികൾ കൊയ്യാനുള്ള ആ ആവേശത്തിനിടയിൽ എന്ത് കുന്ന്, എന്ത് വയൽ, എന്ത് കായൽ, എന്ത് ഭാവി തലമുറ, എന്ത് ജനാധിപത്യ മര്യാദ ? കണ്ടങ്കാളിയിലും കണ്ണൂരും ജനാധിപത്യം തൽക്കാലം ഇങ്ങനെയൊക്കെയാണ്. സഹിക്കേണ്ടവർ സഹിച്ചാൽ മതി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment