കേരളാ ബജറ്റും പരിസ്ഥിതിയും - അവലോകനം




ഒരു വർഷം മുൻപ് അവതരിപ്പിച്ച കേരള ബജറ്റിൽ ശ്രീ തോമസ്സ് ഐസക്ക് പ്രകടിപ്പിച്ച പ്രകൃതി ദുരന്തത്തെ പറ്റിയുള്ള ആശങ്കയെ എത്രയോ തവണ കവച്ചു വെക്കുന്നതായിരുന്ന 2018 ആഗസ്റ്റിലെ പ്രളയം.സംസ്ഥാന ചരിത്രത്തിലെ  വലിയ ദുരന്തമായി മാറിയ ആഗസ്റ്റ് വെള്ളപ്പൊക്കം മരണത്തിന്റ എണ്ണത്തിലും  നാൽക്കാലികളുടെയും പക്ഷികളുടെയും നാശത്തിലും വീടുകളുടെ (പൂർണ്ണവും, 12333, ഭാഗികവും ,12.20 ലക്ഷം) തകർച്ചയിലും റിക്കാർഡുകൾ ഭേദിച്ചു..തൊഴിൽ നഷ്ടം മാത്രം 4000 കോടി കടന്നു.ആയിരത്തിലധികം ആശുപത്രികൾ, സ്കൂളുകൾ എന്നിവ വെള്ളത്താൽ ഉപയോഗ രഹിതമായി, ഒട്ടുമിക്ക കൃഷികളും നഷ്ടപ്പെട്ടു.ഭൂഘടനക്കു പോലും മാറ്റമുണ്ടായി. മാനസികമായി തകർന്നു പോയവർ നിരവധിയാണ്. സാമ്പത്തിക കണക്കുകളിൽ  നഷ്ടം 40000 കോടി കഴിയും. 


കേരളത്തിന്റെ വികസനത്തെ പറ്റി നിരന്തരമായി വ്യാകുലപ്പെടുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ഒരിക്കൽ പോലും പ്രതീക്ഷിച്ചിട്ടില്ലാത്തത്രയും കോടി രൂപയാണ് വിരലിലെണ്ണാവുന്ന ദിവസത്തെ മഴവെള്ളം മലയാളക്കരയിൽ നിന്നും കവർന്നെടുത്തത്. പ്രളയം ഇത്രയധികം കഷ്ട നഷ്ടങ്ങൾ   ഉണ്ടാക്കും വിധം രൂക്ഷമായതിന്റെ കാരണങ്ങൾ പരിശോധിക്കുമ്പോൾ , അതിന്റെ കാരണക്കാർ വികസനത്തെ  തെറ്റായ വഴികളിലൂടെ നയിക്കുവാൻ ഇഷ്ടപെട്ട നമ്മുടെ രാഷ്ട്രീയ ഉദ്യോഗലോകമാണെന്നു മനസ്സിലാക്കാം അത്തരം  തെറ്റുകൾ തിരുത്താതെ,  പ്രകൃതി സംരക്ഷണം അസാധ്യമായിരിക്കും.


പശ്ചിമഘട്ട മലകൾ ജല സംഭരണത്തിലൂടെ മാത്രം കേരളത്തിനും തൊട്ടടുത്ത സംസ്ഥാനങ്ങൾക്കും നൽകുന്ന സേവനം ലക്ഷം കോടി തുകകൾ കൊണ്ട് വിവരിക്കുവാൻ കഴിയില്ല. വിഷലിപ്തമായ അഴുക്കു ചാലുകൾ (പുഴകൾ ) നിറഞ്ഞ , രോഗ വാഹകരായി മാറിയ നദികളുടെ നാടിനെ  ടൂറിസ്റ്റുകൾ മാനിക്കുകയില്ല . നെൽപ്പാടങ്ങൾ ഇല്ലാതാകുന്നതോടെ, താറുമാറാകുന്ന ഭൂഗർഭ ജലവിതാനം ഭൂമിയെ  മരുഭൂമിയാക്കും. കാവുകൾ ഇല്ലാത്ത, കുളങ്ങൾ പൊട്ടക്കുഴികളായി തീർന്ന പ്രദേശത്തിന് എന്തു പ്രകൃതി രമണീയതയാണ് പങ്കുവെക്കുവാൻ ഉണ്ടാകുക ?


പകർച്ച വ്യാധികൾ വന്നു പോകുന്ന നാട്ടിലേക്ക്  വ്യവസായികൾ പോലും എത്തി നോക്കുകയില്ല.മലയിടിച്ചിലും ഉരുൾപൊട്ടലും വരൾച്ചയും സൂര്യാഘാതവും കടലാക്രമണവും നാടിനെ ഭീഷണിയിലാഴ്ത്തുമ്പോൾ അവിടുത്തെ ജനങ്ങളുടെ മാനവ വിഭവ സൂചിക തകർന്നു വീഴും എന്നു തിരിച്ചറിയുവാൻ കഴിയാത്ത നേതാക്കൾക്ക് (നാടിനെ പോകട്ടെ) സ്വന്തം വീടിന്റെ സുരക്ഷ പോലും സാധ്യമാകില്ല.


സംസ്ഥാന വികസനത്തിന് ദിശാബോധം നൽകേണ്ട ബജറ്റുകൾ ,സാമ്പത്തിക ആസൂത്രണങ്ങളെ പറ്റി വാചാലമാകുമ്പോൾ ആദ്യമായി പരിഗണിക്കേണ്ടത്  ഭൂമിയുടെ സംതുലനത്തെയായിരിക്കണം. സാമ്പത്തിക ആസൂത്രകർക്ക് വർഷങ്ങൾ കൊണ്ട് കണ്ടെത്തുവാൻ കഴിയാത്ത  കോടികൾ, 3.30 കോടി ജനങ്ങൾക്ക് ഏതാനും ദിവസങ്ങൾ കൊണ്ട്  നഷ്ടപ്പെട്ടിരിക്കെ ആ നഷ്ടങ്ങൾ പരിഹരിക്കുക, നഷ്ടം ആവർത്തി ക്കാതിരിക്കുവാൻ പദ്ധതികൾ,പരിസ്ഥിതി സൗഹൃദ വികസന സമീപനങ്ങളെ പ്രത്യേകം പരിഗണിക്കൽ, പരിസ്ഥിതിയെ കൊള്ള ചെയ്യുന്ന (തകർക്കുന്ന) ഖനനം, റിയൽ എസ്റ്റേറ്റ് വ്യവസായം ,ആർഭാട വീടുകൾ, വാഹനങ്ങൾ എന്നിവയുടെ ഉപഭോക്താക്കളെ ശിക്ഷിക്കുവാനും ( നിയന്ത്രിക്കുവാനും) നിരുത്സാഹപ്പെടുത്തുവാനും പദ്ധതികൾ ,ഭക്ഷ്യ വിള കൃഷിക്കാരനെ പ്രത്യേകം പരിഗണിക്കൽ, കാർബൺ രഹിത വ്യവസായം , കാർബൺ രഹിത ജീവിത ശൈലി എന്നിവയെ ബജറ്റ് എത്ര കണ്ട് ഗൗരവതരമായി പരിഗണിച്ചു ?   


ഇത്തരം വിഷയങ്ങളിൽ ശക്തമായ ജനപക്ഷ നിലപാടുകൾ  എടുക്കുവാൻ കഴിയാത്ത ശ്രീ.തോമസ് ഐസക്കിന്റെ പത്താം ബജറ്റ് , കേരളത്തിന്റെ 40000 കോടി നഷ്ടത്തെ  സമയ ബന്ധിതമായി പരിഹരിക്കൽ , പ്രകൃതി ദുരന്തത്തിന്റെ അടിസ്ഥാന രോഗ ലക്ഷണങ്ങൾ , അതിനുള്ള പരിഹാര മാർഗ്ഗങ്ങൾ,(പാരിസ്ഥിതിയെ തകർക്കുന്നവരെ) കുറ്റവാളികളായി പരിഗണിക്കൽ മുതലായ വിഷയങ്ങളോടു മുഖം തിരിച്ചതായി കാണാം .


പ്രളയം ഏറെ തകർത്ത ആലപ്പുഴയെയും (കുട്ടനാട് ) വയനാടിനെയും ഇടുക്കിയേയും രക്ഷിക്കുവാനായി  നിരവധി പദ്ധതികളെ പറ്റി  ബജറ്റിൽ പരാമർശിക്കുന്നു .വരട്ടാർ, കരമനയാർ, വിവിധ കനാലുകൾ എന്നിവയെ പുനരുജ്ജീവിപ്പിക്കുവാൻ സമയബന്ധിത പദ്ധതികൾ ,കടലാക്രമണത്തെ തട ഇടൽ ,(പശ്ചിമഘട്ട ) വന ഭൂമികളുടെ സംരക്ഷണത്തിനായി 280 കോടി രൂപ മാറ്റിവെക്കൽ , വലിയ വീടുകൾക്ക് ചുങ്കം, വൈദ്യുതി ഇന്ധന വാഹനങ്ങളെ പ്രോത്സാഹിപ്പിക്കൽ മുതലായ സർക്കാർ പരിപാടികൾ കേരളത്തിന്റെ തകർന്നു കൊണ്ടിരിക്കുന്ന പ്രകൃതിയെ സംരക്ഷിക്കുവാൻ എത്ര മാത്രം  ഉതകുമെന്ന് പരിശോധിക്കേണ്ടതുണ്ട്.


(തുടരും)

 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment