പ്രകൃതിയെ സംരക്ഷിക്കുമെന്ന് ഉറപ്പുള്ള സ്ഥാനാർത്ഥിക്ക് നൽകാം നമ്മുടെ വോട്ട്




രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പിൽ കേരളം ഇന്ന് വിധി എഴുതാൻ പോളിങ് ബൂത്തിലേക്ക് എത്തുകയാണ്. പോളിങ് ബൂത്തിലെത്തുമ്പോൾ ഏത് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കുമ്പോൾ ഓരോ പ്രബുദ്ധരായ മലയാളിയും നമ്മുടെ പ്രകൃതിയെ കൂടി ഓർത്ത് വേണം ഒരു തീരുമാനമെടുക്കാൻ. പ്രകൃതിയെ സംരക്ഷിക്കാൻ പ്രാപ്‌തനാണോ നാം തെരഞ്ഞെടുക്കുന്ന സ്ഥാനാർത്ഥി, നാം വോട്ട് ചെയ്യുന്ന പാർട്ടി എന്നുകൂടി മുഖവിലക്കെടുക്കേണ്ടത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. പ്രകൃതി വിരുദ്ധ തീരുമാനങ്ങൾ കൈക്കൊള്ളുന്ന ഒരാളെ പാർലമെന്റിലേക്ക് അയക്കുന്നത് നമ്മുടെയൊക്കെ നിലനിൽപ്പിനു തന്നെ ദോഷമാകും.


ലോകം മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം പ്രകൃതി ക്ഷോഭങ്ങളുടെ ഘോഷയാത്രയാണ് കഴിഞ്ഞ കുറച്ച് കായലങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും, കാർബൺ ബഹിർഗമനം വർധിക്കുന്നതും, അന്തരീക്ഷ ചൂട് കൂടുന്നതും എല്ലാം നമ്മൾ വരുത്തിവെക്കുന്ന വലിയ വിനകളാണ്. ഇത്തരം അവസ്ഥയ്ക്ക് നമ്മുടെ ഭരണാധികാരികൾ ചെയ്ത്കൂട്ടിയ വികല വികസന നയങ്ങൾ തന്നെയാണ് മുഖ്യ കാരണവും. അവരുടെ തീരുമാനങ്ങൾ മൊത്തം പ്രകൃതിക്കും ജനങ്ങൾക്കും ഭീഷണിയായിട്ടുണ്ട്. ഉദാഹരണമായി കേരളത്തിൽ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ നടന്ന പ്രളയം നമ്മുടെ ഓർമ്മയിലുണ്ടാകും. 


മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കഴിഞ്ഞ തവണ അധികാരത്തിലേറുമ്പോൾ പ്രകൃതി സംരക്ഷണത്തിനായി ധാരാളം വാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ അധികാരത്തിലേറിയ മോദി ഇതെല്ലാം മറന്നാണ് പ്രവർത്തിച്ചത്. കാർബൺ ബഹിർഗമനം കുറയ്ക്കാൻ ലോക രാഷ്ട്രങ്ങളെല്ലാം തയ്യാറായപ്പോൾ ഇന്ത്യ അതിൽ പിന്നിൽ പോയി. ലോകത്തിലെ ഏറ്റവും മലിന വായുവുള്ള നഗരമായി നമ്മുടെ രാജ്യ തലസ്ഥാനം മാറിയതും അടുത്തകാലത്താണ്. നമ്മുടെ വിരൽ തുമ്പിൽ മഷി പുരട്ടുമ്പോൾ ഈ കാര്യങ്ങൾ കൂടി നാം ഓർക്കേണ്ടതുണ്ട്.


ജമ്മു കാശ്മീർ മുതൽ കേരളം വരെയും, ഗുജറാത്ത് മുതൽ മണിപ്പൂർ വരെയുമുള്ളത്തിന്റെ ഇടക്ക് നിരവധി പ്രകൃതി ക്ഷോഭങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായത്. ഭൂകമ്പം, ഉരുൾപൊട്ടലുകൾ, പ്രളയം, മഞ്ഞ് മലകളുടെ തകർച്ച, കടൽ ക്ഷോഭങ്ങൾ, കാട്ടുതീ എന്നുവേണ്ട എല്ലാത്തരത്തിലുമുള്ള പ്രകൃതി ക്ഷോഭങ്ങൾ നമുക്ക് ഈ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യുമ്പോൾ നമുക്ക് ഓർക്കാം.


വനം കയ്യേറിയവനും, കാട് വെട്ടിത്തെളിച്ചവനും, പുഴ കയ്യേറിയവനും, ഭൂമി തുരന്നവനും, മല ഇടിച്ചവനും ഇതിനെല്ലാം കൂട്ട് നിന്നവരും ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. അവരെല്ലാം പാർലമെന്റിൽ എത്തുന്നത് നമ്മുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകും. അത്തരക്കാരെ മാറ്റി നിർത്താനുള്ളതാകണം നമ്മുടെ വോട്ട്. പ്രകൃതിയുടെ ക്ഷോഭങ്ങൾക്ക് അടിയിൽ പെട്ട് തീരരുത് ഈ നാടും, നമ്മളും. അത്‌കൊണ്ട് പ്രകൃതിക്ക് വേണ്ടിയാകട്ടെ ഈ വോട്ട്,  തീരുമാനം നിങ്ങളുടേതാണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment